കൊച്ചി: മെട്രോ പാതയിലെ നിർമാണ പ്രവർത്തനങ്ങൾക്കിടെ മുകളിൽനിന്ന് ഇരുമ്പുദണ്ഡ് കാറിനു മുകളിലേക്ക് പതിച്ച് യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. പാലാരിവട്ടം പൈപ്പ് ലൈൻ മുതൽ ഇൻഫോപാർക്ക് വരെയുള്ള മെട്രോ പാതയിലെ നിർമാണ പ്രവർത്തനങ്ങൾക്കിടെ പാടിവട്ടത്താണ് വൻ സുരക്ഷാവീഴ്ച. കാക്കനാട് ഇൻഫോ പാർക്കിലെ വിപ്രോ ജീവനക്കാരി തൃശ്ശൂർ വാലുമ്മപ്പറമ്പിൽ ഗോപികയ്ക്കാണ് (26) പരിക്കേറ്റത്. സംഭവത്തിൽ കരാർ കമ്പനിയായ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചറിനെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പരിക്കുപറ്റിയ യുവതിക്ക് ആവശ്യമായ എല്ലാസഹായങ്ങളും പിന്തുണയും നഷ്ടപരിഹാരവും നൽകാൻ നിർദേശം നൽകിയതായും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ പറഞ്ഞു.

To advertise here,

ചൊവ്വാഴ്ച രാത്രി 10-ന് കാക്കനാട്-പാലാരിവട്ടം റൂട്ടിൽ പാടിവട്ടം കപ്പേളയ്ക്കുമുൻപിൽവെച്ചാണ് സംഭവം. സുഹൃത്തിനൊപ്പം പാലാരിവട്ടത്തേക്ക് പോകുന്നതിനിടെയാണ് മെട്രോ പില്ലറിന് മുകളിൽനിന്ന് വലിയൊരു ഇരുമ്പുദണ്ഡ് താഴേക്ക് പതിച്ചത്. കമ്പി കാറിന്റെ മുന്നിലെ വിൻഡ് ഷീൽഡ് തുളച്ചുകയറി ഉള്ളിലേക്ക് പതിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗത്തായി ഇടതുവശത്താണ് ഗോപിക ഇരുന്നിരുന്നത്. വിൻഡ് ഷീൽഡ് തകർത്ത് അകത്തേക്കുവീണ കമ്പി തട്ടി ഗോപികയുടെ കൈയ്ക്ക് ചതവുണ്ടായി. കാലിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗോപികയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി.

സംഭവമറിഞ്ഞ് ഹൈബി ഈഡൻ എം.പി., ഉമ തോമസ് എം.എൽ.എ., കെ.എം.ആർ.എൽ. എം.ഡി. ലോക്നാഥ് ബെഹ്റ തുടങ്ങിയവർ ബന്ധപ്പെട്ടിരുന്നുവെന്നും നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയതായും ഗോപിക പറഞ്ഞു. സുഹൃത്തിന്റേതാണ് കാർ.

നിർമാണപ്രവർത്തനം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ-ഗോപിക

ഭാഗ്യംകൊണ്ടു മാത്രമാണ് വലിയൊരു അപകടത്തിൽനിന്ന് രക്ഷപ്പെട്ടതെന്ന് ഗോപിക പറഞ്ഞു. സംഭവത്തെക്കുറിച്ച് ഓർക്കുമ്പോൾ ഞെട്ടൽ മാറിയിട്ടില്ല. ആ സമയം ബൈക്ക് യാത്രക്കാരായ ആരെങ്കിലുമാണ് വന്നിരുന്നതെങ്കിൽ ഒരുപക്ഷേ, മരണംവരെ സംഭവിക്കുമായിരുന്നു. കാറിന്റെ വിൻഡ്ഷീൽഡ് തകർത്ത് അകത്തേക്കുവീണ ഇരുമ്പുദണ്ഡ് എന്റെ നെഞ്ചിലോ തലയിലോ ആണ് വന്ന് തറച്ചിരുന്നതെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്നു.

അത്രയും തിരക്കേറിയ നഗരമധ്യത്തിൽ, ഒരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്നത്. അപകടം നടന്നയുടനെ കാറിൽനിന്ന് പുറത്തിറങ്ങി നോക്കിയപ്പോൾ മുകളിൽ ആളുണ്ടായിരുന്നതായും കണ്ടുവെന്ന് ഗോപിക പറഞ്ഞു.

അപകടത്തിനുശേഷം പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് പോലീസിൽ പരാതിപ്പെടാൻ എത്തിയത്. പാലാരിവട്ടം പോലീസ് വിളിപ്പിച്ചുവരുത്തിയ കൺസ്ട്രക്ഷൻ സൈറ്റ് എൻജിനിയർമാരുടെ സമീപനം നിരുത്തരവാദപരമായിരുന്നു. റോഡ് ബ്ലോക്ക് ചെയ്യാൻ മറന്നുപോയെന്നും ഇതൊരു പാഠമായി കാണുന്നുവെന്നുമുള്ള തരത്തിലാണ് അവർ സംസാരിച്ചത്. സംഭവിച്ച കാര്യത്തെ വളരെ നിസ്സാരവത്കരിക്കുന്ന രീതിയിലായിരുന്നു അവരുടെ പെരുമാറ്റം. ജീവന് വില കൽപ്പിക്കാത്ത ഇത്തരം നടപടികൾക്കെതിരേ ശക്തമായ നടപടി ഉണ്ടാകണമെന്നും ഗോപിക പറഞ്ഞു.

ഉന്നതതല അന്വേഷണം - കെ.എം.ആർ.എൽ.

രണ്ടാംഘട്ട മെട്രോ നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. സുരക്ഷാ സംവിധാനം കൂടതൽ ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കും. കരാർ കമ്പനിക്കെതിരേ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസും നൽകിയെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് ഈ ജോലികൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെയ്ക്കാൻ കരാർ കമ്പനിക്ക് നിർദേശം നൽകിയെന്നും ഗതാഗതം വഴിതിരിച്ചുവിട്ടശേഷവും അവശ്യമായ സുരക്ഷാനടപടികൾ ഏർപ്പെടുത്തിയതിനുശേഷവും മാത്രമേ ഈ ജോലികൾ പുനരാരംഭിക്കുകയുള്ളൂ എന്നും കൊച്ചി മെട്രോ വ്യക്തമാക്കി.