ഷാർജ: തുഷാർ വെള്ളാപ്പള്ളിയുടെ പാർട്ടിയുടെ പേരിലുള്ള ധർമം സനാതന ധർമമാണോ ശ്രീനാരായണ ധർമമാണോയെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കണമെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുക്കവെയാണ് വെള്ളാപ്പള്ളി നടേശനെ ജയരാജൻ രൂക്ഷമായി വിമർശിച്ചത്.

To advertise here,

ഖാദിയെ പ്രോത്സാഹിപ്പിക്കേണ്ടത് രാജ്യസ്നേഹത്തിന്റെ ഭാഗമാണ്. അതിന് രാഷ്ട്രീയവ്യത്യാസമില്ല. എന്നാൽ, ഈഴവർ ഹിന്ദുവല്ല എന്ന് പ്രഖ്യാപിച്ച സി. കേശവനും താൻ ഹിന്ദുവാണ് എന്ന് പറയുന്ന വെള്ളാപ്പള്ളി നടേശനും തമ്മിലെ അന്തരത്തെക്കുറിച്ചാണ് താൻ ചോദിച്ചത്- പി. ജയരാജൻ പറഞ്ഞു.

‘‘ഖാദിയുടെ പ്രചാരണത്തിന്റെ ഭാഗമായി എല്ലാ സംഘടനാ നേതാക്കളെയും കണ്ടിരുന്നു. ഖാദി പ്രചാരണം ദേശീയ വികാരത്തിന്റെ ഭാഗമാണ്. നിലപാടിനെ വിമർശിച്ചതിന്റെ പേരിലാണ് ഇപ്പോൾ അത് എടുത്തു പറയുന്നത്. ഈഴവർ ആയിട്ടുള്ളവർ ഹിന്ദു അല്ല എന്ന് പ്രഖ്യാപിച്ചയാളാണ് സി. കേശവൻ. ഇപ്പോൾ സി. കേശവന്റെ സ്ഥാനത്തുള്ള വെള്ളാപ്പള്ളി പറയുന്നത് താൻ ഹിന്ദു ആണെന്നാണ്. മകനെ ബി.ജെ.പി. സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന്റെ നേതാവുമാക്കി. ശോഭാ സുരേന്ദ്രനെ ഈഴവ സ്ഥാനാർഥി എന്ന് പ്രഖ്യാപിച്ചു. ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത് ഒരു സാമൂഹികസംഘടനയുടെ നേതാവ് താൻ ഹിന്ദുവാണെന്ന് പ്രഖ്യാപിക്കുന്നു. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിനെ നിഷേധിക്കലാണത്. സംഘപരിവാർ ശക്തികളുടെ പ്രചാരകനായി വെള്ളാപ്പള്ളി മാറുന്നു’’- പി. ജയരാജൻ ആരോപിച്ചു.