താമരശ്ശേരി: ഇരുപതുകാരിയെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒട്ടേറെത്തവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ദളിത് പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്. സംഭവത്തിൽ രണ്ട് സ്വകാര്യബസ് ജീവനക്കാരെ താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തു.
കോഴിക്കോട്-അടിവാരം റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവർ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ വീട്ടിൽ കെ.കെ. അനീഷ് എന്ന കുട്ടൻ (38), ക്ലീനർ വെസ്റ്റ് കൈതപ്പൊയിൽ പുഴക്കുന്നുമ്മൽ വീട്ടിൽ പി.എസ്. സജിത്ത് എന്ന അക്കു(24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏപ്രിലിൽ സ്ഥാപനത്തിൽനിന്ന് നരിക്കുനി ബസ്സ്റ്റാൻഡിലേക്ക് നടന്നുപോകവേയാണ് യുവതി ആദ്യമായി പീഡനത്തിനിരയായത്. പിതാവിന്റെ പരിചയക്കാരായ പ്രതികൾ കാറിലെത്തി റോഡരികിൽവെച്ച് എന്തോ നൽകി മയക്കി കാറിൽ കയറ്റിക്കൊണ്ടുപോയെന്നും, പിന്നീട് ഒരു ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നുമാണ് പോലീസിന് നൽകിയ മൊഴി.
തുടർന്ന്, നരിക്കുനി ബസ്സ്റ്റാൻഡിൽ ഇറക്കിവിട്ടു. അതിനുശേഷം നഗ്നഫോട്ടോയും വീഡിയോയും എടുത്തത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബസിൽ കയറ്റിക്കൊണ്ടുപോയശേഷം പലതവണയായി പീഡിപ്പിക്കുകയുമായിരുന്നു.
അടിവാരത്തിന്റെ പരിസരപ്രദേശങ്ങളിലും ഒന്നാംവളവിന് സമീപത്തെ ആൾപ്പെരുമാറ്റം കുറവുള്ള ഒരു പ്രദേശത്തും ബസ് നിർത്തി ഷട്ടർ താഴ്ത്തിയശേഷം ഇരുവരും ചേർന്ന് പല ദിവസങ്ങളിലായി ബലാത്സംഗം ചെയ്തതായാണ് പെൺകുട്ടിയുടെ മൊഴി. ഇരുവർക്കുപുറമേ പെൺകുട്ടിക്ക് കണ്ടാലറിയാവുന്ന ചിലരും പീഡിപ്പിച്ചെന്നാണ് സൂചന.
ലൈംഗികപീഡനവും മാനസികപീഡനവും സഹിക്കവയ്യാതെ പെൺകുട്ടി ആദ്യം കൊടുവള്ളി പോലീസിലും പിന്നീട് കാക്കൂർ പോലീസിലും പരാതിയുമായെത്തി. സംഭവത്തിൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് താമരശ്ശേരി ഡിവൈ.എസ്.പി. കെ.എ. ബോസ് അറിയിച്ചു.
Content Highlights: A Dalit woman was repeatedly gang-raped by two private bus employees who threatened to circulate her nude images; the accused have been arrested by the Thamarassery police. The initial assault occurred in April when the woman was drugged and taken to a lodge by the accused, who were acquaintances of her father, and subsequently blackmailed with photos and videos. The victim reported the sexual and mental abuse to the police, leading to an ongoing investigation to determine if more individuals were involved.
Published: 28 Nov 2026, 09:42 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented