
കോഴഞ്ചേരി: ഒരുവർഷംമുമ്പ് ജില്ലാ ആശുപത്രിയിലെ കുത്തിവെപ്പിനിടെ വീട്ടമ്മയുടെ ദേഹത്ത് സൂചി കുത്തിക്കയറി. ബുധനാഴ്ച ഇതേ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ സൂചിയുടെ പകുതി പുറത്തെടുത്തു. അണുബാധ മാറിയശേഷം ബാക്കിഭാഗം പുറത്തെടുക്കാമെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ വീട്ടമ്മയെ ഡിസ്ചാർജ് ചെയ്തു.
ആറന്മുള ഇടശ്ശേരിമല മണക്കാലിൽ വത്സല(68)യ്ക്കാണ് ദുരിതം അനുഭവിക്കേണ്ടിവന്നത്. ഒരുവർഷം മുമ്പ് പനിയും ഛർദ്ദിലും വയറിളക്കവും ഉണ്ടായതിനെത്തുടർന്ന് വത്സലയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി ഇടുപ്പിന് കുത്തിവെപ്പ് എടുത്തിരുന്നു. അന്നുമുതൽ അവിടെ കല്ലിപ്പ് ഉണ്ടായിരുന്നു. കുത്തിവെച്ചശേഷം തടവി വിടാത്തത് മൂലമാണ് കല്ലിപ്പ് ഉണ്ടായതെന്നാണ് അന്ന് ആശുപത്രി ജീവനക്കാർ വത്സലയോട് പറഞ്ഞത്.
അടുത്തിടെ വേദനകൂടുകയും കുത്തിവെച്ചിടത്ത് പഴുപ്പ് ഉണ്ടാകുകയുംചെയ്തു. എക്‌സറേ എടുത്തപ്പോഴാണ് ഉള്ളിൽ സൂചി ഇരിക്കുന്നതായി കണ്ടത്. ബുധനാഴ്ച ഇവിടെ ശസ്ത്രക്രിയ നടത്തി പകുതിഭാഗം പുറത്തെടുത്തു.
അണുബാധയുടെ പഴുപ്പോടെ വന്നപ്പോൾ, സൂചി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒടിയുകയായിരുന്നുവെന്ന് ആശുപത്രി ആശുപത്രി സൂപ്രണ്ട് ഡോ.നിധീഷ് ഐസക് പറഞ്ഞു. തുടർന്ന് എടുത്ത എക്സ്റേയിൽ രണ്ടായി മാറിയ സൂചി കണ്ടു. അങ്ങനെയാണ് ശസ്ത്രക്രിയചെയ്ത് നീളംകൂടിയ ഭാഗം എടുത്തത്. ചെറിയഭാഗം കുറച്ചുകൂടി ഉള്ളിലാണ്.
അത് എടുക്കാൻ അണുബാധ തടസ്സമായി. അണുബാധ മാറാനുള്ള മരുന്ന് തുടങ്ങിയിട്ടുണ്ട്. അത് മാറിയശേഷം സൂചിയുടെ ബാക്കി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സൂചിയാണെന്നും കുടുങ്ങിയത് ജില്ലാ ആശുപത്രിയിൽനിന്നുതന്നെയാണോ എന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും സൂപ്രണ്ട് പറഞ്ഞു. വത്സലയ്ക്ക് ഇപ്പോഴും കടുത്തവേദനയുണ്ട്. നടക്കാനും ബുദ്ധിമുട്ടാണ്.
Content Highlights: A 68-year-old woman had a needle fragment lodged in her body for a year following an injection., The patient suffered from persistent pain and infection at the injection site., Surgery at Kozhencherry District Hospital successfully removed half of the needle fragment., Hospital authorities state the remaining part will be removed after infection subsides., The hospital superintendent claims it is not confirmed if the needle originated from their facility.
Published: 23 May 2026, 09:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented