
തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ പോലീസുകാർക്ക് സസ്‌പെൻഷൻ. കേസ് കൈകാര്യംചെയ്യുന്നതിൽ വീഴ്ചവരുത്തിയതിനാണ് കിളിമാനൂർ സ്‌റ്റേഷനിലെ എസ്എച്ച്ഒ ബി. ജയൻ, എസ്‌ഐ അരുൺ, ഗ്രേഡ് എസ്‌ഐ ഷജീം എന്നിവരെ ദക്ഷിണമേഖല ഐജി സസ്‌പെൻഡ് ചെയ്തത്. ഇവർക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ്പിക്കാണ് അന്വേഷണച്ചുമതല.
വാഹനാപകടക്കേസിലെ അന്വേഷണത്തിൽ പോലീസുകാർക്ക് വീഴ്ചയുണ്ടായെന്നാണ് ഐജിയുടെ ഉത്തരവിൽ പറയുന്നത്. എഫ്‌ഐആർ രജിസ്റ്റർചെയ്യാൻ കാലതാമസമുണ്ടായി. സാക്ഷിമൊഴി രേഖപ്പെടുത്തുന്നതിലടക്കം വീഴ്ച സംഭവിച്ചെന്നും ഉത്തരവിൽ പറയുന്നു.
കിളിമാനൂർ സംസ്ഥാനപാതയിൽ കഴിഞ്ഞ നാലിനുണ്ടായ വാഹനാപകടത്തിലാണ് കുമ്മിൽ പഞ്ചായത്തിൽ പുതുക്കോട് രാജേഷ് ഭവനിൽ രഞ്ജിത്(40) ഭാര്യ അംബിക എന്നിവർ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അംബിക ജനുവരി ഏഴിനാണ് മരിച്ചത്. രാജേഷ് കഴിഞ്ഞദിവസവും മരിച്ചു. വാഹനാപകടക്കേസിൽ പ്രതിയെ അറസ്റ്റ്‌ചെയ്യുന്നതിലടക്കം പോലീസ് വീഴ്ചവരുത്തിയെന്ന് ആരോപിച്ച് രാജേഷിന്റെ മൃതദേഹവുമായി കഴിഞ്ഞദിവസം ബന്ധുക്കളും നാട്ടുകാരും പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചിരുന്നു.
മരണത്തിനു കാരണമായ അപകടമുണ്ടാക്കിയ ജീപ്പ് തിങ്കളാഴ്ച രാത്രി പോലീസ് സ്റ്റേഷനു സമീപം ഭാഗികമായി കത്തിയതു സംബന്ധിച്ചും പോലീസിനെതിരേയുള്ള പ്രതിഷേധത്തിന്റെ ആക്കംകൂട്ടി. സംഭവം തീപ്പിടിത്തമാണെന്ന് സംശയിക്കുന്നതായി പോലീസും തൊണ്ടിയായി കസ്റ്റഡിയിലുള്ള വണ്ടിയിലുണ്ടായ തീപ്പിടിത്തം തെളിവുനശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിഷേധിച്ചവരും ആരോപിച്ചിരുന്നു. കഴിഞ്ഞദിവസത്തെ പാലീസ് സ്‌റ്റേഷൻ ഉപരോധത്തിൽ ജനപ്രതിനിധികളടക്കം 58 പേർക്കെതിരേ പോലീസ് കേസെടുത്തു.
കഴിഞ്ഞ നാലിന് വൈകീട്ട് 3.30-ന് സംസ്ഥാനപാതയിൽ പാപ്പാലയിൽ വെച്ചാണ് അപകടമുണ്ടായത്. ദമ്പതിമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ പിന്നിലൂടെ വന്ന ജീപ്പിടിക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്നവർ അമിതമായി മദ്യപിച്ച് അമിത വേഗതയിൽ വരുന്നതിനിടെയാണ് ബൈക്കിൽ ഇടിച്ചത്. ഇടിച്ചിട്ടശേഷം നിർത്താതെ മുന്നോട്ടുപോയ ജീപ്പിന്റെ ചക്രത്തിൽ കുടുങ്ങിയ ബൈക്ക് നീക്കംചെയ്യാൻ അടുത്ത വൈദ്യുതത്തൂണിലും ഇടിച്ചശേഷം നിർത്താതെ ഓടിച്ചുപോയി. നാട്ടുകാർ പിന്തുടരുന്നത് കണ്ടതോടെ വാഹനം ഉപേക്ഷിച്ച് രണ്ടുപേർ രക്ഷപ്പെട്ടു. ഒരാളെ പിടികൂടി പോലീസിനു കൈമാറി. വണ്ടി ഓടിച്ചിരുന്ന കാരക്കോണം ശ്രീവാസിൽ വിഷ്ണു(39)വിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മദ്യലഹരിയിലായിരുന്നതിനാൽ അടുത്തദിവസം ഹാജരാകാൻ നോട്ടീസ് നൽകി വിട്ടയച്ചു.
എന്നാൽ, പിന്നീട് ഇയാൾ ഒളിവിൽപ്പോവുകയും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയും ചെയ്തു. വാഹനത്തിൽനിന്ന് രണ്ട് സർക്കാർ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ് കണ്ടെത്തിയിരുന്നു. ഇവരും വണ്ടിയിൽ സഞ്ചരിച്ചിരുന്നതായി നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു.
അതിനിടെ, കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്തിനെ വ്യാഴാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നെയ്യാറ്റിൻകര സ്വദേശി ആദർശിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അപകടത്തിൽ മരിച്ച രഞ്ജിത്-അംബിക ദമ്പതിമാർക്ക് രണ്ട് മക്കളാണുള്ളത്.
Content Highlights: Three Kerala police officers suspended for negligence in a fatal accident probe that claimed a couple`s lives. Investigation into lapses ordered.
Published: 22 Jan 2026, 09:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented