വടകര: കൂടത്തായി റോയി തോമസ് വധക്കേസില്‍ ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. 1800 പേജുള്ള കുറ്റപത്രമാണ് താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും അടക്കം ആറ് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ 246 സാക്ഷികളാണുള്ളത്. അന്വേഷണ സംഘത്തിന്റെ തലവന്‍ എസ് പി കെജി സൈമണ്‍ വടകരയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

To advertise here,

റോയ് തോമസിന് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയ കേസില്‍ റോയിയുടെ ഭാര്യ ജോളിയമ്മ എന്ന ജോളി (47) മുഖ്യപ്രതി. ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ ജൂവലറി ജീവനക്കാരന്‍ കക്കാട് കക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യു (44), മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരന്‍ താമരശ്ശേരി തച്ചംപൊയിലില്‍ മുള്ളമ്പലത്തില്‍ പ്രജികുമാര്‍ (48), വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച സി.പി.എം. മുന്‍ കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി കെ. മനോജ് എന്നിവരാണ് യഥാക്രമം രണ്ടുമുതല്‍ നാലുവരെ പ്രതികള്‍.

റോയി വധക്കേസില്‍ ഡിഎന്‍എ ടെസ്റ്റ് അനിവാര്യമല്ലെന്ന് എസ് പി കെജി സൈമണ്‍ പറഞ്ഞു. കേസില്‍ വ്യാജ ഒസ്യത്ത് നിര്‍ണായക തെളിവാണ്. ജോളി സയനൈഡ് കൈവശം വെച്ചതിനും തെളിവുണ്ട്. കടലക്കറിയിലും വെള്ളത്തിലുമാണ് ജോളി സയനൈഡ് കലര്‍ത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. രാസപരിശോധനാ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 

placeholder
അന്വേഷണ സംഘത്തിന്റെ തലവന്‍ എസ് പി കെജി സൈമണ്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

322 രേഖകളാണ് കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്. കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും കൂടാതെ ഗവണ്‍മെന്റിനെ വഞ്ചിക്കല്‍, അനധികൃതമായി വിഷം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. യുജിസി നെറ്റ്, എംകോം, ബികോം എന്നിവയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും ജോളി തയ്യാറാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇവയുടെ പകര്‍പ്പുകളും കുറ്റപത്രത്തിനൊപ്പം സമര്‍പിച്ചിട്ടുണ്ട്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് റോയ് തോമസ് കൊലപാതകത്തില്‍ പങ്കില്ലെന്നും കെജി സൈമണ്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് റോയ് തോമസ് വധക്കേസില്‍ ഭാര്യ ജോളിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. റോയ് തോമസ് സയനൈഡ് ഉള്ളില്‍ചെന്നാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമായിരുന്നു. ആറു ദുര്‍മരണങ്ങളില്‍ റോയ് തോമസിന്റെ കേസില്‍ മാത്രമാണ് മൃതദേഹപരിശോധന നടന്നത്. കോഴിക്കോട് റൂറല്‍ എസ്.പി. കെ.ജി. സൈമണിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്.

Content Highlights: Koodathai murders- Kerala police files first chargesheet against jolly and other accused