കൊച്ചി: കിഫ്ബി മസാലബോണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസം. കിഫ്ബി മസാലബോണ്ടിലെ വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ (ഫെമ) ലംഘനത്തിനെതിരായ തുടർനടപടികൾ മൂന്നുമാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. നേരത്തേ കിഫ്ബിക്ക് നൽകിയ അതേ ഉത്തരവാണ് മുഖ്യമന്ത്രിയുടെ ഹർജിയിലും ഹൈക്കോടതി അനുവദിച്ചത്.

To advertise here,

മുഖ്യമന്ത്രി സമർപ്പിച്ച ഹർജിയിൽ വ്യാഴാഴ്ച കോടതിയിൽ വലിയവാദങ്ങളുണ്ടായില്ല. നേരത്തേ കിഫ്ബിക്ക് നൽകിയ അതേ സ്റ്റേ ഉത്തരവ് തന്നെയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി സിഇഒ കെ.എം. അബ്രഹാമിനും അനുവദിച്ചത്. ഹർജി പരിഗണിച്ചപ്പോൾ നേരത്തേ കിഫ്ബിക്ക് നൽകിയ സിംഗിൾബെഞ്ചിന്റെ സ്റ്റേ ഉത്തരവിനെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ടെന്നും ഇത് വെള്ളിയാഴ്ച പരിഗണിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു. അതിനാൽ സ്‌റ്റേ അനുവദിക്കരുതെന്നും ഇഡി ആവശ്യപ്പെട്ടു. എന്നാൽ, നേരത്തേ കിഫ്ബിക്ക് നൽകിയ അതേ ഉത്തരവ് തങ്ങൾക്കും അനുവദിക്കണമെന്നായിരുന്നു മുഖ്യമന്ത്രിക്കായി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടത്. തുടർന്നാണ് കോടതി മൂന്നുമാസത്തെ സ്‌റ്റേ അനുവദിച്ചത്.

അതേസമയം, നേരത്തേ കിഫ്ബിക്കെതിരായ തുടർനടപടികൾ സ്റ്റേ ചെയ്ത സിംഗിൾബെഞ്ച് ഉത്തരവിനെതിരായ ഇഡിയുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും. സ്റ്റേ നീക്കിയാൽ അത് ഇഡിയ്ക്ക് ആശ്വാസമാകും. അപ്പീലിൽ വെള്ളിയാഴ്ച തീരുമാനമെടുത്തില്ലെങ്കിൽ പിന്നീട് ക്രിസ്മസ് അവധിക്ക് ശേഷമായിരിക്കും ഹൈക്കോടതി വിശദമായ വാദം കേൾക്കുക.

കിഫ്ബി വിദേശത്ത് മസാലബോണ്ട് പുറപ്പെടുവിച്ചതിൽ ഫെമ ലംഘനം നടന്നിട്ടുണ്ടെന്ന പരാതിയിൽ വിശദീകരണം തേടി ഇ.ഡി. അജുഡിക്കേറ്റിങ് അതോറിറ്റി നേരത്തേ കിഫ്ബിക്കും മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും കെ.എം. എബ്രഹാമിനും കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. വിദേശത്തുനിന്ന് മസാലബോണ്ട് വഴി സമാഹരിച്ച പണം ചട്ടങ്ങൾ മറികടന്ന് ഭൂമിവാങ്ങാൻ ഉപയോഗിച്ചതിലൂടെ കിഫ്ബി ഫെമ നിയമലംഘനം നടത്തിയെന്നായിരുന്നു ഇ.ഡി.യുടെ ആരോപണം.

അടിസ്ഥാനസൗകര്യ വികസനത്തിനായി ഭൂമിവാങ്ങുന്നത് റിസർവ് ബാങ്കിന്റെ 2019-ലെ ബാഹ്യ വാണിജ്യവായ്പ ചട്ടക്കൂട് (ഇസിബി ഫ്രെയിം വർക്ക്) റിയൽ എസ്റ്റേറ്റ് പ്രവർത്തനത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുൺ നേരത്തേ കിഫ്ബിക്കെതിരായ തുടർനടപടികൾ സ്റ്റേചെയ്തത്. കിഫ്ബിയുടെ ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നു പറഞ്ഞ കോടതി ഇ.ഡി.ക്ക് നോട്ടീസ് നൽകാൻ നിർദേശിച്ചിരുന്നു. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം റോഡ്, പാലം തുടങ്ങിയ നിർമാണപ്രവർത്തനങ്ങൾ അടിസ്ഥാനവികസന പദ്ധതിയുടെ പരിധിയിൽവരും. ഈ ലിസ്റ്റിൽ ഉൾപ്പെട്ട പ്രവർത്തനങ്ങൾക്കല്ല കിഫ്ബി ഫണ്ട് ഉപയോഗിച്ചതെന്ന ആരോപണം ഇ.ഡി.യുടെ പരാതിയിലില്ലെന്നും കോടതി പറഞ്ഞിരുന്നു. കിഫ്ബിക്കുവേണ്ടിയല്ല അടിസ്ഥാനസൗകര്യ വികസനത്തിനായാണ് ഭൂമി വാങ്ങുന്നതെന്ന വിശദീകരണത്തിന് പ്രധാന്യമുണ്ടെന്നും കോടതി നേരത്തേ വിലയിരുത്തിയിരുന്നു.