കോട്ടയം: കനത്ത മഴയിൽ വൻ തോതിൽ നാശനഷ്ടങ്ങളുണ്ടായ ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലകളിൽ അടിയന്തര ദുരന്തനിവാരണ നടപടികൾ സ്വീകരിക്കാൻ ജില്ലയുടെ ചുമതലയുള്ള ജലവിഭവ- ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

To advertise here,

പൂഞ്ഞാർ തെക്കേക്കരയിൽ പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു കുടുംബത്തിന് സർക്കാർ സംരക്ഷണം ഉറപ്പാക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽതന്നെ ഇതു സംബന്ധിച്ച് തീരുമാനമെടുക്കാൻ നടപടികൾ സ്വീകരിക്കും. നഷ്ടമുണ്ടായ വ്യാപാരികൾക്കും അർഹമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിലെ ദുരന്തങ്ങളിലെ നഷ്പപരിഹാരത്തുക കിട്ടാനുള്ളവർക്ക് അത് നൽകാൻ നടപടിയുണ്ടാകും.

ദുരന്തബാധിതരെയും ദുരന്ത സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെയും അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി.  ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ഇതിനു ചെലവാകുന്ന തുക ജില്ലാ കളക്ടർ വഴി സർക്കാർ നൽകും. ദുരിത ബാധിതർക്ക് സൗജന്യ റേഷൻ നൽകുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈരാറ്റുപേട്ടയിൽ പ്രത്യേക കൺട്രോൾ റൂം തുറക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

ദുരിത ബാധിതരായ കർഷകരുടെയും വ്യാപാരികളുടെയും ബാങ്ക് ലോണുകൾക്ക് ആറു മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കുന്നത് പരിഗണിക്കണമെന്നും നഷ്ടപരിഹാരം അടിയന്തരമായി ലഭ്യമാക്കണമെന്നും ആന്റോ ആന്റണി എംപി യോഗത്തിൽ ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് എമർജൻസി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന് രൂപം നൽകണം. ഈരാറ്റുപേട്ടയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധ പ്രവർത്തകർക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കണം - അദ്ദേഹം നിർദ്ദേശിച്ചു.

പോലീസും റവന്യൂ അധികൃതരും ജനപ്രതിനിധികളും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനും ജനങ്ങൾ തയ്യാറാകണമെന്ന് എം.ജെ. സെബാസ്റ്റ്യൻ എം. എൽ. എ നിർദ്ദേശിച്ചു. കഴിയുന്നത്ര വേഗം വൈദ്യുതി വിതരണം പുനരാരംഭിക്കണമെന്ന് അദ്ദേഹം കെ.എസ്.ഇ.ബി അധികൃതർക്ക് നിർദ്ദേശം നൽകി.