കറുകച്ചാല്‍(കോട്ടയം): ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ഒരുമാസത്തിലേറെയായി ചികിത്സയില്‍ കഴിയുകയാണ് നെടുങ്ങാടപ്പള്ളി നെടുംപാറയില്‍ രഞ്ജിത്ത് (27). പല കാര്യങ്ങളും ഓര്‍ത്തെടുക്കാന്‍പോലും കഴിയുന്നില്ല. മകനെ ഇടിച്ച കാര്‍ കണ്ടെത്താനായി അച്ഛന്‍ എന്‍.എന്‍.രാജന്‍ അന്നുമുതല്‍ നെട്ടോട്ടത്തിലാണ്.

To advertise here,

കറുകച്ചാല്‍ പോലീസിലും ചങ്ങനാശ്ശേരി ഡിവൈഎസ്പി ഓഫീസിലും ആദ്യം പരാതിനല്‍കി. നടപടിയുണ്ടാകാതെ വന്നപ്പോള്‍ കഴിഞ്ഞ 23-ന് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇടിച്ച കാര്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. കൂലിപ്പണിക്കാരനായ രാജന്‍ മകന്റെ ചികിത്സയ്ക്കായി ഒരുലക്ഷം രൂപയോളം ഇതുവരെ ചെലവഴിച്ചു. ഇടയ്ക്കിടെ പോലീസ് സ്റ്റേഷനിലെത്തി വിവരം തിരക്കുമ്പോഴും അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയതായി ഇദ്ദേഹം പറയുന്നു.

ഹൃദ്രോഗിയായ രാജനും രണ്ടുവര്‍ഷത്തോളമായി ചികിത്സയിലാണ്. കറുകച്ചാലിലെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു രഞ്ജിത്ത്. ജോലിക്കുശേഷം ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.

രാജന്‍ സംസാരിക്കുന്നു

? അപകടം ഉണ്ടായത് എന്നാണ്

= മേയ് ഒന്‍പതിന് വൈകീട്ട് 6.50-ന് കറുകച്ചാലില്‍നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുമ്പോള്‍ പഞ്ചായത്ത് ജങ്ഷന് സമീപത്തുവെച്ചാണ് രഞ്ജിത്തിന്റെ ബൈക്കില്‍ എതിരേവന്ന കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ നാട്ടുകാരാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ കറുകച്ചാല്‍ ഭാഗത്തേക്ക് ഓടിച്ചുപോയി.

? രഞ്ജിത്തിന്റെ പരിക്ക് എങ്ങനെ

= തലയ്ക്കാണ് കൂടുതല്‍ പരിക്കേറ്റത്. തലയോട്ടിക്ക് പൊട്ടലുണ്ട്. രക്തസ്രാവവും ഉണ്ടായിരുന്നു. തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചിരുന്നു. 20 ദിവസം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ ഓര്‍മ്മക്കുറവാണ്. പഴയ കാര്യങ്ങള്‍ പലതും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.

? നിലവിലെ സ്ഥിതി എങ്ങനെയാണ്

= ഇപ്പോള്‍ വീട്ടിലാണുള്ളത്. പലപ്പോളും അബോധാവസ്ഥയിലായിരിക്കും. തുടര്‍പരിശോധനയ്ക്കായി ആഴ്ചതോറും മെഡിക്കല്‍കോളേജില്‍ കൊണ്ടുപോകണം. അമ്മ ലതയാണ് എപ്പോഴും പരിചരിക്കുന്നത്. ഇതുവരെ ഒരുലക്ഷം രൂപയോളം ചെലവുണ്ട്.

? പോലീസ് എന്താണ് പറയുന്നത്

= കറുകച്ചാല്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. സമീപത്തെ കടകളില്‍ നിന്നു ക്യാമറാദൃശ്യങ്ങള്‍ ശേഖരിച്ചപ്പോള്‍ ചുവന്ന സൈലോ കാറാണ് ഇടിച്ചതെന്ന് കണ്ടെത്തി. എന്നാല്‍, കാറിന്റെ നമ്പര്‍ വ്യക്തമായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഇതാണ് വാഹനം കണ്ടെത്താന്‍ തടസ്സമെന്ന് പറയുന്നു. കഴിഞ്ഞ ദിവസവും സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു.