കൊച്ചി: രാജ്യത്തെ മൊബൈൽഫോൺ ഉപഭോക്താക്കളെ ബാധിച്ചിരുന്ന 28 ദിവസത്തെ റീചാർജ് സംവിധാനത്തിൽ കേന്ദ്രസർക്കാർ നിർണായക മാറ്റത്തിന് മുന്നോട്ടുവന്നിരിക്കുന്നത് വലിയ ആശ്വാസകരമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ഈ മാറ്റത്തിന് പിന്നിൽ പാർലമെന്റിൽ താൻ നടത്തിയ ശക്തമായ ഇടപെടലുകളാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

To advertise here,

കഴിഞ്ഞദിവസമാണ് റീചാർജ് സംവിധാനത്തിൽ മാറ്റംവരുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തെക്കുറിച്ച് കൊടിക്കുന്നിൽ സുരേഷ് ഫെയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. എന്നാൽ, തന്റെ ഇടപെടലാണ് മാറ്റത്തിന് പിന്നിലെന്ന കൊടിക്കുന്നിലിന്റെ അവകാശവാദത്തിനെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ കമന്റ്‌ബോക്‌സിൽ വ്യാപക വിമർശമുയർന്നിരുന്നു. ആംആദ്മി എംപിയായ രാഘവ് ഛദ്ദയാണ് ഈ വിഷയം ഉന്നയിച്ചതെന്നായിരുന്നു കമന്റിട്ട പലരും ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇതിന് മറുപടിയായി ലോക്‌സഭയിൽ ഇതേവിഷയത്തിൽ താൻ നടത്തിയ ഇടപെടലിന് തെളിവായി കൊടിക്കുന്നിൽ ചില ലിങ്കുകളും പങ്കുവെച്ചു. വെള്ളിയാഴ്ച വീണ്ടും സമാനവിഷയത്തിൽ കൊടിക്കുന്നിൽ കൂടുതൽ തെളിവുകളും പോസ്റ്റ്‌ചെയ്തു.

2025 ഡിസംബർ 17-ന് ലോക്‌സഭയിൽ ഈ വിഷയം നക്ഷത്രചിഹ്നമിടാത്ത ചോദ്യമായി ഉന്നയിച്ചതിന്റെയും ഇതിന് കേന്ദ്രസഹമന്ത്രി നൽകിയ മറുപടിയും അദ്ദേഹം വെള്ളിയാഴ്ച ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയം ആദ്യമായി ലോക്‌സഭയിൽ ഉന്നയിച്ചത് താനാണെന്നും അദ്ദേഹം ഫെയ്‌സ്ബുക് പോസ്റ്റിൽ പറഞ്ഞു.

കൊടിക്കുന്നിൽ സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ പൂർണരൂപം:

‘മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസം - പാർലമെന്റിലെ ഇടപെടലിന് ഫലം

രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ ഉപഭോക്താക്കളെ ബാധിച്ചിരുന്ന 28 ദിവസത്തെ റീചാർജ് സംവിധാനത്തിൽ നിർണായക മാറ്റത്തിന് കേന്ദ്ര സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത് വലിയ ആശ്വാസകരമായ സംഭവവികാസമാണ്. 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകി. ഇത് ഉപഭോക്തൃ അവകാശ സംരക്ഷണത്തിലേക്കുള്ള ഒരു പ്രധാന മുന്നേറ്റമാണ്. ഇതുവരെ 28 ദിവസത്തെ പ്ലാനുകൾ കാരണം ഉപഭോക്താക്കൾ വർഷത്തിൽ 13 പ്രാവശ്യം റീചാർജ് ചെയ്യേണ്ടി വന്നിരുന്നു. ഒരേ സേവനങ്ങൾക്ക് കുറവ് കാലാവധിയിലൂടെ കൂടുതൽ തുക ഈടാക്കുന്ന ഈ രീതി സാധാരണ ജനങ്ങൾക്ക് വലിയ സാമ്പത്തികഭാരമായി മാറിയിരുന്നു. ഇനി 30 ദിവസത്തെ പ്ലാനുകൾ പ്രചരിപ്പിക്കപ്പെടുന്നതോടെ വർഷത്തിൽ 13 റീചാർജിൽ നിന്ന് 12 ആയി കുറയാനും, വാർഷിക ചെലവ് കുറയാനും, കൂടുതൽ സുതാര്യതയും സൗകര്യവും ഉറപ്പാക്കാനുമുള്ള സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.

ഈ മാറ്റത്തിന് പിന്നിൽ പാർലമെന്റിൽ ഞാൻ നടത്തിയ ശക്തമായ ഇടപെടലുകളാണ്. ലോക്‌സഭയിൽ ചോദ്യങ്ങളിലൂടെ 28 ദിവസത്തെ വാലിഡിറ്റി പരോക്ഷമായ അധിക ചാർജ്ജിംഗാണോ എന്നതും, ഇതുമൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. കൂടാതെ, ഇത്തരത്തിലുള്ള അന്യായ ബില്ലിംഗ് രീതികൾ നിയന്ത്രിക്കാൻ ടെലികോം വകുപ്പ് (DoT)യും TRAIയും സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും, 30 ദിവസത്തെ യഥാർത്ഥ മാസവാലിഡിറ്റി പ്ലാനുകൾ നിർബന്ധമാക്കണമെന്നും ഞാൻ ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ ഇടപെടലുകളുടെ ഫലമായി കേന്ദ്ര സർക്കാർ ടെലികോം കമ്പനികൾക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകേണ്ട സാഹചര്യം ഉണ്ടായി.

 

എന്നാൽ, ഇത് ഒരു തുടക്കമാത്രമാണ്. 28 ദിവസത്തെ ബില്ലിംഗ് സംവിധാനം വഴി നടക്കുന്ന ഉപഭോക്തൃ ചൂഷണം പൂർണമായും അവസാനിപ്പിക്കുകയും, എല്ലാ ഉപഭോക്താക്കൾക്കും സുതാര്യവും നീതിയുള്ളതുമായ യഥാർത്ഥ മാസ ബില്ലിംഗ് സംവിധാനം നിർബന്ധമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. സാധാരണ ജനങ്ങളുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ പാർലമെന്റിൽ എന്റെ ഇടപെടൽ തുടരുമെന്നും, ഈ അന്യായ സംവിധാനം പൂർണമായും അവസാനിപ്പിക്കുന്നതുവരെ വിഷയം ശക്തമായി ഉന്നയിക്കുമെന്നും ഉറപ്പുനൽകുന്നു’

‘രാജ്യത്തെ ടെലികോം മേഖലയിൽ നടന്നുവന്നിരുന്ന 28 ദിവസത്തെ ബില്ലിംഗ് സൈക്കിൾ തട്ടിപ്പിനെതിരെ പാർലമെന്റിന്റെ വിന്റർ സെഷനിൽ 2025 ഡിസംബർ 17ന് വിഷയം ലോക്‌സഭയിൽ അൺസ്റ്റാർ ചോദ്യമായി ഉന്നയിക്കുകയും കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിനു വേണ്ടി സഹമന്ത്രി ഡോ.പെമ്മ സാനി ചന്ദ്രശേഖർ നൽകിയ മറുപടിയും ചേർക്കുന്നു.

രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം ആദ്യമായി ലോക്‌സഭയിൽ ഞാനാണ് ഉന്നയിച്ചത്. തുടർന്ന് ഫോളോ അപ്പ് എന്ന നിലയിൽ പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളന കാലയളവിൽ 2026 മാർച്ച് 11 ന് വീണ്ടും വിഷയം ഉന്നയിച്ചു. ഈ കാലയളവിൽ ആവശ്യമായ അനുകൂല നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട മന്ത്രാലയവും മന്ത്രിയും ഉറപ്പു നൽകിയിരുന്നു. ഈ വിവരം നേരത്തെ തന്നെ പങ്കുവെച്ചിട്ടുള്ളതുമാണ്.’