
കോട്ടയം: കർഷകർ പ്രക്ഷോഭപാതയിലായതോടെ വീണ്ടും വിലക്കയറ്റഭീഷണിയിലേക്ക് പഞ്ചസാര. ഇപ്പോൾ ചില്ലറവിപണിയിൽ 52 മുതൽ 55 രൂപവരെയാണ് വില. വിവിധ സംസ്ഥാനങ്ങളിൽ കരിമ്പിനും പഞ്ചസാരയ്ക്കും മെച്ചപ്പെട്ട വിലയ്ക്കായുള്ള കർഷകരുടെ സമ്മർദം തുടരുന്നതിനാൽ വില കൂടാൻ സാധ്യതയുണ്ടെന്ന് മൊത്തവ്യാപാരികൾ പറഞ്ഞു.
കർണാടകത്തിൽ കരിമ്പുകർഷകർ പഞ്ചസാരയുടെ താങ്ങുവില 60 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അരലക്ഷം കോടിയുടെ റവന്യൂ വരുമാനം വരുന്നതാണ് അവിടെ പഞ്ചസാരവിപണി. കരിമ്പിന് ടണ്ണിന് 800 രൂപപ്രകാരം ഉത്പാദനസഹായവും തേടിയിട്ടുണ്ട്. തമിഴ്നാട്ടിൽ ഇൗ സഹായം ടണ്ണിന് 700 രൂപയാണ്. ഗുജറാത്തിൽ 800, യു.പി.യിൽ 700 എന്നിങ്ങനെയാണ് പ്രോത്സാഹനബോണസ്. ഇവിടങ്ങളിലും കൃഷിക്കാർ സഹായം കൂടുതൽ തേടുന്നുണ്ട്.
പല സംസ്ഥാനങ്ങളിലും കരിമ്പ് എടുക്കൽ മാസങ്ങൾ വൈകിയതോടെ വിളവ് വല്ലാതെ കുറഞ്ഞിട്ടുണ്ട്. ജലക്ഷാമംകാരണം അടുത്ത കൃഷിക്ക് സാധ്യതയുമില്ല. ഉത്പാദനനഷ്ടംമൂലമുള്ള പ്രയാസങ്ങളാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. പലയിടത്തും ഗോഡൗണുകളിൽനിന്ന് ചരക്ക് നീക്കാൻ കൃഷിക്കാർ ഉപരോധം ഏർപ്പെടുത്തുന്ന സാഹചര്യവുമുണ്ടായി.
മില്ലുകാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ എഥനോളിന് പഞ്ചസാര കൊടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മൊത്തവ്യാപാരികൾക്ക് ശേഖരിച്ചുവെക്കാവുന്ന പഞ്ചസാരയുടെ അളവിലും നിയന്ത്രണം തുടരുന്നു.
ഒാണത്തിന് തൊട്ടുപിന്നാലെ മഹാരാഷ്ട്രയിൽനിന്ന് കിലോഗ്രാമിന് 58 രൂപ നിരക്കിലാണ് കേരള വ്യാപാരികൾ ചരക്കെടുത്തത്. വടക്കേ ഇന്ത്യയിലെ ഉത്സവസീസണായിരിേക്ക, പലയിടത്തും വില 55-നുമേലെ വന്നിട്ടുണ്ട്.
കേരളത്തിൽ പൊതുവിപണിയിൽ സപ്ലൈകോ ന്യായവിലയ്ക്ക് പഞ്ചസാര നൽകുന്നതാണ് ആശ്വാസം. ഇവർക്കും ഉത്പാദനകേന്ദ്രങ്ങളിലെ വിലക്കയറ്റം വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. പഞ്ചസാര, അരി എന്നിവയിൽ സബ്‌സിഡിവിലയും വിപണിവിലയും തമ്മിൽ ഇരട്ടിയുടെ വ്യത്യാസമാണുള്ളത്. പ്രതിമാസം 17 കോടി രൂപവരെയാണ് സപ്ലൈകോയ്ക്ക് ഇതുണ്ടാക്കുന്ന നഷ്ടം.
Content Highlights: Retail sugar price in Kerala ranges between Rs 52 and Rs 55 per kg., Sugarcane farmers demand higher MSP and production incentives across various states., Production losses and water scarcity lead to supply delays and blockades., Supplyco faces heavy financial losses due to the huge gap between subsidy and market prices.
Published: 02 Nov 2026, 07:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented