പാലക്കാട്: സനാദിന്റെ വീടിനുമുന്നിലെ ഒറ്റമുറിയിലാണ് 12 വർഷമായി ജൂവലറി പ്രവർത്തിക്കുന്നത്. ഉടമ ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്കു പോയ സമയത്താണ് മോഷ്ടാക്കളെത്തിയത്. ജൂവലറിയിലുണ്ടായിരുന്ന ജീവനക്കാരികളോട് ഇവർ ഉടമയെ അന്വേഷിച്ചു. രണ്ടു ജീവനക്കാരിലൊരാൾ സനാദിനെ വിളിക്കാൻ പോയി. സനാദിന്റെ ഭാര്യ ശ്രീവിദ്യ ജൂവലറിയിലെത്തിയപ്പോഴേക്കും മോഷ്ടാക്കളിലൊരാൾ തോക്കുചൂണ്ടി.

To advertise here,

മറ്റു രണ്ടുപേർ പാന്റ്‌സിന്റെ പോക്കറ്റിലും അരയിലുമായി സൂക്ഷിച്ചിരുന്ന കത്തികളെടുത്തു വീശി. ഇതോടെ നിലവിളിച്ച ജീവനക്കാരികളും ശ്രീവിദ്യയും സ്റ്റൂളുകളും മറ്റും ഉപയോഗിച്ച് മോഷ്ടാക്കളെ പ്രതിരോധിക്കാൻ നോക്കി. ഇതിനിടെ മോഷ്ടാവ് തോക്ക് മുകളിലേക്കുയർത്തി വെടിയുതിർത്തു.

ശബ്ദംകേട്ടെത്തിയ സനാദും മകനും മോഷ്ടാക്കളെ പ്രതിരോധിക്കാൻ നോക്കിയെങ്കിലും അഞ്ചു ട്രേകളിലായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും മറ്റുചില ട്രേകളിൽ സൂക്ഷിച്ചിരുന്ന സ്വർണമാലകളും അവർ കൈക്കലാക്കി. വന്ന കാറിൽത്തന്നെ അതിവേഗം രക്ഷപ്പെട്ടു.

മോഷ്ടാക്കൾ ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്ന് ജൂവലറിയിലെ ജീവനക്കാരി ബിബിത പറഞ്ഞു. ഡിവൈ.എസ്.പി. കെ.സി. വിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെത്തേടി കോയമ്പത്തൂരിലെത്തി. ചിറ്റൂർ, കൊഴിഞ്ഞാമ്പാറ സ്റ്റേഷനുകളിലെ പോലീസ് സംഘവും ക്രൈം സ്‌ക്വാഡും കോയമ്പത്തൂർ, പഴനി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വ്യാഴാഴ്ച രാത്രി തിരച്ചിൽ നടത്തി.

ജില്ലാ പോലീസ് മേധാവി അബ്ദുൾ റാഷി, വിരലടയാളവിദഗ്ധർ, ബാലിസ്റ്റിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി. വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ ജൂവലറിയിൽനിന്ന് പോലീസ് കണ്ടെടുത്തു.

പിന്നിൽ കൃത്യമായ ആസൂത്രണം

പെരിങ്ങോട്ടുകുറിശ്ശിയിൽ ജൂവലറിയിൽ നടന്ന മോഷണത്തിനുപിന്നിൽ കൃത്യമായ ആസൂത്രണമുള്ളതായി പോലീസ് സംശയിക്കുന്നു. ഉടമ കെ.വി. സനാദ് ഉച്ചഭക്ഷണത്തിനുപോയ സമയത്താണ് മോഷ്ടാക്കളെത്തിയത്. കോട്ടായി-പെരിങ്ങോട്ടുകുറുശ്ശി റോഡിൽനിന്ന് 200 മീറ്ററോളം മാറി അടുത്തുടുത്ത് വീടുകളുള്ള സ്ഥലത്താണ് ജൂവലറി പ്രവർത്തിച്ചിരുന്നത്.

ഇവിടെ ആൾത്തിരക്കുണ്ടാകാറില്ലാത്ത സമയമായിരുന്നു ഇത്. 120 സെക്കൻഡിനുള്ളിൽ മോഷണം നടത്തി സംഘം കടന്നുകളഞ്ഞു. 2.37 കഴിഞ്ഞ് 54 സെക്കൻഡ് ആയപ്പോഴാണ് സംഘം ജൂവലറിക്കുള്ളിലെത്തിയത്. 2.39 കഴിഞ്ഞ് 54 സെക്കൻഡ് ആയപ്പോഴേക്കും മോഷണം നടത്തി സംഘം പുറത്തെത്തി. മുഖംപോലും മറയ്ക്കാതെയാണ് സംഘമെത്തിയത്.

ഒരാൾ മുഴുക്കൈ ടീ-ഷർട്ടും പാന്റ്‌സും തൊപ്പിയും മറ്റൊരാൾ അരക്കൈ ടീ-ഷർട്ടും പാന്റ്‌സും ധരിച്ചിരുന്നു. ഇവരാണ് കത്തിവീശിയത്. നടുവിലെയാൾ ഓവർകോട്ടും വട്ടത്തൊപ്പിയും ധരിച്ചിരുന്നു. ഇയാളാണ് തോക്കുചൂണ്ടി വെടിയുതിർത്തത്. ഇതിനിടെ മറ്റുരണ്ട് മോഷ്ടാക്കൾ മുന്നിലെ ചില്ലുകൂട്ടിലും ചുമരിലെ തുറസ്സായ അലമാരയിലും സ്വർണാഭരണങ്ങൾ വെച്ചിരുന്ന ട്രേകൾ എടുത്തു.

ചില്ലുവാതിൽ തുറന്ന് രക്ഷപ്പെടാൻ നോക്കി. ഇതിനിടെ ഒരു ട്രേ ഇവരുടെ കൈയിൽനിന്നും താഴെവീണു. പിടിവലിക്കിടെ മോഷ്ടാക്കളിൽ ഒരാളുടെ കൈമുറിഞ്ഞ് രക്തത്തുള്ളികൾ ജൂവലറിക്കുള്ളിൽ വീണു. ദൃശ്യങ്ങളെല്ലാം ജൂവലറിയിലെ സിസിടിവിയിൽ പതിഞ്ഞു.

മോഷ്ടാക്കൾ വന്ന കാർ അപ്പോഴേക്കും വീടിനുമുന്നിൽ സ്റ്റാർട്ടാക്കി നിർത്തിയിരുന്നു. അപ്പോഴേക്കും തൊട്ടടുത്ത വീട്ടിലെ ഹനീഫയും മകൻ കുഞ്ഞുമുഹമ്മദും ശബ്ദംകേട്ട് ഓടിയെത്തി. പന്തികേടുതോന്നിയ കുഞ്ഞുമുഹമ്മദ് കൈയിൽകിട്ടിയ ഇഷ്ടികക്കഷണം മോഷ്ടാക്കളുടെ കാറിനുനേരെ എറിഞ്ഞു. ഏറിൽ കാറിന്റെ പിൻഗ്ലാസുകൾ പൊട്ടിയതായി ഇവർ പറയുന്നു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സംശയിക്കുന്നത് രണ്ട് സാധ്യതകൾ

മോഷണത്തെക്കുറിച്ച് പോലീസ് സംശയിക്കുന്നത് രണ്ട് സാധ്യതകളാണ്. പ്രധാനറോഡിൽ നിന്ന് മാറിയുള്ള വീട്ടിൽ നടത്തുന്ന ജൂവലറിയെക്കുറിച്ച് കൃത്യമായി അറിവുള്ളരായിരുന്നു മോഷ്ടാക്കളെന്നും ഇവർ ഇവിടം നേരത്തേതന്നെ സന്ദർശിച്ചിട്ടുണ്ടെന്നുമാണ് ഒന്ന്.

അല്ലെങ്കിൽ പ്രാദേശികമായ കൃത്യമായ സഹായം മോഷ്ടാക്കൾക്ക് ലഭിച്ചിട്ടുണ്ട്. മോഷണത്തിന്റെ രീതിവെച്ച് ഇവർ സ്ഥിരംകുറ്റവാളികളാണെന്ന സൂചനയാണ് ലഭിക്കുന്നത്.

ഞെട്ടലിൽ നാട്ടുകാർ

പെരിങ്ങോട്ടുകുറുശ്ശി: കുന്നത്തുപറമ്പ് ഇഷാൻ ഗോൾഡ് ജൂവലറിയിൽ പട്ടാപ്പകൽ നടന്ന കവർച്ചയുടെ ഞെട്ടലിലാണ് പ്രദേശവാസികളും നാട്ടുകാരും. പെരിങ്ങോട്ടുകുറുശ്ശിയിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവമെന്ന് നാട്ടുകാർ പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40-ഓടെയാണ് മൂന്നംഗസംഘം ജൂവലറിയിലെത്തി ജീവനക്കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നത്.

കവർച്ചയ്ക്കുശേഷം സ്വർണവുമായി കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സമീപവാസികളായ മുഹമ്മദ് ഹനീഫയും മകൻ കുഞ്ഞുമുഹമ്മദും സംഭവം കണ്ടത്. ഇരുവരും കവർച്ചസംഘത്തെ തടയാൻ ഓടിയെത്തി. സംഘം കാർ അതിവേഗത്തിൽ മുന്നോട്ടെടുക്കുകയായിരുന്നു. ഇതിനിടെ കുഞ്ഞുമുഹമ്മദ് കൈയിൽക്കിട്ടിയ ഇഷ്ടികക്കഷണമെടുത്ത് എറിഞ്ഞു.

ഏറിൽ കാറിന്റെ വശത്തെ ചില്ല് തകർന്നെങ്കിലും സംഘം നിർത്താതെ രക്ഷപ്പെട്ടു. പ്രദേശത്ത് ഉച്ചസമയത്ത് ആളൊഴിഞ്ഞ അവസ്ഥയാണെന്ന് മുഹമ്മദ് ഹനീഫ പറഞ്ഞു. കവർച്ചസംഘം കാറിൽ രക്ഷപ്പെടുന്നത് തടയാൻ പരമാവധി ശ്രമിച്ചെങ്കിലും അതിവേഗത്തിൽ വാഹനം ഓടിച്ചുപോയതിനാൽ പിടികൂടാനായില്ല.

12 വർഷമായി ജൂവലറി നടത്തിവരുന്ന ഉടമ കെ.വി. സനാദിനും സംഭവം വലിയ ഞെട്ടലായി. ഇത്തരമൊരു കവർച്ച ആദ്യമായാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.