കൊച്ചി: പോലീസ് റിപ്പോര്‍ട്ട് എതിരാകുന്നതടക്കമുള്ള കാരണങ്ങളാല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഏഴ് വനിതാ തടവുകാര്‍ക്ക് ശിക്ഷയിളവ് നിഷേധിക്കപ്പെടുന്നു. കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയക്കൊലപാതകക്കേസുകളിലെ പ്രതികളെയടക്കം ശിക്ഷയിളവിന് പരിഗണിക്കുമ്പോഴാണിത്.

To advertise here,

ദീര്‍ഘനാളായി തടവില്‍ക്കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ശേഖരിച്ചപ്പോഴാണ് ഏഴു വനിതകള്‍ 14 വര്‍ഷത്തിലേറെയായി ജയിലില്‍ക്കഴിയുന്നത് കണ്ടെത്തിയത്. കൊലപാതക്കേസിലെ പ്രതികളാണ് ഏഴുപേരും. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ 14 വര്‍ഷം കഴിയുമ്പോള്‍ ശിക്ഷയിളവിന് പരിഗണിക്കാന്‍ അര്‍ഹതയുണ്ട്.

ജയിലില്‍നിന്നുള്ള റിപ്പോര്‍ട്ട്, പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട്, ശിക്ഷിക്കപ്പെട്ടവരുടെ പോലീസ് സ്റ്റേഷനില്‍നിന്നുള്ള റിപ്പോര്‍ട്ട് എന്നിവയാണ് ശിക്ഷയിളവിനായി പ്രധാനമായും പരിഗണിക്കുന്നത്. പലപ്പോഴും കാര്യമായ ഒരന്വേഷണവും ഇല്ലാതെയാണ് പോലീസ് ഇത്തരം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതെന്ന വിമര്‍ശനവുമുണ്ട്.

തിരുവനന്തപുരത്ത് വനിതകളുടെ തുറന്ന ജയില്‍, അട്ടക്കുളങ്ങര വനിതാ ജയില്‍, കണ്ണൂര്‍ വനിതാ ജയില്‍ എന്നിവിടങ്ങളിലായാണ് ഇവരുള്ളത്. ഇതില്‍ 19 വര്‍ഷമായി ജയിലില്‍ക്കഴിയുന്ന സ്ത്രീയുമുണ്ട്. ജയിലില്‍നിന്നുള്ള റിപ്പോര്‍ട്ട് എല്ലാവര്‍ക്കും അനുകൂലമാണ്. പക്ഷേ, പോലീസ് റിപ്പോര്‍ട്ടാണ് പ്രശ്‌നം. ജയിലില്‍നിന്ന് പുറത്തുവിട്ടാല്‍ ഭര്‍ത്താവിന്റെ വീട്ടുകാരില്‍നിന്ന് ജീവന് ഭീഷണിയുണ്ടാകാം എന്നും ഒരു തടവുകാരിയുടെ കാര്യത്തില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എല്ലാ റിപ്പോര്‍ട്ടും അനുകൂലമായിട്ടും ശിക്ഷയിളവ് ലഭിക്കാത്തവരുമുണ്ട്.

ഡിറ്റെന്‍ഷന്‍ സെന്റര്‍ ഇല്ലാത്തതിനാല്‍ ജാമ്യം ലഭിച്ചിട്ടും വിദേശവനിതകളെ ജയിലില്‍നിന്ന് മാറ്റാന്‍കഴിയാത്ത അവസ്ഥയും സംസ്ഥാനത്തുണ്ട്. നിലവില്‍ ഇത്തരത്തിലുള്ള പ്രതികളെ എറണാകുളം കാക്കനാട്ടെ വണ്‍ സ്റ്റോപ്പ് സെന്ററിലും പത്തനാപുരത്തെ ഗാന്ധിഭവന്‍ ട്രസ്റ്റിലുമാണ് താമസിപ്പിക്കുന്നത്.

ജാമ്യം ലഭിച്ചിട്ടും ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത ഒന്‍പത് വനിതാത്തടവുകാരും സംസ്ഥാനത്തുണ്ട്. ജാമ്യംനില്‍ക്കാന്‍ ആളില്ല, ഭൂമിയുടെ കരംകെട്ടിയ രസീതില്ല തുടങ്ങിയ കാരണങ്ങളാലാണിത്. ജാമ്യം ലഭിച്ചിട്ടും പുറത്തുപോകാന്‍ താത്പര്യമില്ലാത്ത ഒരു വനിതാ തടവുകാരിയും ഇതിലുണ്ട്. ജോലിചെയ്ത വീട്ടില്‍നിന്ന് മോഷണം നടത്തിയതാണ് കേസ്.