തളിപ്പറമ്പ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ നേതാവ് സി.വി. ധനരാജ് വധക്കേസിലെ പ്രതികളുടെ ചിത്രം കോടതിനടപടികൾക്കിടയിൽ പകർത്തിയ പയ്യന്നൂർ നഗരസഭാ മുൻ വൈസ് ചെയർപേഴ്‌സൺ കെ.പി. ജ്യോതിക്ക് കോടതി പിരിയുംവരെ തടവും 1000 രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ ജില്ലാ ജഡ്ജി കെ.എൻ. പ്രശാന്താണ് ശിക്ഷിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

To advertise here,

ആർഎസ്എസ്, ബിജെപി പ്രവർത്തകരായ 19 പ്രതികൾ കോടതിക്കുള്ളിലുണ്ടായിരുന്നു. കൊല്ലപ്പെട്ട ധനരാജിന്റെ ഭാര്യ എം.പി. സജിനി പ്രതികളെ തിരിച്ചറിയുന്നതിനിടയിലാണ് ചിത്രമെടുത്തത്. കോടതിവരാന്തയിൽനിന്ന് ജനൽച്ചില്ലുകൾക്കിടയിലൂടെ മൊബൈൽഫോൺ ഉപയോഗിച്ചായിരുന്നു ഫോട്ടോയെടുത്തത്. ഇത് ശ്രദ്ധയിൽപ്പെട്ടയുടനെ ഫോൺ കസ്റ്റഡിയിലെടുക്കാൻ കോടതി ആവശ്യപ്പെട്ടു. ഡിവൈഎസ്‌പി കെ.ഇ. പ്രേമചന്ദ്രനെ വിളിച്ചുവരുത്തി നിർദേശങ്ങൾ നൽകി. പോലീസ് ഉടൻ മൊബൈൽഫോൺ കസ്റ്റഡിയിലെടുത്തു.

ജ്യോതിയെ ജഡ്ജിയുടെ മുൻപാകെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഫോട്ടോ എടുത്തില്ലെന്നായി മറുപടി. നേരിട്ട് കണ്ടതാണെന്ന് ജഡ്ജി പറഞ്ഞു. തുടർനടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. പിന്നീടാണ് തടവും പിഴയും വിധിച്ചത്.