
കണ്ണൂർ: ശനിയാഴ്ചയോട് ജയിലിലെ തടവുകാർക്ക് പ്രത്യേക ഇഷ്ടമാണ്. മട്ടനുംകൂട്ടി ചോറ് തട്ടാം. എന്നാൽ ഇതിന് തട്ടുകേടുണ്ടാകുമോയെന്നാണ് അവരുടെ ഇപ്പോഴത്തെ ശങ്ക. തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചനയുണ്ടെന്ന് ജയിൽ ഡി.ജി.പി. എസ്.ശ്രീജിത്ത് പറഞ്ഞുകഴിഞ്ഞു. ഇതിനെതിരേ തടവുകാരിൽ വൻ രോഷവും അതൃപ്തിയും പുകയുന്നതായി ജീവനക്കാർ പറയുന്നു. ബ്ലോക്കുകളിലും സെല്ലുകളിലും ഇതാണ് മുഖ്യ ചർച്ചാവിഷയം. ജയിൽ അധികൃതരെ ചിലർ പ്രതിഷേധം അറിയിച്ചുതുടങ്ങിയിട്ടുമുണ്ട്. പല ജയിലുകളിലെയും തടവുകാർ സംഘടിച്ചാണ് നീക്കം. നിർത്തിയാൽ നിരാഹാരം തുടങ്ങുമെന്ന് ഭീഷണിയും ഉയർത്തുന്നുണ്ട്.
മട്ടൻ നൽകുന്ന സർക്കാർ ഏജൻസികൾ ചില സമയങ്ങളിൽ മട്ടൻ വിതരണം മുടക്കാറുണ്ട്. അപ്പോൾ തടവുകാർ ഉദ്യോഗസ്ഥരുമായി കൊമ്പുകോർക്കാറുമുണ്ട്. മെനുവിൽനിന്ന് മട്ടൻ വെട്ടിയാൽ പ്രശ്നമാകുമെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടും തയ്യാറാക്കിയിട്ടുണ്ട്. തടവുകാരുടെ ആരോഗ്യപ്രശ്നങ്ങളും വിലക്കൂടുതലുമാണ് ആട്ടിറച്ചി ഒഴിവാക്കാനുള്ള ആലോചനയ്ക്കുപിന്നിൽ. ഇക്കാര്യം പഠിച്ച് റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്നാണ് ജയിൽ ഡി.ജി.പി. പറയുന്നത്.
മട്ടൻ എത്തിയിട്ട് 60 വർഷം
1967 മുതലാണ് ജയിൽഭക്ഷണത്തിൽ മട്ടൻ ഉൾപ്പെടുത്തിയത്. ഒരു തടവുകാരന് 57 ഗ്രാമായിരുന്നു നൽകിയിരുന്നത്. പിന്നീട് 71 ഗ്രാമാക്കി. 2014-മുതൽ എല്ലില്ലാത്ത 100 ഗ്രാം ആട്ടിറച്ചിയാണ് നൽകുന്നത്. മട്ടനുപകരം ചിക്കൻ നൽകാമെന്ന അഭിപ്രായവുമുണ്ട്. തടവുകാരുടെ ശാരീരികക്ഷമത ഉറപ്പുവരുത്താനാണ് ഭക്ഷണത്തിൽ മട്ടൻ ഉൾപ്പെടുത്തിയത്. ഡയറ്റിൽ കലോറിയും ശരീരഭാരവും കുറയരുതെന്ന് ജയിൽ ചട്ടത്തിലുണ്ട്. ആവശ്യമില്ലാത്തവർക്ക് പച്ചക്കറിഭക്ഷണവും ജയിലിൽനിന്ന് നൽകുന്നുണ്ട്.
ഉണക്കമീനിന് പകരക്കാരൻ
സംസ്ഥാനം രൂപംകൊള്ളുന്നത് മുൻപ് ജയിലുകളിൽ ഉണക്കമീനായിരുന്നു നൽകിയിരുന്നത്. 1952-ൽ തിരുകൊച്ചി സംസ്ഥാനത്ത്, ആദ്യ ജയിൽ പരിഷ്കരണ കമ്മിഷൻ ജസ്റ്റിസ് ശങ്കരനാരായണ അയ്യരാണ് ഉണക്കമീനിന് പകരം മട്ടൻ ഉൾപ്പെടുത്തിയത്. ഉണക്കമീനിന് വലിയ ഡിമാൻഡ് വന്നപ്പോഴാണ് മട്ടൻ പകരക്കാരനായത്.
Content Highlights: Prison DGP S. Sreejith hinted at removing mutton from the inmate menu due to health issues and high costs., Inmates across various jails have expressed strong discontent and threatened a hunger strike if the menu changes., Intelligence reports warn of potential conflicts between authorities and inmates over the decision., Mutton has been a part of Kerala prison meals since 1967, replacing dried fish introduced in 1952.
Published: 20 Aug 2026, 06:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented