തിരുവനന്തപുരം: വിവാഹത്തെക്കുറിച്ച് ലൗ ജിഹാദ് എന്ന രീതിയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് കുംഭമേളയിലെ വൈറൽ താരം പെൺകുട്ടിയും ഭർത്താവ് മുഹമ്മദ് ഫർമാനും പറഞ്ഞു. തനിക്ക് പതിനെട്ട് വയസ്സ് പൂർത്തിയായി, പ്രായത്തെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നും പെൺകുട്ടി പറഞ്ഞു.

To advertise here,

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. മതത്തിനപ്പുറം സ്നേഹമാണ് തങ്ങളെ ഒരുമിപ്പിച്ചതെന്നും മൊണാലിസയുടെ ആഗ്രഹപ്രകാരമാണ് ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിയതെന്നും മുഹമ്മദ് ഫർമാൻ പറഞ്ഞു.

കേരളം ഇഷ്ടപ്പെട്ടു, അതിനാൽ ഇവിടെ തുടരാനാണ് താത്പര്യം. വീട്ടുകാർ മറ്റൊരു വിവാഹത്തിനു നിർബന്ധിച്ചതിനാലാണ് ഇങ്ങനെയൊരു കല്യാണത്തിനു മുതിർന്നത്. ഇവിടത്തെ സർക്കാരും മനുഷ്യരും ഒപ്പംനിന്നു. കല്യാണത്തിനു കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ട്. കെ-സ്മാർട് വഴി ഒരു മണിക്കൂറിനുള്ളിൽ വിവാഹ സർട്ടിഫിക്കറ്റും ലഭിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എം.പി. എന്നിവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. എല്ലാവരോടും ഒരുപാട് നന്ദി- മൊണാലിസയും ഫർമാനും പറഞ്ഞു.

കുംഭമേളയിലെ വൈറൽതാരമായ പെൺകുട്ടിയും ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഫർമാനും ബുധനാഴ്ച വൈകീട്ടാണ് അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വിവാഹിതരായത്. പെൺകുട്ടി നായികയായ സിനിമയുടെ ചിത്രീകരണത്തിനായാണ് ഇവർ പൂവാറിലെത്തിയത്. ഫർമാനുമായുള്ള ബന്ധം പിതാവ് എതിർത്തതോടെ പെൺകുട്ടിയും ഫർമാനും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്നായിരുന്നു ക്ഷേത്രത്തിൽ െവച്ചുള്ള വിവാഹം.