തൊടുപുഴ: പാർട്ടിക്കെതിരേ പരസ്യപ്രതികരണം നടത്തിയതിന് സി.പി.ഐ. മുൻ ജില്ലാസെക്രട്ടറി കെ.കെ. ശിവരാമനെ പാർട്ടി സ്ഥാനങ്ങളിൽനിന്ന് മാറ്റി. ജില്ലാ എക്‌സിക്യൂട്ടീവിൽനിന്നും കൗൺസിലിൽനിന്നുമാണ് ഒഴിവാക്കിയത്. പീരുമേട് മണ്ഡലത്തിലെ പാർട്ടിയുടെ തോൽവിയുമായി ബന്ധപ്പെട്ട പരസ്യവിമർശനത്തെ തുടർന്നാണ് നടപടി. ജില്ലാ എക്‌സിക്യൂട്ടീവ് എടുത്ത തീരുമാനം 19-ന് ചേർന്ന ജില്ലാകൗൺസിൽ അംഗീകരിച്ചു.

To advertise here,

പീരുമേട്ടിലെ സ്ഥാനാർഥിത്വം പാളിയെന്നും മണ്ഡലത്തിന് വെളിയിൽനിന്നുള്ളവരെ മത്സരിപ്പിക്കുമ്പോൾ ജനസ്വീകാര്യതയുള്ളവരായിരിക്കണമെന്നും ശിവരാമൻ പരസ്യമായി പറഞ്ഞിരുന്നു. സി.പി.ഐ. ജില്ലാസെക്രട്ടറി കെ. സലിംകുമാറായിരുന്നു പീരുമേട്ടിലെ സ്ഥാനാർഥി. ശിവരാമന്റെ പ്രസ്താവന പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ജില്ലാ കൗൺസിൽ വിലയിരുത്തി.

സംഘടനാ പ്രവർത്തനത്തിന്റെ ചട്ടം പാലിക്കുന്നില്ല, നിരന്തരമായി നേതാക്കൾക്കെതിരേ വിമർശനം ഉന്നയിക്കുന്നു തുടങ്ങിയ ആരോപണവും അദ്ദേഹത്തിനെതിരേയുണ്ട്. ഏറെനാളായി പാർട്ടി ജില്ലാ നേതൃത്വവുമായി അകൽച്ചയിലായിരുന്നു ശിവരാമൻ. തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എക്‌സിക്യൂട്ടീവിൽനിന്ന് ഇറങ്ങിപ്പോയി നേതൃത്വത്തിനും ജില്ലാ സെക്രട്ടറിക്കുമെതിരേ ആഞ്ഞടിച്ചു. സജീവരാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. അന്ന് പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. ഇതിന് നൽകിയ മറുപടി പാർട്ടിഘടകം പരിശോധിക്കാനിരിക്കെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച പരസ്യ പ്രതികരണം.

16 വർഷം പാർട്ടി ജില്ലാസെക്രട്ടറിയായിരുന്ന ശിവരാമൻ പതിറ്റാണ്ടുകളായി ഇടുക്കിയിലെ സി.പി.ഐ.യുടെ മുഖമായിരുന്നു. പാർട്ടി മെമ്പർഷിപ്പ് സൂക്ഷ്മപരിശോധന നടക്കുന്നതിനാൽ പാർട്ടി അംഗത്വം പുതുക്കാവുന്നതാണെന്നും കൗൺസിൽ പറയുന്നു.

ജില്ലാ കൗൺസിൽ യോഗത്തിൽ പി.പി. ജോയി അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ. സലിംകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.ജെ. ആഞ്ചലോസ്, വി.ആർ. ശശി, എം.കെ. പ്രിയൻ, ജോസ് ഫിലിപ്പ്, സി.യു. ജോയി, ജയാ മധു, വി.കെ. ധനപാൽ, ടി. ഗണേശൻ എന്നിവർ പങ്കെടുത്തു.