ഇന്ത്യയിലെ സെലിബ്രിറ്റികളുടെ ഇഷ്ട വാഹനങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലാണ് റേഞ്ച് റോവർ എസ്‌യുവികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വാഹനവും റേഞ്ച് റോവറാണ്. അദ്ദേഹം ഉപയോഗിക്കുന്നതിന് സമാനമായ വാഹനം സ്വന്തമാക്കുകയാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എന്നാൽ, അദ്ദേഹത്തിന് യാത്ര ചെയ്യാൻ മാത്രമുള്ള ഒരു വാഹനമല്ല വാങ്ങുന്നത്. റേഞ്ച് റോവറിന്റെ നാല് എസ്‌യുവികളാണ് നിതീഷ് കുമാറിന്റെ വാഹന വ്യൂഹത്തിലേക്ക് എത്തുന്നത്.

To advertise here,

2.79 കോടി രൂപ വീതം വിലയുള്ള റേഞ്ച് റോവറാണ് ബിഹാർ സർക്കാർ വാങ്ങുന്നതെന്നാണ് വിവരം. ഇതിനായി 11.17 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. 2025 ജൂലായിലാണ് റേഞ്ച് റോവർ വാങ്ങാൻ തീരുമാനിച്ചത്. ഇതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്. നിതീഷ് കുമാർ ഇതുവരെ ഉപയോഗിച്ചിരുന്ന ഇലക്ട്രിക് വാഹനത്തിൽ നിന്നുള്ള പ്രധാന മാറ്റമായാണ് പുതിയ വാഹനങ്ങൾ എത്തുന്നതിനെ വിലയിരുത്തുന്നത്.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന റേഞ്ച് റോവർ എസ്‌യുവികൾ വാഹന വ്യൂഹത്തിൽ എത്തിക്കുന്നത് സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഇതിനായി ബുള്ളറ്റ് പ്രൂഫ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഈ വാഹനത്തിൽ നൽകിയേക്കുമെന്നാണ് സൂചന. വാഹനം ഉടൻ എത്തുമെന്നും ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും വാഹന വ്യൂഹത്തിൽ ഇവ ഉൾപ്പെടുത്തുകയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

നിലവിൽ പാറ്റ്‌നയ്ക്കുള്ളിലെ യാത്രകൾക്കായി 50 ലക്ഷം രൂപയിൽ അധികം വിലയുള്ള ഹ്യുണ്ടായി അയോണിക് 5 എന്ന ഇലക്ട്രിക് വാഹനമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. തലസ്ഥാന നഗരിക്ക് പുറത്തേക്കുള്ള നിതീഷ് കുമാറിന്റെ യാത്രകൾ ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള ടാറ്റ സഫാരിയിലാണ്. പുതിയ റേഞ്ച് റോവറിന് പുറമെ, ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള നാല് ഫോർച്യൂണറും ബിഹാർ ആഭ്യന്തര വകുപ്പ് അടുത്തിടെ വാങ്ങിയിരുന്നു. നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനമാണ് ബിഹാർ എന്നതും ശ്രദ്ധേയമാണ്.

സുരക്ഷയ്‌ക്കൊപ്പം ആഡംബര സംവിധാനങ്ങളുമുള്ള വാഹനമാണ് റേഞ്ച് റോവർ എസ്‌യുവികൾ. മികച്ച സീറ്റുകൾ, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, മസാജ് സംവിധാനം ഉൾപ്പെടെയുള്ള സീറ്റുകൾ, എന്റർടെയ്ൻമെന്റ് ഫീച്ചറുകൾ തുടങ്ങിയവയാണ് ഈ വാഹനം നൽകുന്ന മറ്റ് സൗകര്യങ്ങൾ. റേഞ്ച് റോവർ ശ്രേണിയിൽ നിരവധി മോഡലുകൾ എത്തുന്നുണ്ടെങ്കിലും ബിഹാർ മുഖ്യമന്ത്രിക്കായി എത്തുന്ന മോഡലുകൾ ഏതെന്ന കാര്യത്തിൽ വ്യക്തതയില്ല.