കൊടുവള്ളി (കോഴിക്കോട്): തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്ത കൊടുവള്ളി നഗരസഭാ സെക്രട്ടറിയെ അടിയന്തരമായി സ്ഥലംമാറ്റാനും തുടർനടപടി സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിഷൻ തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി.
വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ ഡിവിഷനുകളിൽപ്പെട്ടവരിൽനിന്ന് ലഭിച്ച ഒപ്പിട്ട അപേക്ഷകളും അനുബന്ധരേഖകളും നഗരസഭാ ഓഫീസിൽ കാണുന്നില്ല എന്നാണ് പരാതിയുയർന്നത്. ഈ സാഹചര്യത്തിൽ കൊടുവള്ളി നഗരസഭാചെയർമാൻ വെള്ളറ അബ്ദു കോഴിക്കോട് കളക്ടർക്ക് പരാതിനൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് കളക്ടർ, നഗരസഭാസെക്രട്ടറിക്കെതിരേ നടപടിക്ക് ശുപാർശ നൽകിയത്. അന്തിമ വോട്ടർപട്ടിക പുറത്തിറങ്ങുന്നതിന് മൂന്നുദിവസം മുൻപാണ് സെക്രട്ടറി അവസാനമായി ജോലിക്കെത്തിയത്.
തദ്ദേശസ്വയംഭരണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, സീനിയർ സൂപ്രണ്ട് യു.കെ. രാജൻ എന്നിവർ ശനിയാഴ്ച കൊടുവള്ളി നഗരസഭാ ഓഫീസിലെത്തി അന്വേഷണം നടത്തിയിരുന്നു.
കൊടുവള്ളി നഗരസഭ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർപട്ടികയിൽനിന്ന് വിവിധ ഡിവിഷനുകളിലായി ഒട്ടേറെപ്പേരാണ് പുറത്തായത്. തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികൾ നൽകേണ്ടത് സെക്രട്ടറിക്കാണ്. ഇതുപ്രകാരം വോട്ടർപട്ടികയിൽനിന്ന് പുറത്തായവർ വോട്ട് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് പരാതിനൽകിയിരുന്നു. എന്നാൽ, പിന്നീട് സെക്രട്ടറി നഗരസഭയിലെത്തിയില്ല. വോട്ടർപട്ടികയിൽനിന്ന് പുറത്തായവർ പരാതിയുമായി നിത്യേന നഗരസഭ കയറിയിറങ്ങുകയായിരുന്നു. എന്നാൽ, നഗരസഭയിൽ സെക്രട്ടറിയില്ലാത്തതിനാൽ പരാതിക്ക് പരിഹാരംകാണാൻ സാധിക്കുന്നില്ല. സെക്രട്ടറിയുടെ അഭാവത്തിൽ പരാതിക്കാർ നഗരസഭാസൂപ്രണ്ടിന് മുൻപിലെത്തി ബഹളംവെക്കുന്നത് പതിവായി. തുടർദിവസങ്ങളിൽ നഗരസഭാ ഓഫീസിൽ രാവിലെമുതൽ വൈകീട്ടുവരെ പരാതിക്കാരുടെ പ്രതിഷേധമായിരുന്നു.
സെക്രട്ടറി നഗരസഭയിലെത്താത്തതിനാൽ വോട്ടർപട്ടികയിൽനിന്ന് പുറത്തായ നഗരസഭയിലെ മുന്നൂറോളം ആളുകൾ കോഴിക്കോട് കളക്ടറേറ്റിലെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന്, കളക്ടർക്ക് പരാതിയും നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നുദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതിനിടെ സെക്രട്ടറി ഓഫീസിലെത്താത്തതിനാൽ നഗരസഭാസൂപ്രണ്ട് കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് മൂന്നിനകം അന്വേഷണം നടത്തി മറുപടി നൽകാമെന്ന് പരാതിക്കാരോട് പറഞ്ഞിരുന്നു. മറുപടിക്കായി ഓഫീസിലെത്തിയവരോട് സൂപ്രണ്ട് പറഞ്ഞത് നിങ്ങൾ നൽകിയ പരാതികൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകളും ആക്ഷേപങ്ങളും സെക്രട്ടറിയുടെ കൈവശമാണെന്നും ഇവയൊന്നും നഗരസഭാ ഓഫീസിലില്ലാത്തതിനാൽ ആവശ്യപ്പെട്ട രേഖകൾ നിലവിൽ അനുവദിക്കാൻ സാധിക്കുകയില്ലെന്നുമായിരുന്നു.
37 ഡിവിഷനുകളുള്ള നഗരസഭയിലെ 21 ഡിവിഷനുകളിലാണ് വ്യാപകമായി പരാതികൾ ഉയർന്നത്. ഒരു വീട്ടിലുള്ളവർക്ക് പല ഡിവിഷനുകളിലായി വോട്ടുചെയ്യേണ്ട അവസ്ഥയായിരുന്നു. പുതിയ വോട്ടർപട്ടികപ്രകാരം കുടുംബനാഥൻ സ്വന്തം ഡിവിഷനിൽ വോട്ടുചെയ്യുമ്പോൾ ഭാര്യയും മക്കളും മറ്റു ഡിവിഷനിൽ പോയി വോട്ടുചെേയ്യണ്ട സ്ഥിതി. മറ്റുചില വോട്ടർമാർക്ക് വോട്ടില്ല. സ്ഥാനാർഥിയാകാൻ തീരുമാനിച്ചവർക്കും വോട്ടില്ലാത്ത സ്ഥിതിയുണ്ട്. ചില ഡിവിഷനുകളിൽനിന്ന് വോട്ടർമാരെ കൂട്ടത്തോടെയാണ് മറ്റുഡിവിഷനുകളിലേക്ക് മാറ്റിയത്. ഒരു ഡിവിഷനിലെ പട്ടികയിലുള്ളവരെ വീണ്ടും മറ്റൊരു ഡിവിഷനിൽ പുതിയ വോട്ടർമാരായി ചേർത്തതായും പരാതിയുയർന്നു. വോട്ടർപട്ടികയിൽനിന്ന് പുറത്തായതിനെത്തുടർന്ന് വോട്ട് പുനഃസ്ഥാപിച്ചുകിട്ടാൻ നഗരസഭാ ഓഫീസ് കയറിയിറങ്ങുന്നവരിൽ പ്രായം 70 കഴിഞ്ഞവരുമുണ്ട്.
Content Highlights: Koduvally Municipal Secretary Transferred Amidst Voter List Irregularities
Published: 02 Nov 2025, 09:23 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented