കൊച്ചി: ''വായുമലിനീകരണത്തെ കുറിച്ച് ഭീതി പരത്താനാണ് ചിലരുടെ ശ്രമം. കൊച്ചി ഡൽഹി പോലെയായി എന്നാണവർ പ്രചരിപ്പിക്കുന്നത്. അത് വാസ്തവമല്ല''- പറയുന്നത് മലിനീകരണ നിയന്ത്രണ ബോർഡ് മെംബർ സെക്രട്ടറി ഡോ. രതീഷ് മേനോൻ.

To advertise here,

''വായുനിലവാരം സംബന്ധിച്ച കണക്കുകളുമായി ചിലർ സമീപിക്കാറുണ്ട്. എന്നാൽ അത്തരം കണക്കുകൾ വരുന്ന സൈറ്റുകളിൽ പറയുന്ന കാര്യങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനമില്ല. തങ്ങളുടെ എയർ പ്യൂരിഫയർ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ലക്ഷ്യമിട്ട് ചില കമ്പനികൾ തന്നെയാണ് ഇത്തരം സൈറ്റുകൾ ഒരുക്കുന്നതെന്നാണ് ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അറിഞ്ഞത്. അതിന്റെ സൂചനകൾ ആ സൈറ്റുകളിൽ ആർക്കും കാണാനാകും. ഇത്തരത്തിൽ ഭീതി പരത്തുന്നത് ശരിയല്ല''- വായുമലീനീകരണം ആരോഗ്യത്തിനുയർത്തുന്ന വെല്ലുവിളികളെ കുറിച്ച് കുസാറ്റ് സ്‌കൂൾ ഓഫ് എൺവയൺമെന്റൽ സ്റ്റഡീസ് സംഘടിപ്പിച്ച ആഗോള സിമ്പോസിയത്തിൽ പങ്കെടുക്കാനെത്തിയ ഡോ. രതീഷ് മേനോൻ മാതൃഭൂമിയോട് സംസാരിച്ചു.

കുഞ്ഞു സെൻസറുകൾ ഇപ്പോൾ വിപണിയിൽ വാങ്ങാൻ കിട്ടും. വായു മലീനീകരണത്തെക്കുറിച്ചു കേട്ട് ആളുകൾ അതെല്ലാം വാങ്ങിവെയ്ക്കുന്നു. മലിനീകരണത്തിൽ ദേശീയമാനദണ്ഡങ്ങളുണ്ട്. ഇല്ലാത്തത് പ്രചിപ്പിക്കുന്നവർ അതൊന്നും കണക്കാക്കുന്നില്ല. വായു പൂർണമായും ശുദ്ധമാണെന്നല്ല അർഥം. തീർച്ചയായും പ്രശ്‌നങ്ങളുണ്ട്. ദേശീയപാത നിർമാണവും കെട്ടിടനിർമാണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ മൂലം മലിനീകരണം കൂടിയിട്ടുണ്ട്. വായു മലിനീകരണത്തിൽ എടുക്കേണ്ട നടപടികൾ, മുൻകരുതൽ എന്നിവയെ കുറിച്ചെല്ലാം നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ദേശീയപാത അതോറിറ്റി, വിവിധ കോർപ്പറേഷനുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, റെയിൽവേ എന്നിവയ്‌ക്കെല്ലാം നിർദേശങ്ങൾ കൊടുത്തിട്ടുണ്ട്. ജലമലിനീകരണത്തെ കുറിച്ച് ജനങ്ങൾക്ക് ബോധ്യമുണ്ട്. വായുവിന്റെ കാര്യത്തിൽ അതില്ല. കാലാവസ്ഥാ വ്യതിയാനവും മലിനീകരണത്തെ ഇന്ന് സ്വാധീനിക്കുന്നു. ഒരുഭാഗത്തെ നീളമുള്ള കടൽത്തീരം കേരളത്തിന് വലിയ വരദാനമാണ്. കാറ്റിനൊപ്പം വായുവിലെ മാലിന്യം മാറിപ്പോകാൻ സമുദ്രസാമീപ്യം സഹായകമാണ്. ഹിമാലയത്തിലെ തണുപ്പ് ഒരു അടപ്പിട്ട് വെച്ചതുപോലെ ഡൽഹിക്കു മുകളിലുണ്ട്. ഇവിടെ അങ്ങനെയൊരു പ്രശ്‌നമില്ല. കേരളത്തിൽ ഈ ശൈത്യകാലത്ത് കാറ്റ് കുറവായിരുന്നു. സമുദ്രത്തിൽ ചൂട് കൂടുന്നുണ്ട്. കടൽനിരപ്പ് തന്നെ ഉയരുന്നുണ്ട്. ഇതെല്ലാം ശുദ്ധമായ വായുവിന് പ്രതികൂല ഘടകങ്ങളാണ്- ഡോ. രതീഷ് മേനോൻ പറഞ്ഞു.