കൊച്ചി: ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി എറണാകുളം അതിരൂപത ബിഷപ്പ് ഹൗസില്‍ ഒരുസംഘം വൈദികര്‍ വ്യാഴാഴ്ച തുടങ്ങിയ പ്രതിഷേധം അവസാനിപ്പിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 5-ന് അതിരൂപത വൈദികസമിതി യോഗം വിളിച്ചുചേര്‍ക്കുമെന്ന് വ്യക്തമാക്കി മെത്രാപ്പൊലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി കുറിപ്പ് പുറത്തിറക്കിയതിനേത്തുടര്‍ന്നാണ് ഈ തീരുമാനം. എന്നാല്‍ മാര്‍ പാംപ്ലാനിയുടെ പേരില്‍ രണ്ട് കത്തുകള്‍ പുറത്തുവന്നത് വിവാദമായി.
വൈദിക സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഏകീകൃത കുര്‍ബാന പ്രശ്‌നത്തില്‍ അതിരൂപത കൂരിയയുടെ ഇടപെടല്‍ തടഞ്ഞുകൊണ്ടാണ് രണ്ടാമത്തെ കുറിപ്പ്.
മാര്‍ പാംപ്ലാനിയുടെ ഒപ്പോടെ കൂരിയ പുറത്തിറക്കിയ ആദ്യ കത്തില്‍ അതിരൂപതയുടെ ഇടവകകളിലും സ്ഥാപനങ്ങളിലും ഏകീകൃത കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കുന്നതിന് ഭരണപരമായ യാതൊരു മാറ്റവും ഈ സാഹചര്യത്തില്‍ വരുത്തുന്നതല്ലെന്നായിരുന്നു. ഇത് ജനാഭിമുഖ കുര്‍ബാനയ്ക്കായി വാദിക്കുന്ന അതിരൂപത പക്ഷത്തിന്റെ നിലപാടിന് എതിരായിരുന്നു.
സഭാപരമായ ജീവിതശൈലിക്ക് എതിര്‍സാക്ഷ്യമേകുന്ന സമരവും പ്രചാരണങ്ങളും സഭാത്മകമല്ലാത്ത നിലപാടുകളും ഉപേക്ഷിക്കണമെന്നും മാര്‍ പാംപ്ലാനി നിര്‍ദേശിച്ചിരുന്നു.
അരമണിക്കൂറിനുശേഷം ആദ്യ കത്തിന്റെ അതേ നമ്പറില്‍ പുറത്തുവന്ന രണ്ടാമത്തെ കുറിപ്പില്‍ ഇടവകകളിലും സ്ഥാപനങ്ങളിലും ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കുന്നതിനോ ഭരണപരമായ മാറ്റം വരുത്തുന്നതിനോ അതിരൂപത കച്ചേരിയുടേയോ മറ്റാരുടേയെങ്കിലും ഭാഗത്തുനിന്നോ നടപടികള്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ കത്തില്‍ ഏകീകൃത കുര്‍ബാന അര്‍പ്പണത്തിന് മാറ്റമുണ്ടാകില്ലെന്നും രണ്ടാമത്തേതില്‍ ഏകീകൃത കുര്‍ബാന അര്‍പ്പണം നടപ്പിലാക്കാന്‍ കൂരിയ ശ്രമിക്കരുതെന്നുമാണ് ഉള്ളടക്കം.
മാര്‍ ജോസഫ് പാംപ്ലാനി കൂരിയാ വൈദികരുടെ അധികാരം വെട്ടിക്കുറച്ചതായും വൈദികര്‍ സത്യാഗ്രഹം അവസാനിപ്പിച്ചതായും അതിരൂപത സംരക്ഷണസമിതി വ്യക്തമാക്കി. എന്നാല്‍ കൂരിയ അംഗങ്ങള്‍ അറിയാതെയാണ് രണ്ടാമത്തെ കത്ത് ഇറങ്ങിയതെന്ന് സിനഡ് അനുകൂല സംഘടനയായ വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്മെന്റ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. രണ്ടുകത്തുകള്‍ക്കും ഒരേ നമ്പറാണുള്ളതെന്നും മെത്രാപ്പോലീത്തന്‍ വികാരി സഭയെ ഒറ്റുകൊടുക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
മാര്‍ ജോസഫ് പാംപ്ലാനി വൈദികരുമായും അല്‍മായ മുന്നേറ്റം നേതൃത്വവുമായും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എറണാകുളം അതിരൂപത കൂരിയയെ താത്കാലികമായി മരവിപ്പിക്കാനും ജൂണ്‍ 5-ന് ചേരുന്ന വൈദികസമിതി യോഗത്തിനുശേഷം സമവായ ധാരണ അനുസരിച്ച് കൂരിയയെ നീക്കം ചെയ്യാമെന്നും ഉറപ്പുനല്‍കിയതിനാലാണ് പ്രതിഷേധസമരം വൈദികര്‍ അവസാനിപ്പിച്ചതെന്ന് അല്‍മായ മുന്നേറ്റം വ്യക്തമാക്കി.
കൂരിയ വൈദികരുടെ അധികാരം വെട്ടിക്കുറച്ചെന്ന് അതിരൂപത സംരക്ഷണ സമിതി
കൊച്ചി: എറണാകുളം അതിരൂപതയിലെ കൂരിയ വൈദികരുടെ അധികാരം വെട്ടിക്കുറച്ച് അറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വൈദിക പ്രതിഷേധം തത്കാലത്തേക്ക് അവസാനിപ്പിച്ചതെന്ന് അതിരൂപത സംരക്ഷണസമിതി വ്യക്തമാക്കി. വ്യാഴാഴ്ച കൂടിയ വൈദിക യോഗത്തില്‍ കൂരിയാ അംഗങ്ങളെ നീക്കംചെയ്യാമെന്ന ആവശ്യത്തിന് ഉത്തരം ലഭിക്കാത്ത സാഹചര്യത്തിലാണ് വൈദികര്‍ പ്രതിഷേധിച്ചത്. മാര്‍ പാംപ്ലാനിയുമായി വൈദിക പ്രതിനിധികള്‍ പലവട്ടം ഫോണ്‍ മുഖേന ചര്‍ച്ച നടത്തി. മേജര്‍ ആര്‍ച്ച് ബിഷപ്പായ മാര്‍ റാഫേല്‍ തട്ടിലുമായി ആലോചിച്ചശേഷം അടുത്ത ഉത്തരവ് ഉണ്ടാകുംവരെ കൂരിയായുടെ അഡ്മിനിസ്ട്രേറ്റീവ് പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാമെന്നും അറിയിച്ചു. ജൂണ്‍ അഞ്ചിന് വൈദികസമിതി യോഗം വിളിച്ചുകൂട്ടാമെന്നും ആ കാര്യം മാര്‍ പാംപ്ലാനി ഔദ്യോഗികമായ പ്രസ്താവനയായി പ്രസിദ്ധീകരിക്കണമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാക്ക് പാലിക്കാതെ കൂരിയായെ കുറിച്ച് പരാമര്‍ശിക്കാത്ത പ്രസ്താവനയാണ് മാര്‍ പാംപ്ലാനി ആദ്യം പ്രസിദ്ധീകരിച്ചത്. ഇതിനെതിരേ പ്രതിഷേധിച്ചപ്പോഴാണ് പ്രസ്താവന പുനഃപ്രസിദ്ധീകരിച്ചതെന്ന് അതിരൂപത സംരക്ഷണസമിതി അറിയിച്ചു.
സമവായമുണ്ടായില്ലെങ്കില്‍ സമരം-അല്‍മായ മുന്നേറ്റം
കൊച്ചി: ജൂണ്‍ 5-ന് സമവായ തീരുമാനം ആയില്ലെങ്കില്‍ ബിഷപ്പ് ഹൗസിലും ഇടവക ദേവാലയങ്ങളിലും ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് അല്‍മായ മുന്നേറ്റം പ്രതിഷേധസമരം അവസാനിപ്പിച്ച് പുറത്തിറങ്ങിയ വൈദികര്‍ക്ക് അല്‍മായമുന്നേറ്റം ഭാരവാഹികള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. അല്‍മായമുന്നേറ്റം ഭാരവാഹികളായ ൈഷജു ആന്റണി, ബോബി ജോണ്‍, റിജു കാഞ്ഞൂക്കാരന്‍, തങ്കച്ചന്‍ പേരയില്‍, ജെമി അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മാര്‍ പാംപ്ലാനിയെ പുറത്താക്കണം -വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്മെന്റ്
കൊച്ചി: ഒരേതീയതിയിലും റഫറന്‍സ് നമ്പറിലും വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ ഉള്ളടക്കത്തോടെ സഭാപരമായ കത്തുകള്‍ പുറപ്പെടുവിച്ച് കാനോന്‍ നിയമങ്ങളുടെ പരസ്യ ലംഘനം നടത്തിയ മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനിയെ സിനഡ് എത്രയുംവേഗം പുറത്താക്കണമെന്ന് വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്മെന്റ് ആവശ്യപ്പെട്ടു. സഭ തീരുമാനിച്ച കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കാന്‍ ഉത്തരവാദിത്വപ്പെട്ട മെത്രാന്‍തന്നെ കൂരിയായുടെ അധികാരങ്ങളെപ്പോലും ഇല്ലാതാക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭാരവാഹികളായ ചെറിയാന്‍ കവലയ്ക്കല്‍, ജോസഫ് പി. എബ്രഹാം, ആന്റണി പുതുശ്ശേരി, ടെന്‍സന്‍ പുളിക്കല്‍, കുര്യാക്കോസ് പഴയമഠം, ബിജു പട്ടശ്ശേരി, സീലിയ ആന്റണി, റിമി പൗലോസ്, ജോസഫ് അമ്പലത്തിങ്കല്‍ എന്നിവര്‍ ആരോപിച്ചു.
Content Highlights: Priests in Kochi ended their protest after Archbishop Mar Joseph Pamplany issued a statement
Published: 24 May 2025, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented