നാല്‍പ്പത്തിയഞ്ചില്‍ നിന്ന് പന്ത്രണ്ടിലേക്ക്... മാസങ്ങളോളം പഴക്കമുള്ള മൂത്രത്തിന്റെയും മലത്തിന്റേയും തിങ്ങിനിറഞ്ഞ ഗന്ധമുള്ള കൊച്ചിയിലെ വീടുകള്‍ക്ക് താത്കാലിക ആശ്വാസം. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപ്പിടിത്തമുണ്ടായതിന് ശേഷം സാനിറ്ററി നാപ്കിനുകളും ഡയപ്പറുകളുമടക്കമുള്ള ബയോ മെഡിക്കല്‍ മാലിന്യങ്ങളുടെ ശേഖരണം നിലച്ചിരിക്കുകയായിരുന്നു. ആക്രി ആപ്പ് വഴി പുതിയ കരാറുകാര്‍ ഇവ തരം തിരിച്ച് സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പലപ്പോഴും അത് പ്രാവര്‍ത്തികമായില്ല. എപ്പോഴെങ്കിലും അവര്‍ എത്തിയാല്‍ തന്നെ കിലോയ്ക്ക് 45 രൂപയും ജിഎസ്ടിയും എന്ന തോതില്‍ ബയോ മാലിന്യം കൈമാറുക ഭൂരിപക്ഷമാളുകള്‍ക്കും സാധ്യവുമല്ലായിരുന്നു.

To advertise here,

കുഞ്ഞുങ്ങള്‍ ഉള്ള വീടുകളും മുതിര്‍ന്നവരും ഭിന്നശേഷിക്കാരും ഉള്‍പ്പെടെയുള്ള അഡല്‍റ്റ് ഡയപ്പര്‍ ഉപയോഗിക്കുന്നവരുടെ വീടുകളും ഇതോടെ തീരാദുരിതത്തിലായി. ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ കോര്‍പറേഷന് അനക്കമുണ്ടായി. എല്ലാ ആഴ്ചയും ബയോമെഡിക്കല്‍ മാലിന്യം ശേഖരിക്കുമെന്നും ഒരു കിലോ മാലിന്യത്തിന് 12 രൂപയും ജിഎസ്ടിയും നല്‍കിയാല്‍ മതിയെന്നുമാണ് പുതിയ അറിയിപ്പ്. എന്നാല്‍, ഇതുപോലും താങ്ങാനാവാത്ത സാഹചര്യമാണ് പല വീടുകളിലുമുള്ളതെന്ന് തമ്മനം ഡിവിഷനില്‍നിന്നുള്ള പ്രതിപക്ഷ കൗണ്‍സിലര്‍ സക്കീര്‍ ചൂണ്ടിക്കാട്ടുന്നു.

'പുതിയ തീരുമാനം വലിയ ആശ്വാസം നല്‍കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍, ഈ പന്ത്രണ്ട് രൂപയും സാധാരണ കുടുംബങ്ങള്‍ക്ക് വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ബയോമെഡിക്കല്‍ മാലിന്യം ശേഖരിക്കാത്ത വിഷയം കോര്‍പറേഷന്‍ കൗണ്‍സിലില്‍ പല തവണ പ്രതിപക്ഷം ഉന്നയിച്ചിരുന്നെങ്കിലും കോര്‍പറേഷന്‍ ഗൗരവത്തിലെടുത്തിരുന്നില്ല എന്നതാണ് വാസ്തവം. മാതൃഭൂമി വാര്‍ത്തക്ക് പിന്നാലെയാണ് 12 രൂപയായി കുറച്ച നടപടി ഉണ്ടാകുന്നത്.  ബ്രഹ്‌മപുരത്ത് തീപിടുത്തമുണ്ടാകുന്നതിന് മുമ്പ് യാതൊരു പണവും വാങ്ങാതെയാണ് കോര്‍പറേഷന്‍ മാലിന്യം ശേഖരിച്ചിരുന്നത്. അതുപോലെ തന്നെ ഇനിയും മാലിന്യം ശേഖരിക്കണം. കോര്‍പറേഷനില്‍ ഈ ആവശ്യം ശക്തമായി ഉന്നയിക്കും' -സക്കീര്‍ വ്യക്തമാക്കി.

ഡയപ്പറുകള്‍ വാങ്ങാനും കളയാനും വരുന്ന ചെലവ് കുടുംബങ്ങളെ എത്രമാത്രം ബാധിക്കുന്നെന്ന് പാലാരിവട്ടം പൈപ്പ്‌ലൈന്‍ റോഡില്‍ താമസിക്കുന്ന ഷഹീനയുടെ വാക്കുകള്‍ വ്യക്തമാക്കും. 'മകന്‍ ഓട്ടിസം ബാധിച്ച കുട്ടിയാണ്. അവനിപ്പോള്‍ ഏഴ് വയസുണ്ട്. പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ അസിസ്റ്റന്റ് സയിന്റിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഞാന്‍. കുഞ്ഞ് ഹൈപ്പര്‍ ആക്ടീവ് ആണ്. അതുകൊണ്ട് തന്നെ സ്‌പെഷ്യല്‍ സ്‌കൂളില്‍ വിട്ടാലും അവനിങ്ങനെ ഓടി നടക്കുന്നതുകൊണ്ട് പുറത്ത് കാത്തിരിക്കണം. കഴിഞ്ഞ ഒന്നര വര്‍ഷമായി പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിലെ ജോലി രാജിവെച്ച് കുഞ്ഞിനേയും കൊണ്ട് നടക്കുകയാണ്. അവനിപ്പോള്‍ പ്രധാനമായും ചെയ്യുന്നത് സ്പീച്ച് തെറാപ്പിയാണ്.  മുമ്പ് സ്പീച്ച് തെറാപ്പി ചെയ്ത് നല്ല മാറ്റം വന്നെങ്കിലും സ്‌പെഷ്യല്‍ സ്‌കൂളില്‍ സ്പീച്ച് തെറാപ്പി നിര്‍ത്തി. ഇതോടെ കഴിഞ്ഞ കുറേ നാളുകളായി യാതൊന്നും ചെയ്യാതിരിക്കുകയായിരുന്നു. ഓരോ സ്റ്റേജുകളിലും ഓരോ തെറാപ്പികളാണ് കുഞ്ഞിന് ചെയ്യേണ്ടത്. ആഴ്ചയിലൊരു ദിവസമാണ് സ്പീച്ച് തെറാപ്പി ഇപ്പോള്‍ ചെയ്യുന്നത്. നാല്പത് മിനിറ്റിന് 800 രൂപയൊക്കെ സ്പീച്ച് തെറാപ്പിയ്ക്ക് നല്‍കണം. ഭര്‍ത്താവ് മാത്രമാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. നമ്മുടെ വീട്ടു ചെലവുകള്‍, കുഞ്ഞിന്റെ ഇത്തരത്തിലുള്ള ചെലവുകള്‍ ഇതിനെല്ലാം പുറമേയാണ് ഡയപ്പറിനായി വരുന്ന ചെലവ്. ഒരു ഡയപ്പര്‍ തന്നെ ഒരു കിലോ ഉണ്ടാകും. ദിവസത്തില്‍ മൂന്നോ നാലോ ഡയപ്പറുകള്‍ വേണ്ടിവരും. അപ്പോള്‍ ഒരു മാസം വരുന്ന ചെലവ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് വലിയ ബാധ്യത തന്നെയാണ്.'' ഷാഹിന പറഞ്ഞു.

കിടപ്പിലായ രോഗിയടക്കം അഞ്ച് പേരടങ്ങുന്ന കുടുംബം കഴിയുന്ന കലൂരിലെ വീട്ടില്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. രണ്ട് മുറികള്‍ കൂടാതെ ഒരു കുഞ്ഞ് അടുക്കളയും ഒരു ചെറിയ വര്‍ക്ക് ഏരിയയുമുണ്ട്. മൂക്കുപൊത്താതെ വീടിനുള്ളില്‍ കടക്കാന്‍ സാധിക്കില്ല. കഴിഞ്ഞ രണ്ട് മാസമായി കിടപ്പിലായ അമ്മയ്ക്കുവേണ്ടി ഉപയോഗിച്ച ഡയപ്പറുകള്‍ ആ വീടിനുള്ളിലുണ്ട്. ഇവ എന്ത് ചെയ്യണമെന്ന് അറിയാതെ എല്ലാം വീടിനുള്ളില്‍ തന്നെ കവറുകളിലും ചാക്കുകളിലുമെല്ലാം കെട്ടിവെച്ചിരിക്കുകയാണ് അവര്‍. ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. ഭര്‍ത്താവിന്റെ വരുമാനത്തിലാണ് ആ കുടുംബം കഴിയുന്നത്. മാസംതോറും മൂവായിരത്തിലധികം രൂപ ഡയപ്പര്‍ വാങ്ങുന്നതിന് മാത്രം വേണം. ഇത്കൂടാതെ മറ്റ് ചികിത്സാ ചെലവുകളുമൊക്കെയുണ്ട്. വീട്ടുചെലവും കഴിച്ചുവേണം ഇവര്‍ക്ക് ഡയപ്പര്‍ സംസ്‌കരിക്കാനുള്ള പണം കണ്ടെത്താന്‍! ഇത്തരമൊരു സാഹചര്യത്തില്‍ കഴിയുന്നതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വേറെയും.

ഖരമാലിന്യ സംസ്‌കരണ നിയമം റൂള്‍സ് 15 പ്രകാരം ഖരമാലിന്യങ്ങള്‍ ശേഖരിക്കേണ്ടത് കോര്‍പറേഷന്റെ ഉത്തരവാദിത്തമാണ്. ഓരോ വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുകയെന്നത് നിയമപ്രകാരം കോര്‍പറേഷനില്‍ നിക്ഷിപ്തമായിരിക്കുന്നു. മാലിന്യങ്ങളെ മൂന്നായി വേര്‍തിരിച്ച് അവ ശേഖരിക്കണമെന്നാണ് നിയമം പറയുന്നത്. ഞായറാഴ്ച ഉണ്ടായ അറിയിപ്പനുസരിച്ച് തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കാനാണ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ആക്രി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി (ടോള്‍ ഫ്രീ നമ്പര്‍: 1800 890 5089) സഹകരിച്ചാണ് സംവിധാനമൊരുക്കുന്നത്. ഓരോ വാര്‍ഡുകളിലും ഓരോ ദിവസമാണ് മാലിന്യങ്ങള്‍ ശേഖരിക്കുക. ഉപയോഗിച്ച ഡയപ്പറുകള്‍, സാനിറ്ററി നാപ്കിനുകള്‍, സിറിഞ്ചുകള്‍, കാലാവധി കഴിഞ്ഞ മരുന്നുകള്‍, മരുന്നു കുപ്പികള്‍, സ്ട്രിപ്പുകള്‍, സൂചികള്‍, ഡ്രസിംഗ് കോട്ടണുകള്‍ തുടങ്ങിയവ വീടുകളിലെത്തി ശേഖരിക്കുമെന്നാണ് കോര്‍പറേഷന്റെ അറിയിപ്പ്.

'ബയോ മെഡിക്കല്‍ മാലിന്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ബ്രഹ്‌മപുരം തീപ്പിടിത്തത്തിനുശേഷം മറ്റു വേസ്റ്റുകളുടെ കാര്യത്തിലും കോര്‍പറേഷനിലെ നിലവിലെ സ്ഥിതി ശോചനീയമാണ്,' ഐടി മേഖലയില്‍ ജോലി ചെയ്യുന്ന വൈറ്റില സ്വദേശി എബ്രഹാം പറയുന്നു. കിടപ്പുരോഗിയാണ് എബ്രഹാമിന്റെ പിതാവ്. 'ആക്രി ആപ്പ് ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തുന്ന മാലിന്യനിര്‍മാര്‍ജനം ഫലപ്രദമല്ലെന്ന് രണ്ടു മാസത്തിനിടെ വ്യക്തമായിട്ടുണ്ട്. ബയോമെഡിക്കല്‍ മാലിന്യത്തിന്റെ കാര്യത്തിലും ഇപ്പോഴുണ്ടായിരിക്കുന്ന പ്രഖ്യാപനം എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടുതന്നെ അറിയണം.'

മാലിന്യശേഖരണം പരീക്ഷണാടിസ്ഥാനത്തിലെന്ന് മേയര്‍

സംസ്ഥാനത്ത് ഇത്രയും കുറഞ്ഞ തുകയ്ക്ക് ബയോമെഡിക്കല്‍ മാലിന്യം സ്വീകരിക്കുന്നത് കൊച്ചി കോര്‍പ്പറേഷനില്‍ മാത്രമാണ്. ബയോമെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനത്തിനുള്ള ചിലവ് വഹിക്കുന്നത് കോര്‍പ്പറേഷനാണ്. ആപ്പ് വഴി മാലിന്യം ശേഖരിക്കുന്നതിനാണ് ചെറിയ തുക ഈടാക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു മാസത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് മാലിന്യ ശേഖരണം നടത്തുന്നത് -എം. അനില്‍കുമാര്‍, കൊച്ചി മേയര്‍.

'ടാക്‌സ് വാങ്ങുന്ന കോര്‍പറേഷന്‍ അടിസ്ഥാന ആവശ്യങ്ങളെങ്കിലും സൗജന്യമാക്കണം'

കൊച്ചിയിലെ ബയോമെഡിക്കല്‍  മാലിന്യ പ്രശ്‌നത്തെ ഒരു സാധാരണക്കാരിയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ഭിന്നശേഷിക്കാരുടെ കുടുംബങ്ങളും കിടപ്പുരോഗികളുടെ കുടുംബങ്ങളും വലിയ മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നു പോകുന്നത്. അതുകൂടാതെയാണ് സാമ്പത്തിക ബാധ്യതയും. എന്റെ ഡിവിഷനില്‍ തന്നെ ഇത്തരത്തിലുള്ള പല കുടുംബങ്ങളെയും അറിയാം. ജനങ്ങളില്‍ നിന്ന്  ടാക്‌സ് ഈടാക്കുന്ന കോര്‍പ്പറേഷന്‍ ജനങ്ങളുടെ ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങള്‍ സൗജന്യമായി ചെയ്തുകൊടുക്കാന്‍ ബാധ്യസ്ഥരാണ് -സുജ ലോനപ്പന്‍ (കൗണ്‍സിലര്‍, കൊച്ചി കോര്‍പറേഷന്‍).