കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ കോഴിക്കോട് കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയുടെ വിവരങ്ങൾ പുറത്ത്. കഴിഞ്ഞദിവസം സൺഷെയ്ഡ് തകർന്നുവീണ് നാലുപേരുടെ മരണത്തിലേക്ക് നയിച്ച അപകടം നടന്ന കെട്ടിടം അപകടാവസ്ഥയിലാണെന്ന് കോഴിക്കോട് കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം 2024-ൽ തന്നെ റിപ്പോർട്ട് നൽകിയതിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.

To advertise here,

വലിയങ്ങാടിയിലെ ഈ കെട്ടിടം അപകടാവസ്ഥയിലാണെന്നും ലേലത്തിന് അനുയോജ്യമല്ലെന്നും കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം 2024 ഒക്ടോബർ 30-ന് നൽകിയ റിപ്പോർട്ടിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. എന്നാൽ, ഈ മുന്നറിയിപ്പ് അവഗണിച്ച് ഇതേ കെട്ടിടത്തിലെ കടകൾക്കും ഗോഡൗണുകൾക്കും ലൈസൻസ് പുതുക്കിനൽകാൻ അധികൃതർ തയ്യാറായതാണ് കഴിഞ്ഞദിവസം നാലുപേരുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.

റിപ്പോർട്ട് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നിട്ടും ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കാതെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അനാസ്ഥ കാട്ടി. അപകടസാധ്യത നിലനിൽക്കെത്തന്നെ പുതിയ ഗോഡൗണുകൾക്ക് അനുമതി നൽകിയത് അഴിമതിയും കൃത്യവിലോപവുമാണെന്ന് ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാണിക്കുന്നു.

കെട്ടിടം അപകടകരമാണെന്ന് ബോധ്യപ്പെട്ടിട്ടും അവിടെയുള്ള കടമുറികൾ ഒഴിപ്പിക്കാനോ ലേല നടപടികൾ നിർത്തിവെക്കാനോ കോർപ്പറേഷൻ തയ്യാറായില്ല. പകരം, നിലവിലുള്ള വ്യാപാരികൾക്ക് എല്ലാ വർഷവും ലൈസൻസ് പുതുക്കിനൽകുകയും അവരിൽനിന്ന് കൃത്യമായി വാടക ഈടാക്കുകയും ചെയ്തു.

എൻജിനീയറിങ് വിഭാഗം നൽകിയ റിപ്പോർട്ട് റെവന്യൂ, ധനകാര്യ വകുപ്പുകൾക്കും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്കും കൈമാറിയിരുന്നു. എന്നാൽ, റിപ്പോർട്ട് ലഭിച്ചിട്ടും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ഇതിൽ തുടർനടപടികൾ സ്വീകരിച്ചില്ല.

കെട്ടിടം അൺഫിറ്റ് ആണെന്ന് കണ്ടെത്തിയതിന് ശേഷവും അവിടെ പുതിയ ഗോഡൗണുകൾക്കും കടകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകിയത് കോർപ്പറേഷന്റെ വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇത്തരം നിയമലംഘനങ്ങൾക്ക് പിന്നിലെന്ന് ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നു.

മലബാറിലെ പ്രധാന വ്യാപാരകേന്ദ്രമായ വലിയങ്ങാടിയിൽ കഴിഞ്ഞ ദിവസമാണ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് ബീമും സൺഷെയ്ഡും തകർന്നുവീണ് നാലുപേർ മരിച്ചത്. ഇതിൽ മൂന്നുപേർ ചുമട്ടുതൊഴിലാളികളും ഒരാൾ ലോറിഡ്രൈവറുമാണ്. ഒരാൾക്ക് പരിക്കേറ്റു. കിണാശ്ശേരി മുജാഹിദ് പള്ളിക്ക് സമീപം ബൈത്തുൽഹുദയിൽ വി.വി. അബ്ദുൾ ജബ്ബാർ (59), അത്തോളി കൊളക്കാട് ഹോമിയോ ഡിസ്പെൻസറിക്ക് സമീപം കൊടുവമ്പത്ത് താഴെകുനി അഷ്റഫ് (56), കൊയിലാണ്ടി തിരുവങ്ങൂർ സ്വദേശി കാഞ്ഞിരക്കണ്ടി വിനോദ്(56), ലോറി ഡ്രൈവർ അത്തോളി കൊങ്ങന്നൂർ മല്ലിശ്ശേരിതാഴെ വീട്ടിൽ ബഷീർ (50) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.53-ന് ആയിരുന്നു അപകടം.

കെട്ടിടം ദുർബലമാണെന്നും നടപടിയെടുക്കണമെന്നും മുൻപേ ആവശ്യമുയർന്നിരുന്നു. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം മൂന്നുവർഷംമുൻപ് പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. മുൻപ് പാസ്‌പോർട്ട് ഓഫീസ് ഇവിടെയായിരുന്നു പ്രവർത്തിച്ചിരുന്നത്.