കോട്ടയം: കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രി കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവം നമ്മുടെ സംവിധാനങ്ങളുടെയും അധികൃതരുടെയും അനാസ്ഥയിലേക്കും അലസതയിലേയ്ക്കുമാണ് വിരൽചൂണ്ടുന്നതെന്ന വിമർശനം ശക്തമാകുന്നു. രാവിലെ 10.30-ന് കെട്ടിടം തകര്‍ന്നുവീണെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ബിന്ദു (52)വിനെ പുറത്തെടുക്കുന്നത് ഒരുമണിയോടെയാണ്. തിരച്ചില്‍ പോലും തുടങ്ങിയത് രണ്ട് മണിക്കൂറിന് ശേഷമാണെന്ന് അറിയുമ്പോഴാണ് നഷ്ടപ്പെടുത്തിയ സമയത്തിന് ജീവന്റെ വില നല്‍കേണ്ടി വന്നില്ലേ എന്ന ചോദ്യം ഉയരുന്നത്. ഉപയോഗിക്കാത്ത കെട്ടിടമാണെന്ന വിശദീകരണവും ആ ഉറപ്പില്‍ ആദ്യഘട്ടത്തില്‍ ആരും പരിശോധിക്കാന്‍ പോലും മെനക്കെടാതിരുന്നതും ഈ ദുരന്തത്തിന് കാരണമാണ്. രണ്ടര മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടയില്‍ കിടന്ന ബിന്ദുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സമയത്തിന് രക്ഷാപ്രവര്‍ത്തനം നടത്തി, വൈദ്യസഹായം ലഭ്യമാക്കിയിരുന്നെങ്കില്‍ ഒരു ജീവന്‍ ഒരുപക്ഷേ നഷ്ടപ്പെടില്ലായിരുന്നെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

To advertise here,

നിലവില്‍ ഉപയോഗത്തിലില്ലാത്ത, ആളൊഴിഞ്ഞ കെട്ടിടമാണെന്നതിനാല്‍ പരിക്കുകളോടെ കണ്ടെത്തിയ മൂന്നുപേരൊഴികെ വേറെയാരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു ആദ്യമുണ്ടായിരുന്ന ധാരണ. എന്നാല്‍, അമ്മയെ കാണാനില്ലെന്നും ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും മകള്‍ അറിയിച്ചതോടെയാണ് കെട്ടിടത്തിനുള്ളില്‍ ബിന്ദു കുടുങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലേക്ക് പോലീസും രക്ഷാപ്രവര്‍ത്തകരും എത്തിയത്. തുടര്‍ന്ന് 12.30-ഓടെയാണ് അവശിഷ്ടങ്ങള്‍ മാറ്റാനുള്ള ഹിറ്റാച്ചി സ്ഥലത്തെത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. ഒരുമണിയോടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പുറത്തെടുത്ത് അല്‍പ സമയത്തിനകമാണ് ബിന്ദു മരിച്ചത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. 

ബിന്ദുവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേക്കാമായിരുന്ന, വിലപ്പെട്ട രണ്ടുമണിക്കൂറാണ് ജാഗ്രതക്കുറവുമൂലം നഷ്ടമായത്. അപകടം നടന്ന അരമണിക്കൂറിനകം മന്ത്രി വി.എന്‍ വാസവനും വീണാ ജോര്‍ജും അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥയുണ്ടായി. ഉപയോഗിക്കുന്ന കെട്ടിടമല്ലെന്നും കൂടുതല്‍ ആര്‍ക്കും അപകടത്തില്‍ അപായം സംഭവിച്ചിട്ടില്ലെന്നും ഉറപ്പിച്ച് പറയുകയാണ് ആദ്യഘട്ടത്തില്‍ മന്ത്രിമാര്‍ ചെയ്തത്. അത് രക്ഷാദൗത്യം പോലും വൈകിച്ചു. പഴയ കെട്ടിടമായതിനാലും വാര്‍ഡുകള്‍ അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്ന എന്ന അറിവില്‍ ആരും അവിടെ എത്താനിടയില്ലെന്ന നിഗമനത്തിലേക്ക് വളരെ വേഗം എല്ലാവരും എത്തി. അപകടം നടന്ന സ്ഥലത്തുവെച്ചും ആരോഗ്യമേഖലയില്‍ പ്രകടമായ വികസനത്തേക്കുറിച്ച് വാചാലരാകാനാണ് മന്ത്രിമാര്‍ ശ്രമിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.

ഇടിഞ്ഞുവീണത് ആരും ഉപയോഗിക്കാത്ത കെട്ടിടമാണെന്നായിരുന്നു വി.എന്‍. വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് ഉപയോഗശൂന്യമായ കെട്ടിടമാണെന്നും വാര്‍ഡ് തൊട്ടപ്പുറത്താണെന്നും സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ് തകര്‍ന്നതെന്നും മന്ത്രി പറഞ്ഞു. പുതിയ കെട്ടിടം പണിതുകഴിഞ്ഞെന്നും രോഗികളുടെ കൂട്ടിരിപ്പുകാര്‍ പഴയ കെട്ടിടത്തിന്റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് മൂന്നുപേര്‍ക്ക് പരിക്കേറ്റതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. 

അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്നും ഇത് ആരും ഉപയോഗിക്കുന്നില്ലെന്നുമായിരുന്നു മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. കിഫ്ബിയില്‍നിന്ന് അനുവദിച്ച പണംകൊണ്ട് നിര്‍മിച്ച കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായെന്നും പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞിരുന്നു. ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്നും ഈ ഭാഗത്തെ മുറികള്‍ പൂര്‍ണമായും ഉപയോഗിച്ചിരുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടികെ ജയകുമാറും പ്രതികരിച്ചിരുന്നു.

എന്നാല്‍, മന്ത്രിമാരുടെയും ആശുപത്രി സൂപ്രണ്ടിന്റെയും വാദങ്ങള്‍ തള്ളുന്ന പ്രതികരണമാണ് രോഗികളും കൂട്ടിരിപ്പുകാരും നടത്തിയത്. തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയം ഉപയോഗിക്കാറുണ്ടെന്നും ഇതിനായി ആളുകള്‍ ഇവിടെവരാറുണ്ടെന്നുമാണ് ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ പറയുന്നത്. കെട്ടിടം പൂട്ടിയിരുന്നില്ല. അപകടസാധ്യത സംബന്ധിച്ച മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നും ഇവരുടെ പ്രതികരണത്തില്‍നിന്ന് വ്യക്തമാണ്. കെട്ടിടത്തിന്റെ മറ്റൊരുഭാഗത്ത് വാര്‍ഡുകളും അവിടെ രോഗികളും ഉണ്ടായിരുന്നു. അപകടശേഷമാണ് അവരെ ആ കെട്ടിടത്തിൽനിന്ന് മാറ്റാൻ ശ്രമമുണ്ടായത്.

തകര്‍ച്ചയിലായ കെട്ടിടം സമയത്ത് പൊളിച്ചുമാറ്റാതിരുന്നത് മാത്രമല്ല, കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം നടക്കാതിരുന്നതും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ഇത്രയധികം ആളുകളെത്തുന്ന മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണിട്ടും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ല എന്ന ഉറപ്പുവരുത്താന്‍ പോലീസിനും ആശുപത്രി അധികൃതര്‍ക്കും സാധിച്ചില്ല. അതാണ് കുടുങ്ങിടന്ന സ്ത്രീയെ പുറത്തെടുക്കുന്നതിന് രണ്ടര മണിക്കൂര്‍ വൈകാന്‍ ഇടയാക്കിയത്.

ആരോഗ്യമേഖലയിലെ വീഴ്ചകളും ഫണ്ടിന്‍റെ അപര്യാപ്തതയുമെല്ലാം ചർച്ചകളും വിവാദങ്ങളുമുയർത്തുമ്പോഴാണ് ഇപ്പോഴത്തെ സംഭവവും. കേരളത്തിന്‍റെ ആരോഗ്യമേഖലയിലെ വികസനത്തേക്കുറിച്ച് ആവർത്തിച്ചുപറഞ്ഞ് വിമർശനങ്ങളെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും  പരിശ്രമിക്കുന്നതിനിടയിലാണ് ജീർണാവസ്ഥയിലായ കെട്ടിടം തകർന്നുവീണ് ഒരു കുടുംബനാഥയ്ക്ക് ജീവൻ നഷ്ടമായത്. ഒരുപക്ഷേ, രക്ഷപ്പെടുത്താനാവുമായിരുന്ന ഒരു ജീവന്‍ നമ്മുടെ സംവിധാനത്തിന്റെ അപാകതകൊണ്ടും അലസതകൊണ്ടും നഷ്ടമായെന്ന ആരോപണത്തിന് മൂർച്ച കൂടുന്നതും ഈ പശ്ചാത്തലത്തിലാണ്.