
കോട്ടയം: തിരുവാര്‍പ്പിലെ ബസ് ഉടമ രാജ് മോഹനെ സി.ഐ.ടി.യു. നേതാവ് മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ. മേനോന്‍. ഹൈക്കോടതിയുടെ വിധി അനുസരിച്ച് ബസ് ഓടിക്കുന്നതില്‍ സി.ഐ.ടി.യുവിന് പ്രശ്‌നമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ബസ് ഉടമയെ മര്‍ദ്ദിച്ചു എന്നത് ശുദ്ധ കളവാണ്. അങ്ങനെ ഒരു വിഷയം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികള്‍ വന്ന് ബസ് ഓടിക്കുന്നതിലോ പോലീസ് സംരക്ഷണം കൊടുക്കുന്നതിലോ യാതൊരു പ്രശ്‌നവും ഇവിടെയില്ല. സമരം പിന്‍വലിച്ചിട്ടില്ല. യഥാര്‍ത്ഥ പ്രശ്‌നം കോട്ടയം ജില്ലയിലെ എല്ലാ ബസ് ഉടമകളും അംഗീകരിച്ച കൂലി വ്യവസ്ഥ നടപ്പാക്കില്ലെന്ന ധാര്‍ഷ്ട്യത്തിലാണ് ഉടമ നടക്കുന്നത് എന്നതാണ്. തൊഴിലാളി- തൊഴിലുടമ പ്രശ്‌നത്തില്‍ നിന്ന് മാറി ഇതൊരു രാഷ്ട്രീയ വിഷയമാക്കാനാണ് ബസ് ഉടമ ശ്രമിക്കുന്നതെന്നും അജയന്‍ കെ. മേനോന്‍ ആരോപിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രിയേയും സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേയും ആക്ഷേപിച്ച് പ്രകോപനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. തിരുവാര്‍പ്പില്‍ ഒരു ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കി ബോധപൂര്‍വ്വം വിഷയങ്ങള്‍ ഉണ്ടാക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയായിട്ടാണ് സമരത്തെ സി.ഐ.ടി.യു. കാണുന്നത്. കേവലം ഒരു തൊഴില്‍ പ്രശ്‌നമായിട്ടല്ല കാണുന്നത്. കോട്ടയം ജില്ലയിലെ മറ്റ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാകണം എന്നാണ് സി.ഐ.ടി.യുവിന്റെ ആവശ്യം. തൊഴിലാളികള്‍ സി.ഐ.ടി.യുവില്‍ അംഗത്വം എടുത്തു എന്നതുകൊണ്ട് മാത്രം ശമ്പളം വര്‍ധിപ്പിക്കാതിരിക്കുന്നത് ശരിയല്ല. പ്രശ്‌നം പരിഹരിക്കാന്‍ ബസ്സുടമയ്ക്ക് യാതൊരു താല്‍പര്യവും ഇല്ലെന്നാണ് സി.ഐ.ടി.യു. മനസ്സിലാക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.
കഴിഞ്ഞ ശനിയാഴ്ച തൊഴില്‍ തര്‍ക്കതെത്തുടര്‍ന്ന് തിരുവാര്‍പ്പ്- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസില്‍ സി.ഐ.ടി.യു. കൊടി കുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സംരംഭകനും വിമുക്തഭടനും കൂടിയായ രാജ് മോഹന്‍ ബസിന് മുന്നില്‍ ലോട്ടറി വില്‍പ്പന ആരംഭിച്ചിരുന്നു. രാജ് മോഹന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പോലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താന്‍ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ഇത് വെല്ലുവിളിച്ച് സി.ഐ.ടി.യു- സി.പി.എം. നേതാക്കള്‍ രംഗത്തെത്തി. കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞദിവസം സി.ഐ.ടി.യു. നേതാക്കള്‍ അനുവദിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ 6.40-ന് സര്‍വീസ് നടത്താന്‍ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സി.പി.എം. നേതാക്കള്‍ തടഞ്ഞു. ഇവരെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തി. ഞങ്ങള്‍ കുത്തിയ ചെങ്കൊടി അഴിച്ചിട്ട് ധൈര്യമുണ്ടെങ്കില്‍ ബസ് എടുക്കെന്നായിരുന്നു നേതാക്കള്‍ വെല്ലുവിളിച്ചത്.

അതേസമയം, ബസ് ഉടമയെ മര്‍ദിച്ച സി.പി.എം. ജില്ലാനേതാവ് അജയ്‌യെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നടപടി ആവശ്യപ്പെട്ട് ബസ് ഉടമയ്ക്ക് പിന്തുണയുമായി ബി.ജെ.പി. പ്രവര്‍ത്തകരും എത്തി. ഇവര്‍ കുമരകം പോലീസ് സ്‌റ്റേഷനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. തന്നെ മര്‍ദിച്ച ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി നാടുകടത്തണമെന്ന് രാജ് മോഹന്‍ ആവശ്യപ്പെട്ടു. സി.ഐ.ടി.യുവിനെതിരെ കോടതി അലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്നും രാജ് മോഹന്‍ വ്യക്തമാക്കി.
'ഞാന്‍ ബെംഗളൂരു ഐ.ഐ.എമ്മിലെ ബിരുദധാരിയാണ്. ഇവരോടൊന്നും വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഒരു തെറ്റുംചെയ്തിട്ടില്ല. ഒരു വ്യവസായം ചെയ്ത് 15 പേര്‍ക്ക് തൊഴില്‍കൊടുക്കുന്നു. തന്റെ മറ്റ് ബസിലെ തൊഴിലാളികള്‍ എല്ലാം പലായനം ചെയ്തിരിക്കുകയാണ്. അവരൊന്നും വീടുകളില്‍ ഇല്ല. ആ പാവപ്പെട്ടവരെ സംരക്ഷിക്കണം. അവരെ കൊല്ലരുത്. എന്നെ വഴിയില്‍ ആക്രമിക്കാമെങ്കില്‍ എന്റെ പാവം പിടിച്ച തൊഴിലാളികളെ അവര്‍ കൊന്നുകളയും. അവരുടെ സംരക്ഷണവും കൂടെ കോടതി ഉത്തരവ് പ്രകാരം പോലീസ് ഏറ്റെടുക്കണം എന്നാണ് പറയാനുള്ളത്. ഈ സമരം ഇനിയും മുന്നോട്ട് പോവും. പോലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്കും ജീവിക്കേണ്ടേ. ഇവിടെ ഗുണ്ടാരാഷ്ട്രീയമാണ്. തന്നെ മര്‍ദിച്ച അജയ്‌യെ നാടുകടത്തണം. ഇദ്ദേഹം ആരെയൊക്കെ വിളിച്ച് എന്തെല്ലാം ഗൂഢാലോചന നടത്തിയെന്ന സന്ദേശങ്ങള്‍ എല്ലാം അന്വേഷിക്കണം. തിരുവാര്‍പ്പ് പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ കൂടിയാണ് ഇദ്ദേഹം. തിരഞ്ഞെടുത്ത ജനങ്ങളോടും എനിക്ക് നല്ല നമസ്‌കാരം', രാജ് മോഹന്‍ പറഞ്ഞു.
Content Highlights: kottayam thiruvarppu panchayat president ajayan k menon vettikulangara bus owner citu attack
Published: 25 Jun 2023, 11:48 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented