ചെറുതോണി: മകന്റെ ചോരവീണ മണ്ണിലെത്തിയപ്പോള്‍ ആ അച്ഛനമ്മമാരുടെ കാലുകളിടറി. കണ്ണുകള്‍ സങ്കടക്കടലായി.കൈകള്‍ രണ്ടും മുമ്പോട്ടുനീട്ടി 'എന്റെ മകനേ' എന്ന് വിളിച്ച് അച്ഛന്‍ രക്തസാക്ഷിമണ്ഡപത്തിലേക്ക് വീണു. പൊന്നുമകന്റെ ഓര്‍മയിലേക്ക് മുഖംചേര്‍ത്ത് പൊട്ടിക്കരഞ്ഞു.

To advertise here,

ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജിന്റെ അച്ഛന്‍ രാജേന്ദ്രനും അമ്മ പുഷ്‌കലയും തിങ്കളാഴ്ച മൂന്നോടെയാണ് കാമ്പസിലെത്തിയത്. സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി സമാഹരിച്ച, 50 ലക്ഷം രൂപയുടെ കുടുംബസഹായനിധി ഏറ്റുവാങ്ങാനാണ് രാജേന്ദ്രനും പുഷ്‌കലയും ധീരജിന്റെ സഹോദരന്‍ അദ്വൈതും എത്തിയത്. ഇവര്‍ കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പലം സ്വദേശികളാണ്.

പ്രിന്‍സിപ്പലിനെ കണ്ടപ്പോഴും ഇരുവരും നെഞ്ചുപൊട്ടിക്കരഞ്ഞു. ധീരജിന്റെ ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ നല്‍കിയാണ് അച്ഛനെയും അമ്മയെയും കോളേജ് അധികൃതര്‍ യാത്രയാക്കിയത്.

ജനുവരി 10-നാണ് ഇടുക്കി എന്‍ജിനീയറിങ് കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി ധീരജ് കൊല്ലപ്പെട്ടത്.

പഠനംതീരാന്‍ ഒരുവര്‍ഷംകൂടി ബാക്കിയുള്ളപ്പോഴായിരുന്നു സംഭവം. ധീരജ് കൊലക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്.

കാമ്പസുകളില്‍ പൊലിഞ്ഞ ജീവനുകളില്‍ മൂന്നിലൊന്നും അപഹരിച്ചത് കോണ്‍ഗ്രസ്- മുഖ്യമന്ത്രി

കേരളത്തിലെ കാമ്പസുകളില്‍ പൊലിഞ്ഞ വിദ്യാര്‍ഥിജീവനുകളില്‍ മൂന്നിലൊന്നും അപഹരിച്ചത് കോണ്‍ഗ്രസും കെ.എസ്.യു.വുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ.പ്രവര്‍ത്തകന്‍ ധീരജിന്റെ കുടുംബസഹായനിധി കൈമാറുകയായിരുന്നു അദ്ദേഹം. ധീരജിനെ മനപ്പൂര്‍വം തല്ലിക്കെടുത്തിയതാണ്. ആസൂത്രണത്തോടെയാണ് കൊലനടത്തിയത്. ചില തീവ്രവാദ സംഘടനകള്‍ക്ക് സമാനമായ മാര്‍ഗമാണ് അവര്‍ സ്വീകരിച്ചത്. കേട്ടവരെല്ലാം വേദനിച്ചു. എന്നാല്‍, കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ രക്തസാക്ഷിത്വത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധീരജിന്റെ സഹോദരന്‍ അദ്വൈതിന്റെ പഠനത്തിന് 10 ലക്ഷംരൂപയും മുഖ്യമന്ത്രി കൈമാറി. ധീരജിനൊപ്പം കുത്തേറ്റ അമലിനും അഭിജിത്തിനും പഠനാവശ്യത്തിനായി അഞ്ചുലക്ഷം രൂപ വീതവും നല്‍കി. അമലിന്റെ മാതാപിതാക്കളായ അനിലും ഷീലയും അഭിജിത്തിന്റെ മാതാപിതാക്കളായ സുനിലും ശാന്തിയും എത്തിയിരുന്നു.ചെറുതോണിയില്‍ നിര്‍മിക്കുന്ന ധീരജ് സ്മൃതിമന്ദിരത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു.

സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ് അധ്യക്ഷനായി. എം.എം.മണി എം.എല്‍.എ., സി.പി.എം.സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.ജയചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.പി.മേരി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, കൊല്ലം ജില്ലാ സെക്രട്ടറി എം.സുദേവ്, എ.രാജ എം.എല്‍.എ., എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷൊ, പ്രസിഡന്റ് കെ.അനുശ്രീ എന്നിവര്‍ പ്രസംഗിച്ചു.