കോട്ടയ്ക്കൽ: ഇത്തവണത്തെ ശ്രീകൃഷ്ണജയന്തിക്ക് ഇന്ത്യനൂർ മഹാഗണപതിക്ഷേത്രത്തിൽനിന്നുള്ള ശോഭായാത്രയിലെ പ്രത്യേക ഇനമാണ് ഗോപികാനൃത്തം. കണ്ണനുമുൻപിൽ നൃത്തമാടാൻ ഗോപികമാർക്ക് ചുവടൊരുക്കുകയാണ് കോട്ടയ്ക്കൽ വില്ലൂരിലെ ചെറുശ്ശോല വീട്ടിൽ ശിഹാബ്.

To advertise here,

17 വർഷമായി നൃത്തപരിശീലനരംഗത്തുള്ള ശിഹാബ് ആദ്യമായാണ് ഗോപികാനൃത്തത്തിന് ചുവടൊരുക്കുന്നത്. അദ്ദേഹംതന്നെയാണ് ക്ഷേത്രഭാരവാഹികളോട് ഇത്തവണത്തെ ശോഭായാത്രയ്ക്ക് താൻ ഗോപികാനൃത്തം പഠിപ്പിക്കാമെന്നറിയിച്ചത്. നാട്ടുകാരനായ കലാകാരന്റെ താത്പര്യത്തിന് ഭാരവാഹികൾ സമ്മതം മൂളി. അങ്ങനെ 17 പെൺകുട്ടികൾ പരിശീലനത്തിനൊരുങ്ങി. കോലാട്ടം എന്ന നൃത്തരൂപത്തിലെ ചില ഭാഗങ്ങളെടുത്ത് കൃഷ്ണഭക്തിഗാനവും ചേർത്താണ് നൃത്തം ചിട്ടപ്പെടുത്തിയത്. 20 ദിവസത്തോളമെടുത്തു പരിശീലിപ്പിക്കാനെന്ന് ശിഹാബ് പറഞ്ഞു.

മലപ്പുറം മോഹനനാണ് ഭരതനാട്യത്തിൽ ശിഹാബിന്റെ ഗുരു. പ്രധാനമായും ഒപ്പന പരിശീലകനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 2008-ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ശിഹാബ് പരിശീലിപ്പിച്ച ടീമിന് ഒപ്പനയിൽ ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. പിന്നീടിങ്ങോട്ട് കലോത്സവങ്ങളിലെല്ലാം ഇദ്ദേഹം പരിശീലിപ്പിച്ച ടീമിനാണ് ഒന്നാമത്തെയോ രണ്ടാമത്തേയോ സ്ഥാനങ്ങൾ. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് ശിഹാബ്‌.