കൊല്ലം: 2021 ജനുവരി അഞ്ച്, കല്ലുവാതുക്കൽ ഊഴായ്‌ക്കോട് പേഴുവിളവീടിനു സമീപം പുലർച്ചെ പൂച്ചയുടേതിനു സമാനമായ കരച്ചിൽ കേൾക്കുന്നു. കരച്ചിൽകേട്ട് വീട്ടിലുണ്ടായിരുന്ന രേഷ്മയെന്ന യുവതി, ഭർത്താവ് വിഷ്ണുവിനൊപ്പം തിരച്ചിലിനിറങ്ങി. നിമിഷങ്ങൾക്കുള്ളിൽ, റബ്ബർതോട്ടത്തിലെ കരിയിലക്കൂട്ടത്തിനിടയിൽ കമിഴ്ന്നുകിടക്കുന്നനിലയിൽ, ജനിച്ചിട്ട് മണിക്കൂറുകൾമാത്രമായ ആൺകുഞ്ഞിനെ കണ്ടെത്തി. വിഷ്ണുതന്നെ കുട്ടിയുടെ പൊക്കിൾക്കൊടി മുറിച്ചുമാറ്റി. പിന്നീട് പോലീസിനെ വിവരമറിയിച്ചു.

To advertise here,

പരിസരവാസിയായ ഒരു നഴ്‌സ് എത്തി, കുഞ്ഞിന്റെ ദേഹം ഇളംചൂടുവെള്ളംകൊണ്ട് തുടച്ചു. തുടർപരിചരണത്തിനായി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നില ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം എസ്.എ.ടി.ആശുപത്രിയിലേക്ക് മാറ്റി. വൈകുന്നേരത്തോടെ കുഞ്ഞ് മരിച്ചു. മൃതദേഹം പഠനാവശ്യത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിനു കൈമാറി.

കുഞ്ഞ് ആരുടേതാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്. തുടർച്ചയായ ചോദ്യംചെയ്യലുകളും വിവരശേഖരണവുമൊന്നും ഫലംകണ്ടില്ല.

അന്വേഷണം ഊർജ്ജിതം

2021-ൽ തിരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത്, രാഷ്ട്രീയപ്രശ്‌നങ്ങൾ ധാരാളമുള്ള ദിനങ്ങളിലാണ് കരിയിലക്കൂട്ടത്തിൽ കുഞ്ഞിനെ കണ്ടെത്തിയ സംഭവമുണ്ടായത്. തുടക്കത്തിൽ, തെളിവുകളൊന്നും കണ്ടെത്താനായില്ല. പിന്നീട്, പുലർച്ചെ സംഭവസ്ഥലം വഴി കടന്നുപോയവരുടെ ഫോൺകോളുകൾ പരിശോധിച്ചു. പ്രദേശത്ത് മണ്ണുകടത്തുന്നവർ, റബ്ബർ ടാപ്പിങ് നടത്തുന്നവർ, പാൽ വിൽക്കുന്നവർ എന്നിവരെ ടവർ ലൊക്കേഷൻ നിരീക്ഷണത്തിൽനിന്ന് കണ്ടെത്തി. എന്നാൽ ഇവർക്കൊന്നും സംഭവവുമായി ബന്ധമുണ്ടായിരുന്നില്ല. കേസ് ഫയലുകൾ മുഴുവൻ നന്നായി പഠിച്ചശേഷം കുഞ്ഞിനെ കണ്ടെത്തിയ സ്ഥലം, മാസങ്ങൾക്കുശേഷം വീണ്ടും സന്ദർശിച്ചു.

തെളിവിനായി കരിയില മുഴുവൻ റബ്ബർകമ്പുകൊണ്ട് ചികഞ്ഞുമാറ്റിനോക്കി. രക്തംപുരണ്ട ഒരു സോപ്പുകവർ മാത്രമാണ് കണ്ടെത്താനായത്. സ്ഥലത്തെത്തിയവരുടെ ഭാവമാറ്റങ്ങളും ശ്രദ്ധിച്ചു. ഇവിടെയെല്ലാം പോലീസ് പരിശോധിച്ചതാണെന്നു പറഞ്ഞ് പിന്തിരിപ്പിക്കാനായിരുന്നു അന്ന് രേഷ്മയുടെ ശ്രമം. കുഞ്ഞിന്റെ അമ്മയാരെന്നു കണ്ടെത്തണമെന്ന് നാട്ടുകാരും അന്നത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജ് സൂപ്രണ്ടുമടക്കം ഏറെ വൈകാരികമായി ആവശ്യപ്പെട്ടതോടെ അന്വേഷണം കൂടുതൽ ഊർജിതമാക്കി.

21 പേർക്ക് ഡി.എൻ.എ. പരിശോധന

രേഷ്മയുടെ കുടുംബത്തിലുള്ളവരുടെയും ബന്ധുക്കളുടേതുമടക്കം 21 പേരുടെ ഡി.എൻ.എ. പരിശോധിച്ചു. പ്രദേശത്ത് സംശയാസ്പദമായ സാഹചര്യങ്ങളിൽ താമസിച്ചിരുന്ന തമിഴ് കുടുംബത്തെയും നിരീക്ഷിച്ചു. പ്രദേശത്തെ വീടുകളിൽ അതിഥികളായി വന്നുപോയവരെക്കുറിച്ചുള്ള വിവരങ്ങളും തേടി. മെഡിക്കൽ ഷോപ്പുകൾ, ആശുപത്രികൾ, അങ്ങാടിക്കടകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലും പലതവണ അന്വേഷണം നടത്തി. ഗൈനക്കോളജിസ്റ്റുമാരിൽനിന്ന് പ്രസവചികിത്സയ്ക്കെത്തിയവരെപ്പറ്റിയുള്ള വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.

പ്രതീക്ഷയകന്നുനിന്ന ഘട്ടത്തിൽ, മാസങ്ങൾക്കുശേഷം വന്ന ഡി.എൻ.എ. പരിശോധനാഫലത്തിൽ വിഷ്ണുവും രേഷ്മയുമാണ് കുഞ്ഞിന്റെ മാതാപിതാക്കളെന്ന് തെളിഞ്ഞു. സോപ്പുകവറിൽ കണ്ടെത്തിയ രക്തം രേഷ്മയുടേതാണെന്നും പരിശോധനയിൽ തെളിഞ്ഞു. സ്വന്തം കുഞ്ഞാണ് കൺമുന്നിൽ മരിച്ചതെന്നതും രേഷ്മയാണ് കൊലയാളിയെന്നുമുള്ള തിരിച്ചറിവ് വിഷ്ണുവിന് വലിയ ഞെട്ടലാണുണ്ടാക്കിയത്.

തെളിവുകളുമായി അറസ്റ്റ്‌ ചെയ്യാൻ പോലീസ് എത്തിയപ്പോഴും കുറ്റം നിഷേധിക്കാനായിരുന്നു രേഷ്മയുടെ ശ്രമം. കോവിഡ് ബാധിതയായതിനാൽ രേഷ്മയെ അന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കാനായിരുന്നില്ല. പിന്നീട് അട്ടക്കുളങ്ങര വനിതാ ജയിലിൽ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയാണ് പോലീസ് രേഷ്മയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയത്.

സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട അനന്തുവെന്ന ആൺസുഹൃത്തിനൊപ്പം ജീവിക്കാൻവേണ്ടിയാണ് ഗർഭിണിയായ വിവരം മറച്ചുവെച്ചതും കുഞ്ഞിനെ കൊന്നതെന്നും രേഷ്മ പറഞ്ഞു. 2024-ൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി രേഷ്മയ്ക്ക് പത്തുവർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. തടവറയിലാണ് രേഷ്മയിപ്പോൾ.

അന്വേഷണത്തിനു പിന്നാലെ രണ്ട് ആത്മഹത്യകൾ

രേഷ്മയുടെ ആൺസുഹൃത്തായ ‘അനന്തു’വിനെ കണ്ടെത്തൽ പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. ഭർത്തൃസഹോദരന്റെ ഭാര്യ, ആര്യയുടെ പേരിലുള്ള സിം കാർഡാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. ആര്യയും ബന്ധുവായ ഗ്രീഷ്മയും അനന്തുവായി ചമഞ്ഞ്, സാമൂഹികമാധ്യമംവഴി രേഷ്മയെ മാസങ്ങളോളം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മെസേജ് വഴി ആവശ്യപ്പെട്ടതുപ്രകാരം അനന്തുവിനെ കാണാനായി രേഷ്മ വർക്കലയിലും പരവൂരിലും എത്തിയിരുന്നു. ഇേതച്ചൊല്ലി വിഷ്ണുവുമായി കലഹവുമുണ്ടായി. 'അനന്തുവിനെ' തിരിച്ചറിഞ്ഞതോടെ ചോദ്യംചെയ്യാനായി ആര്യയെയും ഗ്രീഷ്മയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. ഇതിൽ മനംനൊന്ത് ഇരുവരും 2021 ജൂൺ 25-ന് ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യചെയ്യുകയായിരുന്നു. രേഷ്മയോടുള്ള ദേഷ്യമാണ് ഇരുവർക്കും 'അനന്തു'വാകാൻ പ്രേരണയായത്.

രേഷ്മ മികച്ച അഭിനേത്രി

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാൻ തയ്യാറായിരുന്നു രേഷ്മ. ആ സമയത്ത് അവർ രണ്ടാമത് ഗർഭിണിയാണെന്ന വിവരം കുടുംബാംഗങ്ങളിൽനിന്ന് മറച്ചുവെച്ചു. വയറിനു സുഖമില്ലെന്ന് അവരെ പറഞ്ഞുവിശ്വസിപ്പിച്ചു. വിഷ്ണുവിന് സംശയംതോന്നാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

മനഃപൂർവം അയാളോട് വഴക്കുണ്ടാക്കി രാത്രിയിൽ മുറിയിൽനിന്ന് മാറിനിന്നു. വിറകുവെട്ടിയും വലിയ കുടത്തിൽ വെള്ളംകോരിയും തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചു. പ്രസവശേഷം കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുഞ്ഞിനെ കരിയിലക്കൂനയിൽ കമഴ്ത്തിക്കിടത്തി. സംശയത്തിന്റെ പേരിൽ മൂന്നുതവണ പോലീസ് ഇവരിൽനിന്ന് മൊഴിയെടുത്തിരുന്നു.

കുഞ്ഞ് മരിച്ചതോടെ അതിനെ 'ഉപേക്ഷിച്ചവരെ' പഴിക്കാനും രേഷ്മ മുന്നിട്ടുനിന്നു. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിൽ ഡി.എൻ.എ. പരിശോധനയ്ക്ക് തന്റെ രക്തസാമ്പിൾകൂടി എടുക്കണമെന്നും അവർ അത്യധികം ഉത്സാഹത്തോടെ ആവശ്യപ്പെട്ടു. രേഷ്മയാണോ പ്രതിയെന്ന് ഒരുവേള സംശയിച്ച പോലീസിനെ, അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ നടന്നെത്താൻ പ്രയാസമുള്ള സ്ഥലത്ത് എത്തിക്കുകയും ചെയ്തു.

എന്നാൽ കുഞ്ഞിനെയുമെടുത്ത് അനായാസം അവൾ കുന്നുകയറി. അറസ്റ്റിലായപ്പോൾ സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് രേഷ്മ സത്യംചെയ്ത് പറയുകയും ചെയ്തു.