തവനൂർ: ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിൽനിന്നു മാറ്റണമെന്ന ആവശ്യത്തിൽ നടപടിയെടുക്കാതെ ജയിൽ വകുപ്പ്. നിരന്തരം പ്രശ്നക്കാരനായ കൊടി സുനിയുടെ ജയിൽമാറ്റത്തിൽ അനുകൂല നടപടിയെടുക്കാത്തതിൽ അസംതൃപ്തരാണ് തവനൂർ സെൻട്രൽ ജയിലിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ.
ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽക്കഴിഞ്ഞിരുന്ന കൊടി സുനിയെ 2023 നവംബർ ഒൻപതിനാണ് ആദ്യമായി തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയത്. വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ സഹതടവുകാരുമായി ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചതായിരുന്നു കാരണം. ജയിലിൽ മൊബൈൽഫോൺ ഉപയോഗിച്ചതിനും ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചതിനും സുനിക്കെതിരേ കേസുണ്ട്. ജയിൽ ഉദ്യോഗസ്ഥരെ മർദിച്ച കേസിലും പ്രതിയാണ് സുനി.
തവനൂരിലെത്തിയിട്ടും കൊടി സുനിയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായില്ല. ജയിൽ ജീവനക്കാരുമായി തട്ടിക്കയറുന്നത് ഇയാളുടെ പതിവുരീതിയാണ്. ഇതോടെ സുനിയെ അതിസുരക്ഷയിലുള്ള ഏതെങ്കിലും ജയിലിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മേലുദ്യോഗസ്ഥർക്ക് കത്തുനൽകി. എന്നാൽ, അതിൻമേൽ നടപടിയൊന്നുമുണ്ടായില്ല.
ന്യൂമാഹി ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കായി ജനുവരി 29-ന് കൊടി സുനിയെ തവനൂർ ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു. വിചാരണയ്ക്കായി തലശ്ശേരി കോടതിയിൽ കൊണ്ടുപോകുന്നതിനിടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിച്ചപ്പോൾ പാർക്കിങ് സ്ഥലത്ത് സഹതടവുകാരോടൊപ്പം മദ്യപിക്കുന്ന സി.സി.ടി.വി. ദൃശ്യം പുറത്തുവന്നതോടെ കൊടി സുനിയുടെ പേരിൽ പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞവർഷം ഓഗസ്റ്റിൽ വീണ്ടും തവനൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്.
തവനൂരിലെത്തിയശേഷം, കൈയിൽ ചരടുകെട്ടുന്നത് വിലക്കിയതിന് സുനി ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തി. ഈ സംഭവത്തിൽ കുറ്റിപ്പുറം പോലീസ് കേസെടുത്തിട്ടുണ്ട്. കൈയിൽ കെട്ടിയ ചരട് അഴിച്ചുമാറ്റണമെന്നാവശ്യപ്പെട്ടതോടെ ചരട് ഊരി പ്രിസൺ ഓഫീസറുടെ ദേഹത്തേക്കെറിഞ്ഞു. ദിവസങ്ങൾക്കുശേഷം വീണ്ടും ചരട് കൈയിൽ കെട്ടിയപ്പോഴാണ് ജോയിന്റ് സൂപ്രണ്ട് ഇടപെട്ടത്. ഇതോടെ തട്ടിക്കയറിയ സുനി വ്യാജ പരാതി നൽകുമെന്നും കുടുംബത്തെയടക്കം കൊല്ലുമെന്നും ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തി.
ഇതേത്തുടർന്നാണ് ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ജയിൽ സൂപ്രണ്ട് കത്തുനൽകിയത്. എന്നാൽ, ഒരുമാസം പിന്നിട്ടിട്ടും സുനിയുടെ ജയിൽമാറ്റക്കാര്യത്തിൽ ജയിൽ വകുപ്പ് അനുകൂല നടപടിയെടുത്തിട്ടില്ല.
Content Highlights: Thavanur jail officials are demanding the transfer of convict Kodi Suni., Suni is accused of threatening staff and causing continuous disruptions., The prison department has not acted on the superintendent's transfer request., Suni has a history of misconduct, including in Viyyur Central Jail.
Published: 28 Feb 2026, 07:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented