കുറ്റിപ്പുറം: പുഞ്ചിരിവിടർന്ന മുഖവുമായി മനസ്സുകളിലേക്ക് എളുപ്പം എത്തിയിരുന്നു കഴിഞ്ഞദിവസം അന്തരിച്ച വട്ടംകുളം എരുവപ്രക്കുന്ന് എലിയപ്ര സുരേഷ് ഇ. നായർ. മാതൃഭൂമി കുറ്റിപ്പുറം ലേഖകൻകൂടിയായ അദ്ദേഹം ഏവർക്കും അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു. അതിന്റെ തെളിവായി സുരേഷിനെ അവസാനമായി ഒരുനോക്കുകാണാൻ വട്ടംകുളം പോട്ടൂരിലെ വീട്ടിലേക്കെത്തിയ ജനക്കൂട്ടം.
മൂന്നുപതിറ്റാണ്ടിലേറെയായി പ്രാദേശിക പത്രപ്രവർത്തനരംഗത്തുണ്ട് സുരേഷ്. ദീർഘകാലമായി വട്ടംകുളത്തെ പോസ്റ്റ് ഓഫീസിൽ ഇ.ഡി. ജീവനക്കാരനായി ജോലിചെയ്യുന്നതിനൊപ്പമാണ് മാധ്യമപ്രവർത്തനത്തിനും സമയം കണ്ടെത്തിയിരുന്നത്. തപാൽവകുപ്പിലെ ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷന്റെ (എഫ്.എൻ.പി.ഒ.) നാഷണൽ യൂണിയൻ ഓഫ് ഗ്രാമീൺ ഡാക് സേവകിന്റെ തിരൂർ ഡിവിഷണൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. തപാൽവകുപ്പിലെ ജി.ഡി.എസ്. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടാനും മുൻപന്തിയിലുണ്ടായിരുന്നു സുരേഷ്.
കാറ്ററിങ് മേഖലയിലും കഴിവ് ഉപയോഗപ്പെടുത്തി. എടപ്പാൾ കേന്ദ്രീകരിച്ച് 'മയൂര' എന്നപേരിൽ കാറ്ററിങ് യൂണിറ്റ് ആരംഭിച്ചു. പുഞ്ചിരിയും സ്‌നേഹവും ചേർത്ത് സുരേഷ് വിളമ്പിയ സദ്യ ഒട്ടേറെ ഇവന്റുകളെ രുചികരമാക്കി. സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗങ്ങളിലും സാന്നിധ്യമായിരുന്ന സുരേഷ് മികച്ച സംഘാടകൻകൂടിയായിരുന്നു. പ്രാദേശിക മാധ്യമപ്രവർത്തകർക്കായി ആദ്യമായി ‘കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്‌സൺ യൂണിയൻ' എന്നപേരിൽ ട്രേഡ് യൂണിയൻ സംഘടന രൂപവത്കരിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നു. എടപ്പാളിലെയും കുറ്റിപ്പുറത്തെയും പ്രസ് ക്ലബുകളുടെ ഭാരവാഹിയും ഓൾ കേരള കാറ്ററിങ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു.
ദീപിക, ചന്ദ്രിക, മാധ്യമം തുടങ്ങിയ പത്രങ്ങളുടെയും എടപ്പാൾ ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. അഞ്ചുവർഷമായി കുറ്റിപ്പുറത്തെ മാതൃഭൂമി ലേഖകനാണ്. 'ന്യൂസ് 24 എടപ്പാൾ' എന്നപേരിൽ ഓൺലൈൻ വാർത്താചാനലിന് രൂപംനൽകി എടപ്പാളിലെ മാധ്യമരംഗത്തും അദ്ദേഹം നിറഞ്ഞുനിന്നു.
കുറ്റിപ്പുറത്തെ ജനകീയപ്രശ്‌നങ്ങൾ സുരേഷ് 'മാതൃഭൂമി'യിലൂടെ തുറന്നുകാട്ടി. ബസ് സ്റ്റാൻഡ് നവീകരണം, കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഭൂമി ഏറ്റെടുക്കൽ, കുടിവെള്ളപ്രശ്‌നം, മാലിന്യപ്രശ്‌നം, ആറുവരി ദേശീയപാത വികസനം തുടങ്ങിയ വിഷയങ്ങളിൽ ഒട്ടേറെ വാർത്തകൾ പുറത്തുവന്നു.
വാർത്തകളോടും വികസനകാര്യങ്ങളോടും വിട്ടുവീഴ്‌ചയില്ലാത്ത കണിശത പുലർത്തുമ്പോഴും വ്യക്തിജീവിതത്തിൽ എല്ലാവരോടും പുഞ്ചിരിയോടെ അദ്ദേഹം ഇടപെട്ടു. ഏതു പ്രതിസന്ധിയിലും ആ മുഖത്ത് എപ്പോഴും ഒരു ചിരിയുണ്ടാകും. കൂടെയുള്ളവർക്ക് ധൈര്യംനൽകാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.
ഭാര്യ രഞ്ജുഷ വട്ടംകുളം പഞ്ചായത്ത് മുൻ അംഗമാണ്. മഹിളാ കോൺഗ്രസ് ഭാരവാഹികൂടിയായ രഞ്ജുഷ വട്ടംകുളം സർവീസ് സഹകരണബാങ്കിലെ ജീവനക്കാരിയാണ്. മകൻ ശിവാനിഷ് ബെംഗളൂരുവിൽ ജോലിചെയ്യുന്നു. ഇളയമകൻ ശിവദേവ് പത്താംക്ലാസ് വിദ്യാർഥി. സഹോദരൻ സുനിൽകുമാർ. സുരേഷിന്റെ ഭൗതികശരീരം ഞായറാഴ്‌ച സന്ധ്യയോടെ ഐവർമഠത്തിലെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി, ആ പുഞ്ചിരിക്കുന്ന മുഖം ഹൃദയങ്ങളിൽ അവശേഷിപ്പിച്ച്...
Content Highlights: Mathrubhumi Kuttippuram correspondent Suresh E. Nair passed away at his residence in Vattamkulam., He worked in local journalism for over three decades, contributing to Mathrubhumi, Deepika, Chandrika, and Madhyamam., He was actively involved in postal union activities (FNPO) and the All Kerala Catering Association., Survived by his wife Ranjusha and sons Shivanish and Shivadev.
Published: 02 Nov 2026, 08:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented