കാസർകോട്: അഴീക്കോട് മണ്ഡലത്തിൽ എതിർ സ്ഥാനാർഥിയായി മത്സരിച്ച എം.വി. നികേഷ് കുമാറിനെ കിണറ്റിൽ ഇറക്കിയത് താനാണെന്ന് മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജി. ചാനലുകളിൽ പണിയെടുക്കുകയും കൂലി എ.കെ.ജി. സെന്ററിൽനിന്ന് വാങ്ങുകയും ചെയ്യുന്ന ഒരുവിഭാഗം മാധ്യമപ്രവർത്തകർ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ മുസ്ലിംലീഗ് ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴീക്കോട് തിരഞ്ഞെടുപ്പ് കാലത്ത് നികേഷിനെ കിണറ്റിലിറക്കിയത് തന്റെ ബുദ്ധിയായിരുന്നെന്ന് ഷാജി വെളിപ്പെടുത്തി. തിരഞ്ഞെടുപ്പിൽ മോണിങ് വാക്ക് എന്നൊക്കെപ്പറഞ്ഞ് രാഷ്ട്രീയമല്ലാത്ത ചില ഗിമ്മിക്കുകൾ കാണിച്ചുനടന്ന നികേഷിനെ വെള്ളമെടുക്കാനെന്ന വ്യാജേന കിണറ്റിലിറക്കിയത് താൻ ചിലരോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നെന്നാണ് ഷാജി പറയുന്നത്. അതൊരു ട്രെൻഡാകുമെന്ന് കരുതി ആ സാധു അതിലിറങ്ങി. പത്ത് മിനിറ്റിനുള്ളിൽ അവിടെച്ചെന്ന് അത് വീഡിയോ ആക്കി മാറ്റി. കിണറ്റിലിറങ്ങി വെള്ളമെടുക്കുന്നത് വേറെയെവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ആളുകൾ മരിക്കാൻ വേണ്ടിയോ അല്ലെങ്കിൽ നന്നാക്കാൻ വേണ്ടിയോ ഒക്കെയാണ് ആളുകൾ കിണറ്റിലിറങ്ങാറുള്ളതെന്നും ഷാജി പരിഹസിച്ചു.
പ്രസംഗത്തിൽ മാധ്യമപ്രവർത്തകരെ അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. ചാനലിനകത്തുനിന്ന് പുറത്തിറങ്ങി, കാഞ്ഞങ്ങാട്ട് ഒരു സ്റ്റേജ് കെട്ടി പരസ്യമായി സംവാദം നടത്താം. തന്റെ നാവിൽനിന്ന് ഏതെങ്കിലും മതത്തെ ആക്ഷേപിക്കുന്ന ഒരു വാക്ക് വന്നുവെന്ന് തെളിയിച്ചാൽ പരസ്യമായി മാപ്പുചോദിക്കാമെന്നും ഷാജി മാധ്യമപ്രവർത്തകരെ വെല്ലുവിളിച്ചു. തന്റെ വീട് റെയ്ഡ് ചെയ്തതിനെക്കുറിച്ചും 25 ലക്ഷം രൂപ പിടിച്ചെടുത്തതിനെക്കുറിച്ചും വാർത്ത കൊടുത്ത മാധ്യമപ്രവർത്തകർ, പോലീസ് ആ പണം തിരികെ ഏൽപ്പിച്ച കാര്യം പുറത്തുപറഞ്ഞില്ലെന്നും ഷാജി വിമർശിച്ചു.
തന്നെ കുമ്മനം ഷാജിയെന്നും മോദി ഭക്തനെന്നും മുസ്ലിം വർഗീയവാദിയെന്നും പണ്ഡിതന്മാരെ ചീത്ത പറയുന്നവനെന്നും വിളിച്ച് ആക്ഷേപിച്ചു. റൂഹ് പോകുന്നതുവരെ നെറികേടുകൾക്കെതിരേ സംസാരിച്ചുകൊണ്ടിരിക്കും. ഞങ്ങളുടെ നട്ടെല്ല് വളയുകയില്ല. ഞങ്ങൾക്ക് ആവേശം ഒളിവിലിരുന്ന എ.കെ.ജി.യിൽനിന്നല്ല, പകരം നെഞ്ചുവിരിച്ച സി.എച്ച്. മുഹമ്മദ് കോയയിൽനിന്നാണെന്നും ഷാജി പറഞ്ഞു. ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് ഭരണം പോയപ്പോൾ അവിടത്തെ ആളുകൾ ഇവിടത്തെ ഹോട്ടലുകളിൽ പാത്രം കഴുകാൻ വരേണ്ടിവന്നു. അതിനായുള്ള ട്രെയിനിങ് നടത്തിയതാണ് എം.എ. ബേബിയെന്നും അദ്ദേഹം വിമർശിച്ചു.
Published: 24 Jan 2026, 06:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented