കൊച്ചി: കോടഞ്ചേരി മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ജോയ്‌സ്‌നയുടെ പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജോയ്‌സ്‌നയ്ക്ക് ഭര്‍ത്താവ് ഷെജിനൊപ്പം പോകാമെന്ന് കോടതി നിര്‍ദേശിച്ചു.

To advertise here,

താന്‍ ആരുടേയും തടങ്കലില്‍ അല്ല, വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നതെന്ന് ജോയ്‌സ്‌ന കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി ജോയ്‌സ്‌നയെ ഷെജിനൊപ്പം പോകാന്‍ അനുവദിച്ചത്. മാതാപിതാക്കളോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും ജോയ്‌സ്‌ന ഹൈക്കോടതിയെ അറിയിച്ചു. 

അതേസമയം മകളെ ബ്രെയിന്‍ വാഷ് ചെയ്തിരിക്കുകയാണ്. അതുകൊണ്ടാണ് മകള്‍ ഷെജിനെ വിവാഹം ചെയ്‌തെന്ന് അഭിഭാഷകന്‍ മുഖേനെ ജോസഫ് കോടതിയിയെ അറിയിച്ചത്. എന്നാല്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 

ജസ്റ്റിസ് വി.ജി അരുണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ജോയ്സ്നയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നാണ് ജോയ്സ്നയെ 19-ന് ഹാജരാക്കാന്‍ പോലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്.