കൊച്ചി: പ്രവർത്തനരഹിതമായ ഇലക്ട്രിക് ടോയ്കാർ നൽകി ഉപഭോക്താവിനെ കബളിപ്പിച്ചുവെന്ന പരാതിയിൽ വ്യാപാരിക്ക് പിഴയിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. കളിപ്പാട്ടം നന്നാക്കി കൊടുക്കുകയോ അതിൻ്റെ വില തിരിച്ചുനൽകുകയോ ചെയ്യണമെന്നും 4000 രൂപ നഷ്ടപരിഹാരം കൊടുക്കണമെന്നും കമ്മിഷൻ വിധിച്ചു. എറണാകുളം വടവുകോട് സ്വദേശി അജേഷ് ശിവൻ നൽകിയ പരാതിയിലാണ് ഉത്തരവ്.
45 ദിവസങ്ങൾക്കകം ടോയ് കാർ നന്നാക്കി കൊടുക്കുകയോ അതിൻ്റെ വിലയായ 2049 രൂപ തിരിച്ചുനൽകുകയോ വേണം. കൂടാതെ മനഃക്ലേശത്തിനും സേവനത്തിലെ പോരായ്മയ്ക്കും പരിഹാരമായി മൂവായിരം രൂപയും കോടതി ചെലവായി ആയിരം രൂപയും 45 ദിവസത്തിനകം നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു.
ക്രിസ്റ്റൽ ഫാഷൻസ് എന്ന സ്ഥാപനത്തിൽനിന്ന് 2049 രൂപയ്ക്ക് തന്റെ കുട്ടിക്കായി വാങ്ങിയ റീചാർജ് ചെയ്യാവുന്ന ടോയ് കാർ പൂർണമായും പ്രവർത്തിക്കാതിരുന്നതിനെ തുടർന്നാണ് അജേഷ് ശിവൻ കോടതിയെ സമീപിച്ചത്. 2023 ഡിസംബറിലാണ് പരാതിക്കാരൻ കളിപ്പാട്ടം വാങ്ങിയത്. കടയുടമ നൽകിയ നിർദേശപ്രകാരം മൂന്ന് മണിക്കൂർ ചാർജ് ചെയ്തങ്കിലും കാർ ഉപയോഗിക്കുമ്പോൾ അഞ്ചുമിനിറ്റിനുള്ളിൽ പ്രവർത്തനരഹിതമാകുകയായിരുന്നു. ഇത് പലതവണ ആവർത്തിക്കുകയും ചെയ്തു.
പ്രശ്നം കടയുടമയെ അറിയിച്ചെങ്കിലും പ്രതികരണം മോശമായിരുന്നു. ഇതോടെ പരാതിക്കാരൻ പരാതി നൽകുകയായിരുന്നു. ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Content Highlights: Kochi consumer won ₹4000 compensation after a faulty electric toy car
Published: 31 May 2025, 09:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented