
തൊടുപുഴ: ഇടുക്കി ഗവ. എൻജിനീയറിങ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ, വിദ്യാർഥിയും എസ്.എഫ്.ഐ. പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി നിഖിൽ പൈലിയെ ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.
ഡി.സി.സി. പ്രസിഡന്റ് സി.പി.മാത്യുവാണ് നിയമനക്കത്ത് ഇറക്കിയത്. 2022 ജനുവരി 10-നാണ് പൈനാവിലെ ഇടുക്കി ഗവ. എൻജിനീയറിങ് കോളേജിൽ, കണ്ണൂർ സ്വദേശി ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിക്കുന്നത്. നിഖിൽ പൈലി അടക്കം എട്ട് യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാൽ, കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ഏറെനാളത്തെ ജയിൽവാസത്തിനുശേഷം പ്രതികളെല്ലാം ജാമ്യത്തിലാണ്. കേസിൽ കുറ്റപത്രം വായിച്ച് കേൾപ്പിച്ചിട്ടുണ്ട്. വിചാരണ ഉടൻ തുടങ്ങും.
നിഖിൽ പൈലിക്കെതിരേയുള്ളത് കള്ളക്കേസാണെന്നായിരുന്നു ഡി.സി.സി. പ്രസിഡന്റ് സി.പി.മാത്യുവിന്റെ പ്രതികരണം.
ആദ്യംമുതൽ സംരക്ഷണം
പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് ആദ്യംമുതൽ സ്വീകരിച്ചത്. ധീരജിന്റേത് ഇരന്നുവാങ്ങിയ മരണമാണെന്ന് അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞത് വിവാദമായിരുന്നു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റായിരുന്ന നിഖിൽ പൈലി ഉൾപ്പെടെ ആർക്കെതിരേയും പാർട്ടി കാര്യമായ നടപടി എടുത്തില്ല.
കെ.പി.സി.സി. ജനറൽസെക്രട്ടറിയായിരുന്ന അഡ്വ. എസ്.അശോകനാണ് പ്രതികൾക്കുവേണ്ടി കോടതിയിൽ അന്ന് ഹാജരായത്. ഇത് കള്ളക്കേസാണെന്ന് നിലപാടാണ് കോൺഗ്രസിനുള്ളത്. ജാമ്യം ലഭിച്ചശേഷം നിഖിൽ പൈലി പാർട്ടി പരിപാടികളിൽ സജീവമായിരുന്നു. 2023-ൽ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ വൈസ് ചെയർമാനുമാക്കി.
മറ്റൊരുപ്രതി നിധിൻ ലൂക്കോസിനെ കെ.എസ്.യു. ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ആറാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് സോയിമോൻ സണ്ണി ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ആറാം വാർഡായ അട്ടിക്കുളത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചു. ഇപ്പോൾ കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്.
Content Highlights: Nikhil Paily, prime accused in the 2022 Dheeraj Rajendran murder case, appointed to the Idukki District Congress Committee., Dheeraj Rajendran, an SFI activist, was stabbed to death at Idukki Engineering College on January 10, 2022., Trial is set to begin soon after the charge sheet was read in court., Congress party maintains the case is fabricated and has consistently supported the accused., Other accused in the case have also received political appointments and electoral victories within the party.
Published: 24 May 2026, 06:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented