അടിമാലി (ഇടുക്കി): കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ നേര്യമംഗലംമുതല്‍ വാളറവരെയുള്ള നിര്‍മാണ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം താലൂക്കില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍.

To advertise here,

യുഡിഎഫും ഹൈവേ കോഡിനേഷന്‍ കമ്മിറ്റിയും ചേര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇതുകൂടാതെ ഹൈവേ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേര്യമംഗലം പാലം കഴിഞ്ഞുള്ള ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിലേക്ക് ലോങ് മാര്‍ച്ച് നടത്തും.

10-ന് ആറാം മൈലില്‍നിന്ന് ലോങ് മാര്‍ച്ച് തുടങ്ങും. ഇതിന് മുന്നോടിയായി റാണിക്കല്ലില്‍ പുഷ്പാര്‍ച്ചന നടത്തും. ഹൈറേഞ്ചില്‍നിന്ന് 5000 പേരും കോതമംഗലം രൂപതയില്‍നിന്ന് 1500 പേരും ലോങ് മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വനമേഖലയില്‍ മൈക്കിന് അനുമതിയില്ല.

വിവിധ ജാതിമത വിഭാഗത്തില്‍പ്പെട്ടവരും വിവിധ സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളും വ്യാപാരികളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പള്ളികളിലും അമ്പലങ്ങളിലും വിശ്വാസികളോട് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ മത മേലധ്യക്ഷന്മാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇടതുമുന്നണി പ്രവര്‍ത്തകര്‍ ലോങ് റാലിയില്‍ പങ്കെടുക്കുന്നില്ല. വ്യാപാരികള്‍ ലോങ് മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് അറിയിച്ചിരുന്നു.

പ്രദേശം വനഭൂമിയാണെന്ന വനംവകുപ്പിന്റെ നിലപാടിനെ തുടര്‍ന്നാണ് 14.5 കിലോമീറ്റര്‍ റോഡ് വികസനം പ്രതിസന്ധിയിലായിരിക്കുന്നത്. കേന്ദ്ര വനം-വന്യജീവി വകുപ്പിന്റെ അനുമതിയോടെയാണോ നിര്‍മാണം നടക്കുന്നതെന്ന് പരിശോധിക്കണമെന്നും അല്ലാത്തപക്ഷം നിര്‍ത്തിവയ്ക്കണമെന്നും ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു.