മുട്ടം: ഇരുപത്തിരണ്ട്‌ എഫ്.ഐ.ആറുകൾ രജിസ്റ്റർചെയ്ത കുമാരമംഗലം പോക്‌സോ കേസിൽ പെൺകുട്ടിയെ ബലാത്സംഗംചെയ്ത യുവാവിന് 30 വർഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ. അഞ്ചിരി കുളങ്ങരമലയിൽ വീട്ടിൽ ജോബി(34)നെയാണ് കേസിൽ കോടതി ശിക്ഷിച്ചത്. 2021 ഒക്ടോബർ 17-ന് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു.

To advertise here,

പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുവർഷം കൂടി ജയിലിൽ കഴിയണമെന്നും ജഡ്ജി ആഷ് കെ. ബാലിന്റെ വിധിയിൽ പറയുന്നു. ഇരയ്ക്കുള്ള നഷ്ടപരിഹാര ഫണ്ടിൽനിന്ന്‌ അതിജീവിതയ്ക്ക് അഞ്ചുലക്ഷംരൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു. പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.

കുമാരമംഗലം പോക്സോ കേസിലെ മറ്റൊന്നിൽകൂടി വിധി പ്രസ്താവിക്കേണ്ടതായിരുന്നു. എന്നാൽ, വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയെ നേരിട്ട് ഹാജരാക്കാത്തതിന്റെ പേരിൽ മാറ്റിവെച്ചു. കേസ് 18-ന് വിധി പറയാൻ മാറ്റി. അന്ന് പ്രതിയെ കർശനമായും ഹാജരാക്കണമെന്നും ജഡ്ജി നിർദേശിച്ചു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 22 സാക്ഷികളെ വിസ്തരിച്ചു. 38 രേഖകളും ശാസ്ത്രീയതെളിവുകളും ഹാജരാക്കി. തൊടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.സി. വിഷ്ണുകുമാറാണ് കേസിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പയസ് മാത്യു, അഡ്വ. ഫ്രാൻസിസ് പയസ്, അഡ്വ.ആൻസി ഫിലിപ്പ് എന്നിവർ ഹാജരായി.

പ്രോസിക്യൂഷൻ ലെയ്‌സൺ സഹായികളായി സബ് ഇൻസ്‌പെക്ടർ വി.സി. അജിലാൽ അതിജീവിതയുടെ ലെയ്‌സൺ ഓഫീസർ നീതു കൃഷ്ണൻ, സി.പി.ഒ. പി.കെ. ജനിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിച്ചു.

2017 മുതൽ 2022 വരെയുള്ള കാലയളവിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. പീഡനവിവരം അമ്മയ്ക്കും വല്യമ്മയ്ക്കും അറിയാമായിരുന്നു. ഏഴ് കേസുകളിൽ അതിജീവിതയുടെ അമ്മയും ഇടനിലക്കാരനും കൂട്ടു പ്രതികളാണ്. അതിജീവിതയുടെ ശൈശവ വിവാഹം 2020 ജൂൺ ഏഴിന് വീട്ടുകാർ നടത്തി. ഇതുസംബന്ധിച്ച് വെള്ളത്തൂവൽ പോലീസ് അമ്മയടക്കമുള്ളവരെ പ്രതിയാക്കി കേസെടുത്തിരുന്നു.

പെൺകുട്ടിയുടെ രക്ഷാകർത്താവായി വല്യമ്മയെ ശിശുസംരക്ഷണ സമിതി നിയമിച്ചു. ഈ വല്യമ്മയുടെയുടെ കൂടെ താമസിക്കുന്നതിനിടെയാണ് ഇവരും കുട്ടിയുടെ അമ്മയും ഇടനിലക്കാരും ചേർന്ന് അഞ്ചുവർഷത്തോളം പലയിടങ്ങളിലായി കൊണ്ടുനടന്ന് പീഡിപ്പിക്കാൻ സൗകര്യമൊരുക്കിയത്. 2022 ഏപ്രിൽ രണ്ടിന് വയറുവേദനയെ തുടർന്ന് ആശുപത്രിയിലായപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്നറിയുന്നത്.

കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 28 പോക്‌സോ കേസുകൾ രജിസ്റ്റർചെയ്തത്. ഇതിലുൾപ്പെട്ട അഞ്ച് കേസുകളിൽ പ്രതികളെ ശിക്ഷിച്ചു. പല കേസുകളിലും പ്രതിയായ അതിജീവിതയുടെ അമ്മ ഒരുവർഷംമുമ്പ് മരിച്ചു. വിചാരണ പൂർത്തിയാക്കി വിധി പറയാനിരിക്കെ മറ്റൊരു പ്രതിയും ജീവനൊടുക്കി.