മകള്‍ക്ക് 31 വയസുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ്. ദിവസവും രണ്ട് ഡയപ്പറുകളാണ് അവള്‍ക്ക് മാറുന്നത്. ഈ ഡയപ്പറുകളെല്ലാം ഞാന്‍ കഴുകിയ ശേഷം ഒരു പാത്രത്തിലാക്കി ഉപ്പിട്ട് അലിയിക്കും. എന്നിട്ടാണ് ഇത് കളയുന്നത്. അതിലെ പ്ലാസ്റ്റിക്കിനെ വേര്‍തിരിച്ച് പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം കൊടുത്തു വിടും. പിരീയഡ്‌സ് സമയത്തെ ബുദ്ധിമുട്ടിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ, ഞാന്‍ അവളുടെ അമ്മയല്ലേ, അമ്മയായതുകൊണ്ട് ഇതെല്ലാം മടി കൂടാതെ ചെയ്യും. പക്ഷേ, എനിക്ക് പുറത്ത് എവിടേക്കെങ്കിലും പോകണമെങ്കില്‍ എന്താണ് ചെയ്യുക? ഇതെല്ലാം ഇങ്ങനെ കൃത്യമായി ചെയ്യാന്‍ ഞാന്‍ ആരെയാണ് ഏല്‍പ്പിക്കുക.....?- കടവന്ത്ര സ്വദേശിയായ വീട്ടമ്മ ചോദിക്കുകയാണ്.  

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപ്പിടുത്തമുണ്ടായതിന് ശേഷം സാനിറ്ററി നാപ്കിനുകളും ഡയപ്പറുകളുമടക്കമുള്ള ബയോ മെഡിക്കല്‍ മാലിന്യങ്ങളുടെ ശേഖരണം നിലച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് കൊച്ചിയിലെ ജനങ്ങള്‍. കുട്ടികള്‍, കിടപ്പുരോഗികള്‍, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ ഇവരുടേയെല്ലാം കുടുംബങ്ങള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്. മാലിന്യ പ്ലാന്റില്‍ തീപിടുത്തമുണ്ടായതിന് ശേഷമാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും ഡയപ്പര്‍, സാനിറ്ററി നാപ്കിന്‍ തുടങ്ങിയവ ശേഖരിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും നഗരസഭ ഇവ ശേഖരിക്കാതെ വന്നതോടെ മൂക്കുപൊത്തി വീടിനുള്ളിലിരിക്കേണ്ട അവസ്ഥയിലാണ് കൊച്ചിയിലെ ജനങ്ങള്‍ക്ക്. സ്വകാര്യ ഏജന്‍സി വഴി ഇവ ശേഖരിക്കുമെന്നാണ് നഗര സഭ വ്യക്തമാക്കിയതെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. അതിന് വേണ്ടിവരുന്ന ചെലവു പല കുടുംബങ്ങള്‍ക്കും താങ്ങാന്‍ കഴിയാത്തതാണ്.

To advertise here,
placeholder
File Photo | Mathrubhumi
ബ്രഹ്‌മപുരം പ്ലാന്റില്‍ നിന്നുള്ള കാഴ്ച | ഫോട്ടോ: മാതൃഭൂമി

'കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി മകള്‍ക്ക് ദിവസവും ഡയപ്പര്‍ ഉപയോഗിക്കുന്നുണ്ട്. മുന്‍പ് ആഴ്ചയിലൊരിക്കല്‍ കോര്‍പറേഷനില്‍ നിന്നുള്ള തൊഴിലാളികള്‍ പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം ഇതും കൊണ്ടുപോകുമായിരുന്നു. അവര്‍ക്ക് കുറച്ച് അധികം പണം നല്‍കണമെന്ന് പറയുകയും അത് കൊടുക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, മാലിന്യപ്ലാന്റില്‍ തീപിടുത്തമുണ്ടായതിന് ശേഷം എല്ലാം തകിടം മറിഞ്ഞു. ഈ ഡയപ്പറുകള്‍ അവര്‍ കൊണ്ടുപോകില്ല. ഈ ഡയപ്പറുകളെല്ലാം ഞാന്‍ കഴുകിയ ശേഷം ഒരു പാത്രത്തിലാക്കി ഉപ്പിട്ട് അലിയിക്കും. എന്നിട്ടാണ് ഇത് കളയുന്നത്. അതിലെ പ്ലാസ്റ്റിക്കിനെ വേര്‍തിരിച്ച് പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം കൊടുത്തുവിടുകയുമാണ് ചെയ്യുന്നത്. അവള്‍ക്ക് പിരീയഡ്‌സ് ആകുന്ന ദിവസം കൂടുതല്‍ ഡയപ്പറുകള്‍ വേണ്ടി വരും. അതും വൃത്തിയാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ബുദ്ധിമുട്ടിനെപ്പറ്റി പറയേണ്ടതില്ലല്ലോ.

ഞാനും ഭര്‍ത്താവും റിട്ടയേഡ് ആയവരാണ്. രണ്ട് പേര്‍ക്കും പെന്‍ഷനൊന്നുമില്ല. കുഞ്ഞിന് ഡയപ്പറിനായി മാത്രം മൂവായിരത്തോളം രൂപയാകുമെങ്കില്‍ ഇത് സംസ്‌കരിക്കാനായി സ്വകാര്യ ഏജന്‍സിക്ക് നല്‍കാന്‍ ഇതിനെക്കാള്‍ തുക വേണ്ടി വരുമെന്നതാണ് അവസ്ഥ. ഈ അവസ്ഥയിലുള്ള കുഞ്ഞിനെ മറ്റൊരാളെ ഏല്‍പ്പിച്ച് എനിക്ക് എവിടേയും പോകാന്‍ കഴിയില്ല. ഭക്ഷണം കൊടുക്കാനോ മറ്റ് കാര്യങ്ങള്‍ക്കോ ഒന്നും പ്രയാസമുണ്ടാകില്ല. പക്ഷേ,  ഉപയോഗിച്ച ഡയപ്പറിനെ ഇങ്ങനെയൊക്കെ ചെയ്ത് വേണം നശിപ്പിക്കാനെന്ന് ഞാന്‍ എങ്ങനെ മറ്റെരാളോട് പറയും? ഞങ്ങളും കോര്‍പറേഷന് നികുതി അടക്കുന്നുണ്ട്. പക്ഷേ, കൊച്ചിയിലെ ജനങ്ങളുടെ അവസ്ഥ മനസിലാക്കാനോ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനോ കഴിയുന്നില്ലായെന്നതാണ് വാസ്തവം. 

ഒരു വയസായ കുഞ്ഞുള്ള അമ്മയ്ക്കൊരു പ്രതീക്ഷയുണ്ട് കൂടിപ്പോയാല്‍ ഒരു വര്‍ഷം വരെയേ കുഞ്ഞിന് ഇനി ഡയപ്പര്‍ ഉപയോഗിക്കേണ്ടി വരുകയുള്ളൂവെന്ന്. പക്ഷേ എനിക്ക് അങ്ങനെയല്ല. അവളുടെ ജീവിതാവസാനം വരെ ഈ ഡയപ്പര്‍ ഉപയോഗിക്കേണ്ടി വരും. സര്‍ക്കാരും കോര്‍പറേഷനുമൊന്നും ഞങ്ങളെപ്പോലെയുള്ള അമ്മമാരെ കാണാതെ പോകരുത്.' -  കടവന്ത്ര സ്വദേശിയായ വീട്ടമ്മ പറയുന്നു.

കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ ജൈവ മാലിന്യങ്ങള്‍ ആഴ്ചയില്‍ നാല് ദിവസവും ഉപയോഗശേഷം കഴുകി ഉണക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാസത്തിലൊരിക്കലും സാനിറ്ററി പാഡ്, ഡയപ്പറുകള്‍ തുടങ്ങിയവ മാസത്തിലൊരിക്കല്‍ ആക്രി ആപ്പ് വഴി ശേഖരിക്കുമെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ നല്‍കിയിരുന്ന വിവരം. എന്നാല്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും പാഡുകള്‍, നാപ്കിന്‍ പോലുള്ളവ കഴിഞ്ഞ രണ്ട് മാസത്തിലധികമായി മിക്ക വീടുകളിലും സൂക്ഷിച്ച നിലയിലാണ്. കോര്‍പറേഷന്‍ പരിധിയിലെ വീടുകളില്‍നിന്നുള്ള ബയോമെഡിക്കല്‍, സാനിറ്ററി മാലിന്യം എന്നിവ നേരത്തേ മാലിന്യ ശേഖരണത്തൊഴിലാളികള്‍ ശേഖരിച്ച് ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു ചെയ്തിരുന്നത്.

ഇതിന്റെ ശാസ്ത്രീയമായ സംസ്‌കരണം വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് വീടുകളില്‍നിന്നുള്ള ബയോമെഡിക്കല്‍ മാലിന്യം സ്വകാര്യ കമ്പനി വഴി ശേഖരിക്കാന്‍ തീരുമാനിച്ചത്. വീടുകളില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം ഹരിതകര്‍മ സേനകള്‍ വഴി ശേഖരിച്ചു ക്ലീന്‍ കേരള കമ്പനിക്കു കൈമാറി സംസ്‌കരിക്കുകയാണ്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കൊണ്ട് പത്രവാര്‍ത്തകളടക്കം വന്നിരുന്നെങ്കിലും നഗരത്തിലെ ഭൂരിപക്ഷം ജനങ്ങളും ഇതിനെക്കുറിച്ച് അജ്ഞരാണ്. കൂടാതെ സ്വകാര്യ ഏജന്‍സിയായ ആക്രി ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത് മാലിന്യം ഒഴിവാക്കാമെങ്കിലും കാലതാമസവും ഇതിന് വേണ്ടി വരുന്ന ചെലവും വലുതാണ്. കിടപ്പിലായ ഒരു രോഗിക്ക് വേണ്ടുന്ന ഡയപ്പറുകള്‍ വാങ്ങുന്നതിനെക്കാള്‍ വില നല്‍കണം ഇത് സംസ്‌കരിക്കണമെങ്കില്‍. ഫ്‌ലാറ്റുകള്‍, ഹോസ്റ്റലുകള്‍ എന്നിവടങ്ങളിലുള്ളവരാണ് പ്രധാനമായും ഇത്തരം ദുരിതമനുഭവിക്കുന്നത്. 

placeholder
കൊച്ചി കോർപ്പറേഷൻ

ബയോമെഡിക്കല്‍ മാലിന്യം ശേഖരിക്കുന്നതിനായി ആക്രി ആപ്പ്, പക്ഷെ ചെലവ് താങ്ങില്ല

പത്തോ ഇരുപതോ കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമായിരുന്നു ആദ്യമൊക്കെ ശേഖരിച്ചിരുന്നത്. തൃക്കാക്കര, കളമശ്ശേരി നഗരസഭകളില്‍ നിന്നായി ഓരോ മാസവും ഒരു ടണ്ണോളം പ്ലാസ്റ്റിക് മാലിന്യമാണ് ശേഖരിച്ചിരുന്നത്. ഇപ്പോള്‍ കൊച്ചി കോര്‍പറേഷനിലെ എഴുപത്തി നാല് ഡിവിഷനുകളിലായി മാത്രം ദിവസവും ഒരു ടണ്ണിന് മേലെ മാലിന്യമാണ് ദിവസവും ശേഖരിക്കുന്നത്. ഒരു മാസത്തില്‍ 25 ടണ്ണില്‍ക്കൂടുതല്‍ മാലിന്യമാണ് ഇപ്പോള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നത്. - ആക്രി ആപ്പ് സ്ഥാപകന്‍ ചന്ദ്രശേഖര്‍ പറഞ്ഞു.

കൊച്ചിയിലെ ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ഉള്‍പ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന ആപ്പാണ് ആക്രി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സ്ഥലവും പേര് വിവരങ്ങളും നല്‍കണം. മാലിന്യം ശേഖരിക്കാനുണ്ടെന്ന് ആപ്പ് വഴിയും ടോള്‍ഫ്രീ നമ്പറിലൂടെയും അറിയിക്കാം. 24 മണിക്കൂറിനുള്ളില്‍ ആക്രി ആപ്പിലെ ജീവനക്കാര്‍ മാലിന്യം നേരിട്ടെത്തി ശേഖരിക്കും. കെ ഇ എല്ലില്‍ എത്തിച്ചാണ് ഈ മാലിന്യം സംസ്‌കരിക്കുന്നത്. ഹരിത കര്‍മ സേന ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തിയതോടെയാണ് ആക്രി ആപ്പ് കൂടുതല്‍ സജീവമാകുന്നത്. ഒരു കിലോ മാലിന്യത്തിന് 45 രൂപ നല്‍കിയാല്‍ ആപ്പ് വഴി ശേഖരിക്കും. എന്നാല്‍, ഈ ആപ്പിനെക്കുറിച്ച് അറിയാത്തവരാണ്‌ കോര്‍പറേഷന്‍ പരിധിയിലെ മിക്ക ജനങ്ങളും. കൂടാതെ ഇതിനായി വേണ്ട ചെലവും പല കുടുംബങ്ങള്‍ക്കും താങ്ങാന്‍ കഴിയാത്തതാണ്. പത്ത് ഡയപ്പറുകളടങ്ങിയ ഒരു പാക്കറ്റിന് മുന്നൂറ് രൂപയാണെങ്കില്‍ ഇത് ഉപയോഗിച്ച ശേഷം നശിപ്പിക്കുന്നതിനായി അതിലും കൂടുതല്‍ തുക വേണ്ടി വരുന്നുണ്ട്.

placeholder
പ്രതീകാത്മക ചിത്രം | മാതൃഭൂമി

സാനിറ്ററി നാപ്കിനുകള്‍ എവിടെ? ലേഡീസ് ഹോസ്റ്റലുകള്‍ എന്ത് ചെയ്യുന്നു?

'ഹോസ്റ്റലിലെ പ്ലാസ്റ്റിക് മാലിന്യം ശുചീകരണ തൊഴിലാളികളെത്തി ശേഖരിച്ചു കൊണ്ടുപോയി. പക്ഷേ, ഇതുവരേയും പാഡ് പോലുള്ളവ ശേഖരിക്കാന്‍ ആരും എത്തിയിട്ടില്ല. നിലവില്‍ ഹോസ്റ്റലിലെ താമസക്കാരായ പെണ്‍കുട്ടികളോട്  ഉപയോഗിച്ച പാഡുകള്‍ വീട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കാനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അല്ലാതെ ഇത് ശേഖരിക്കാന്‍ വരുന്നതുവരെ ഹോസ്റ്റലില്‍ സൂക്ഷിക്കാനുള്ള സൗകര്യം നിലവിലില്ല. '- ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന ധന്യ പറഞ്ഞു.

'മുപ്പത് സെന്റോളം സ്ഥലത്തിനകത്തുള്ള വീട്ടിലാണ് ഹോസ്റ്റല്‍ നടത്തുന്നത്. പെണ്‍കുട്ടികളാണ് താമസക്കാര്‍. ബ്രഹ്‌മപുരത്ത് തീപിടുത്തമുണ്ടാകന്നതുവരെ കോര്‍പറേഷനില്‍ നിന്നുള്ളവരെത്തി സാനിറ്ററി നാപ്കിനുകളടങ്ങിയ മാലിന്യം കൊണ്ടുപോകുമായിരുന്നു. ഇപ്പോള്‍ ഇത് കൊണ്ടുപോകാതെ ആയതോടെ പേപ്പറും ചപ്പുചവറുകളോടുമൊപ്പം പാഡുകളും കത്തിച്ച് കളയുകയാണ് ചെയ്യുന്നത്.'- കലൂരില്‍ ഹോസ്റ്റല്‍ നടത്തുന്ന സ്ത്രീ പറയുന്നു.

കലൂരിലെ മറ്റൊരു ഹോസ്റ്റലില്‍ ബ്രഹ്‌മപുരത്ത് മാലിന്യ പ്രശ്‌നം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ സാനിറ്ററി നാപ്കിന്‍ ഇന്‍സനേറ്റര്‍ സ്ഥാപിച്ചിട്ടുള്ളതായും പറഞ്ഞു.
പത്തോളം ലേഡീസ് ഹോസ്റ്റലുകളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പലരും പ്രതികരിക്കുന്നതില്‍ വിമുഖത കാണിക്കുകയാണ്.

മാസങ്ങള്‍ക്ക് ശേഷം മാത്രം വീട്ടില്‍ പോകുന്നവരും മത്സരപരീക്ഷകളുടേയും മറ്റ് കോച്ചിങുകള്‍ക്കായും വന്ന് താമസിക്കുകയും അതിന് ശേഷമെല്ലാം മാത്രം വീട്ടില്‍ പോകുന്നവരുമാണ് ഹോസ്റ്റല്‍വാസികളായവര്‍. ഇവരെല്ലാം സ്വാഭാവികമായും സാനിറ്ററി നാപ്കിനുകള്‍ വീട്ടില്‍ കൊണ്ടുപോയി സംസ്്കരിക്കണമെന്ന നിര്‍ദേശം ലഭിച്ചാല്‍ എന്തായിരിക്കും ചെയ്യാന്‍ സാധിക്കുക. ഉപയോഗിച്ച സാനിറ്ററി പാഡ് എങ്ങനെ മാസങ്ങളോളം സൂക്ഷിക്കാന്‍ കഴിയും. മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നാല്‍ റോഡരികില്‍ തള്ളുകയായിരിക്കും ചെയ്യുന്നത്. കത്തിച്ചാലും ഇത്തരത്തില്‍ റോഡരികില്‍ തള്ളിയാലും ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വലുതാണെന്ന കാര്യം പലപ്പോഴും മറക്കേണ്ടി വരും. ഒരു കിടപ്പ് രോഗിക്ക് ദിവസം മൂന്നോ നാലോ വരെ ഡയപ്പര്‍ മാറ്റേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഇവ ദിവസങ്ങളോളം സൂക്ഷിക്കേണ്ടി വരുകയെന്നത് ശ്രമകരമാണ്. ഇവയെല്ലാം എന്ത് ചെയ്യണമെന്നാണ് പലരും ചോദിക്കുന്നത്.

അനാസ്ഥ വ്യക്തം;  ജൈവമാലിന്യവും റോഡില്‍ തന്നെ

മാലിന്യ ശേഖരണത്തിനായി മൂന്ന് സ്വകാര്യ ഏജന്‍സികളെയാണ് കൊച്ചി കോര്‍പറേഷന്‍ ഏല്‍പ്പിച്ചത്. ഇതില്‍ ഒരു ഏജന്‍സി തൊട്ടടുത്ത ദിവസം തന്നെ കരാറില്‍നിന്ന് പിന്മാറി. മറ്റ് രണ്ട് ഏജന്‍സികളും കാര്യമായി പ്രവര്‍ത്തിക്കുന്നില്ലായെന്നാണ് തൊഴിലാളികള്‍ തന്നെ വ്യക്തമാക്കുന്നത്. 21 പോയിന്റുകളില്‍ നിന്നായി മാലിന്യം ശേഖരിക്കുമെന്നും ഇത് ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകില്ലെന്നുമാണ് കോര്‍പ്പറേഷന്‍ ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് മാലിന്യം ബ്രഹ്‌മപുരത്തേക്ക് തന്നെ കൊണ്ടുപോവുകയായിരുന്നു. ഇപ്പോഴും നഗരത്തില്‍ സുഗമമായി മാലിന്യ നീക്കം നടക്കുന്നില്ലായെന്നുള്ളതാണ് വാസ്തവം. നഗരത്തിലെ പല ഭാഗത്തും മാലിന്യം ചെറുതും വലുതുമായ കൂനകളായി നിറഞ്ഞിരിക്കുകയാണ്. വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കില്ലെന്നും ജൈവമാലിന്യങ്ങള്‍ മാത്രമേ കോര്‍പറേഷന്‍ ശേഖരിക്കുകയുള്ളൂവെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. വീടുകളില്‍ നിന്നുള്ള ജൈവമാലിന്യം ശേഖരിക്കുമ്പോഴും കടകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് മാലിന്യത്തിന്റെ അളവിനനുസരിച്ച് പണം ഈടാക്കുന്നുണ്ട്. ചെറിയ കടകളില്‍ നിന്നുപോലും വന്‍ തുക ഇത്തരത്തില്‍ ഈടാക്കുന്നുണ്ട്.  

മാലിന്യം ശേഖരിക്കല്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറി സ്വകാര്യവത്കരിക്കാനുള്ള ശ്രമം

'ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കാനാണ് ഞങ്ങള്‍ക്ക് നിര്‍ദ്ദേശം കിട്ടിയിട്ടുള്ളത്. ഡയപ്പറടക്കമുള്ള സാധനങ്ങള്‍ ശേഖരിക്കാനായി ഒരു കമ്പനിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അവര്‍ എല്ലാ മാസവും വന്ന് ശേഖരിക്കുമെന്നാണ് ഞങ്ങളോട് കോര്‍പറേഷനില്‍ നിന്ന് പറഞ്ഞിട്ടുള്ളത്. ഒരു കിലോക്ക് അമ്പതോ അറുപതോ രൂപ അവര്‍ക്ക് കൊടുക്കണം. ഇതുവരേയും ആരും വന്നിട്ടില്ലെന്ന് പറഞ്ഞും ഇതൊക്കെ എന്ത് ചെയ്യുമെന്ന് ചോദിച്ചും മാലിന്യം ശേഖരിക്കാന്‍ പോകുമ്പോള്‍ എല്ലാവരും ഞങ്ങളോട് പരാതി പറയുകയാണ് ചെയ്യുന്നത്'.- കലൂര്‍ ആസാദ് റോഡിലെ വീടുകളില്‍നിന്നു പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയായിരുന്ന മാലിന്യ ശേഖരണ തൊഴിലാളി പറഞ്ഞു.

മാലിന്യം ശേഖരിക്കല്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറി സ്വകാര്യ വത്കരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നാണ്ശുചീകരണ തൊഴിലാളി നേതാവ് പി.എന്‍. ബാബുവിന്റെ ആരോപണം. ഹോട്ടലുകളില്‍നിന്നും മറ്റുമുള്ള മാലിന്യങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യ കമ്പനിയാണ്. എന്നാല്‍, ഇവര്‍ക്ക് മാലിന്യം ശേഖരിച്ചു കൊണ്ടുപോകുന്നതിന് ഭീമമായ തുക നല്‍കേണ്ടി വരുന്നതോടെ ഹോട്ടലുകാര്‍ ഭക്ഷണാവശിഷ്ടങ്ങള്‍ റോഡരികില്‍ തള്ളുകയാണ് ചെയ്യുന്നത്. കൊച്ചിയിലെ നിരത്തുകളില്‍ നിറയെ മാലിന്യം കുമിഞ്ഞു കൂടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. തൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണമോ തൊഴില്‍ സുരക്ഷയോ കോര്‍പറേഷന്‍ നല്‍കുന്നില്ല. പുതിയതായി മാലിന്യ ശേഖരണത്തിനായി കോണ്‍ട്രാക്ട് തയാറാക്കിയപ്പോള്‍ അതിന്റെ മുകളില്‍ ഒരു വാചകം ഉണ്ടായിരുന്നു.- 'കോര്‍പറേഷന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ നിന്നും കോര്‍പറേഷന്‍ നിര്‍ദ്ദേശിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന്.- ഇപ്പോള്‍ വഴിയരികില്‍ നിറയെ തള്ളിയിട്ടുള്ള മാലിന്യങ്ങള്‍ വൃത്തിയാക്കുകയാണ്. ഇതിന് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും തന്നെ നല്‍കുന്നില്ല. കഴിഞ്ഞ ദിവസം മാലിന്യ ശേഖരണ തൊഴിലാളി യൂണിയന്‍ സൂചന പണിമുടക്ക് നടത്തി. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പാണ് ഇപ്പോല്‍ കോര്‍പറേഷന്‍ നടത്തുന്നത്. ' - ബാബു പറഞ്ഞു.

placeholder
Photo: VK Aji/Mathrubhumi
ബ്രഹ്മപുരം തീപിടിത്തത്തിൽ നിന്ന് | ഫോട്ടോ: മാതൃഭൂമി

പകര്‍ച്ചവ്യാധികള്‍ കൂടുന്നു, 14 ദിവസത്തിനിടെ എട്ട് ഡെങ്കിപ്പനി മരണം?

മഴ ശക്തി പ്രാപിക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി മരണങ്ങളും രോഗബാധയും റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. ഇതിനിടെ ജില്ലയില്‍ വെസ്റ്റ്‌നൈല്‍ ബാധിച്ചും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിലെ അവ്യക്തതക്കിടയിലും ജൈവമാലിന്യങ്ങളുടെ ശേഖരണവും വലിയ പരാജയത്തിലേക്കാണ് നീങ്ങുന്നത്. കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ മുക്കിലും മൂലയിലും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.  പതിനാല് ദിവസത്തിനുള്ളില്‍ ജില്ലയില്‍ എട്ട് പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ബുധനാഴ്ച മുപ്പത് പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ ഈ മാസം മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ച് നിരീക്ഷണത്തിലുള്ളത് 225 പേര്‍ക്കാണ്.  കോര്‍പറേഷന്‍ പരിധിയിലെ മിക്ക സ്ഥലങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചാ വ്യാധികളും കൂടുമെന്ന വിലയിരുത്തലിലാണ് ജില്ലാ ആരോഗ്യ വകുപ്പ്. ഇതിന്റെ ആശങ്ക ജനങ്ങള്‍ക്കുമുണ്ട്. വൃത്തിഹീനമായ സാഹചര്യത്തില്‍ നഗരത്തില്‍ ഇനിയും ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ചാവ്യാധികളും പടര്‍ന്നുപിടിക്കാനുള്ള സാധ്യത വളരെ വലുതാണ്