
കൊച്ചി: സിപിഎം വനിതാ നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണത്തിലും അപവാദപ്രചരണങ്ങളിലും പ്രതികരണവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. എല്ലാകാലത്തും ആര്‍ക്കും ഒന്നും ഒളിച്ചുവെക്കാന്‍ പറ്റില്ലെന്നും അത് എന്നെങ്കിലുമൊക്കെ പുറത്തുവരുമെന്നും അത് ജില്ലയിലെ സിപിഎം നേതൃത്വത്തിനും അറിയാമെന്നുമായിരുന്നു ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം.
''എല്ലാകാലത്തും ആര്‍ക്കും ഒന്നും ഒളിച്ചുവെക്കാന്‍ പറ്റില്ല. അത് എന്നെങ്കിലുമൊക്കെ പുറത്തുവരും. ഒരുസംശയവും വേണ്ട. അത് ജില്ലയിലെ സിപിഎം നേതൃത്വത്തിനും വളരെ നന്നായി അറിയാം. വസ്തുതാപരമായി തെളിവുകള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ പറയും. തെളിവില്ലെങ്കില്‍ ഞങ്ങള്‍ പറയില്ല. കോണ്‍ഗ്രസ് വക്താക്കളുടെ പോസ്റ്റുകളൊന്നും ഞാന്‍ കണ്ടിട്ടില്ല. ആരൊക്കെയാണ് എന്തൊക്കെയാണ് എന്ന് ഞാന്‍ കണ്ടിട്ടില്ല. അച്ചടക്കം പാലിക്കണം. അങ്ങനെ ആരും ഇടാന്‍ പാടില്ല. അതേക്കുറിച്ച് പരിശോധന നടത്തും.
സോഷ്യല്‍മീഡിയ എന്നത് ആരുടെയും മെക്കിട്ട് കയറാനുള്ളതോ തെറിവിളിക്കാനുള്ളതോ ആയ ഉപകരണമല്ല. അത് ഞാന്‍ അടക്കമുള്ള ആളുകള്‍ കഴിഞ്ഞ കുറേദിവസങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടാണ്. പക്ഷേ, നമ്മളിതൊന്നും കാര്യമായി എടുക്കാത്തത് കൊണ്ട് കുഴപ്പമില്ല. സിപിഎമ്മല്ലേ വസ്തുതയില്ലാത്ത ആരോപണങ്ങള്‍ എഴുതുന്നത്. ഉമാ തോമസിനെതിരേ, ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനെതിരേ അങ്ങനെ നിരവധി ഉദാഹരണങ്ങളില്ലേ. അടിസ്ഥാനമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട ആളുകള്‍ സാമൂഹികമാധ്യമങ്ങളില്‍ എഴുതരുത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏത് പദവികളില്‍ ഇരിക്കുന്നവരാണ് ഇത് എഴുതിയിടുന്നത്? ഗോപാലകൃഷ്ണന്‍ എന്നയാള്‍ കോണ്‍ഗ്രസ് ഏത് പദവികളിലാണ് ഇരിക്കുന്നത്. സൈബറിടങ്ങളില്‍ തോന്നുന്നത് പോലെ എഴുതിയിടുന്ന ആളുകളെല്ലാം കോണ്‍ഗ്രസ് നിയോഗിച്ച ആളുകളാണ്, അല്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ആളുകളാണ് എന്ന് ഇവര്‍ക്ക് എങ്ങനെ പറയാനാകും.
14 ദിവസമായി ഈ വിഷയത്തെക്കുറിച്ച് വിവരംകിട്ടിയിട്ട്. അങ്ങനെയൊരു വിഷയം കിട്ടിയാല്‍ അതിന് തെളിവുണ്ടെങ്കില്‍ അത് പറയുന്നതില്‍ ഞങ്ങള്‍ക്കെന്താ കുഴപ്പം. തെളിവില്ലാത്ത ഒരുകാര്യം നമുക്ക് എങ്ങനെയാണ് പറയാനാവുക. അതും ഒരുസ്ത്രീക്കെതിരേ. അവര്‍ക്കും കുടുംബമില്ലേ. അവര്‍ പൊതുപ്രവര്‍ത്തകയല്ലേ. അങ്ങനെ പറയുന്ന രാഷ്ട്രീയം കോണ്‍ഗ്രസിന്റെ രാഷ്ട്രീയമല്ല. കോണ്‍ഗ്രസ് അങ്ങനെയല്ല പഠിപ്പിച്ചിട്ടുള്ളതും. ആ സംസ്‌കാരത്തില്‍ അല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. പിന്നെ എങ്ങനെയാണ് കോണ്‍ഗ്രസുകാരാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ഇവര്‍ക്ക് പറയാനാവുക.
സിപിഎമ്മിന്റെ നേതാക്കന്മാര്‍ക്കെതിരേ ഇത്തരം ഗൂഢാലോചന നടത്തി, അവരുടെ തന്നെ ആളുകള്‍ എഴുതുമ്പോള്‍ എഴുതപ്പെടുന്ന ആളുകള്‍ക്ക് വേദനിക്കുന്നുണ്ടെങ്കില്‍ അതും സിപിഎം മനസിലാക്കട്ടെ. എല്ലാവര്‍ക്കും കുടുംബമില്ലേ. കോണ്‍ഗ്രസുകാര്‍ക്ക് മാത്രമാണോ കുടുംബമില്ലാത്തത്. സിപിഎമ്മുകാര്‍ക്ക് മാത്രമാണോ കുടുംബമുള്ളത്. ഇത് സിപിഎമ്മിന്റെ അധികാരരാഷ്ട്രീയത്തിന്റെ ചെയ്തികളാണ്. മുന്‍പ് സിപിഎമ്മിന്റെ ഒളിക്യാമറ വിവാദത്തില്‍ നടപടിയെടുത്തവരെല്ലാം സിപിഎമ്മിന്റെ നേതാക്കളല്ലേ. ആ നേതാക്കന്മാര്‍ വീണ്ടും ഇത് ആവര്‍ത്തിക്കുകയാണ്'', മുഹമ്മദ് ഷിയാസ് പറഞ്ഞു.
Content Highlights: Ernakulam DCC President denies Congress involvement in cyberattack against CPM leader K.J. Shine
Published: 19 Sept 2025, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented