കോട്ടയം: കേരളം വീണ്ടുമൊരു വെള്ളപ്പൊക്ക ഭീഷണി നേരിടുമ്പോൾ പ്രവചനങ്ങളുടെ പരിമിതികൾ വീണ്ടും ചോദ്യമാകുന്നു. ജൂലായ് 31-ന് രാത്രി 10ന് കാലാവസ്ഥാവകുപ്പ് ഏഴ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ് നൽകിയത്. ഓറഞ്ച് മുന്നറിയിപ്പ് പ്രകാരം ശക്തമായ മഴയ്കുള്ള സാധ്യതയാണ് പറയുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായിരുന്നു ഓറഞ്ച് മുന്നറിയപ്പ്. എന്നാൽ രാത്രി 10-ന് ശേഷം കാലാവസ്ഥ ആകെ മാറുന്നതാണ് കണ്ടത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ സ്ഥിതി ചുവപ്പിലേക്ക് പൊടുന്നനെ കയറിപ്പോയി. അതിതീവ്രമഴയാണ് ഇവിടെ ഉണ്ടായത്. കേരള തീരത്ത് മേഘരൂപവത്കരണം ഉൾപ്പെടെയുള്ള മുന്നറിയിപ്പുകൾ പല ശാസ്ത്രജ്ഞരും കാലാവസ്ഥാ സൈറ്റുകളും നൽകിയിട്ടും ഈ പൊടുന്നനെയുള്ള മാറ്റം പ്രവചിക്കാൻ കഴിഞ്ഞില്ല.
അർധരാത്രി 12 മണിയോടെ പത്തനംതിട്ട, കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇടുക്കിയിലും മഴ 200 മില്ലീമീറ്റർ എന്ന തോതിലേക്ക് ചൊരിഞ്ഞു. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം പീരുമേടാണ് ഇതിൽ മുമ്പൻ. 213 മില്ലീമീറ്റർ മഴ. തൊടുപുഴ രണ്ടാമത് 212. പത്തനംതിട്ട കുരുടാമണ്ണ് സ്‌റ്റേഷൻപരിധിയിൽ 162, കോന്നി 140, ഇടുക്കി 154, കോട്ടയം 133 എന്നിങ്ങനെ മഴ ലഭിച്ചു.
സ്വയം നിയന്ത്രിത കാലാവസ്ഥാ സ്‌റ്റേഷനുകളിൽ (എ.ഡബ്ല്യു.എസ്.)യിൽനിന്നുള്ള കണക്കുകൾ ഇതിലും വലുതാണ്. ഇവരുടെ അളവുപ്രകാരം പത്തനംതിട്ട ജില്ലയിലെ ളാഹയാണ് മുമ്പൻ. 248 മില്ലീലിറ്റർ. പത്തനംതിട്ട-കോട്ടയം അതിർത്തിയിലെ വെൺകുറിഞ്ഞി 207, റാന്നി 191, തടിയൂർ 160 എന്നിങ്ങനെയാണ് മഴ.
കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര, തീക്കോയി മേഖലകളിൽ നാശം വിതച്ചത് പീരുമേട്ടിലെ ശക്തമായ പെയ്താണ്. രാത്രി 10-ന് ശക്തമായ മഴയാണ് പ്രതീക്ഷിച്ചതെങ്കിൽ ഒന്നോ രണ്ടോ മണിക്കൂറിനകം ഇവിടെയൊക്കെ അതിതീവ്രമഴയിലേക്ക് കാര്യങ്ങളെത്തി. അതായത് ചെറിയൊരുസമയംകൊണ്ട് ഒരു പ്രദേശത്ത് ഭീകരമായി മഴ ലഭിക്കുന്നു. ഇത് വലിയ നാശകാരിയാണ്.
പീരുമേട് ബെൽറ്റിലെ കനത്തമഴയാണ് ഈരാറ്റുപേട്ടയെ ഇതേവരെ കാണാത്ത നാശത്തിലേക്ക് എത്തിച്ചത്. 1958-ന് ശേഷം ഇതാദ്യമായാണ് ഈരാറ്റുപേട്ട മേഖലയിൽ ഇത്രവലിയ മഴയുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. മീനച്ചിലാറിന്റെ കൈവഴികളായ പൂഞ്ഞാർ, തീക്കോയി എന്നിവയുടെ പ്രഭവകേന്ദ്രങ്ങളിൽ ആറ് സ്ഥലത്ത് ചെറുതും വലുതുമായ ഉരുൾ പൊട്ടലുമുണ്ടായി. ളാഹയിലെ വൻപെയ്ത്തിൽ 2018-ന് ശേഷം ഒരിക്കൽ കൂടി റാന്നി തളർന്നുപോയി.
പുലർച്ചെ 4.45-ന് നൽകിയ മുന്നറിയിപ്പുകളിലാണ് കാര്യങ്ങൾ ചുവപ്പിലേക്ക് കയറിയത്. ഈ മാറ്റം നേരത്തെ അറിഞ്ഞിരുവെങ്കിൽ കളക്ടർ വെള്ളിയാഴ്ച രാത്രിതന്നെ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കൊടുത്തേനെ. അവധി വന്നത് ശനിയാഴ്ച പുലർച്ചെയാണ്. ജില്ലാ ഭരണകൂടത്തിനും കാലാവസ്ഥാ മാറ്റത്തിന്റെ കാര്യമായ മുന്നറിയിപ്പുകൾ കിട്ടിയിരുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടത്.
എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി ചെറിയൊരു സമയത്തിനുള്ളിൽ ഒരുസ്ഥലം കേന്ദ്രീകരിച്ച് കൂമ്പാരമേഘ രൂപവത്കരണവും മറ്റും ഉണ്ടായി അതിതീവ്രമഴ സംഭവിക്കാം. ഇത് ഏത് സമയവും നാം പ്രതീക്ഷിക്കണമെന്നാണ് ശാസ്ത്രസമൂഹം പറയുന്നത്. ഇത്തരം പൊടുന്നനെയുള്ള മാറ്റങ്ങളിൽ പ്രവചനം പറ്റില്ലെന്ന് അവർതന്നെ സമ്മതിക്കുന്നുമുണ്ട്.
Content Highlights: Sudden shift from orange to red alert in Kerala districts., Extreme rainfall exceeding 200mm within hours in Kottayam and Idukki., Limitations in predicting localized cloud formation and flash floods., Impact of 1958-level rainfall intensity on Erattupetta and Ranni regions., The role of El Niño in localized extreme weather events.
Published: 02 Aug 2026, 04:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented