കൊച്ചി: പാളി തകര്‍ന്നുമാറുമ്പോള്‍ തമ്മനത്തെ ജലസംഭരണിയില്‍ ഒരു കോടി ലിറ്റര്‍ വെള്ളമുണ്ടായിരുന്നതായി വിവരം. ഏകദേശം 80 ശതമാനത്തോളം വെള്ളം അപകടസമയത്ത് ടാങ്കിലുണ്ടായിരുന്നു. ഏകദേശം 40 വർഷം പഴക്കമുള്ള ടാങ്കാണ് അപകടത്തില്‍പ്പെട്ടത്. സംഭവം പുലര്‍ച്ചെ രണ്ട് മണിയോടെയായതിനാല്‍ വീടുകളില്‍ വെള്ളം കയറിയതിനു ശേഷമാണ് എല്ലാവരും അറിഞ്ഞത്. അപ്പോഴേക്കും ചെളിയും മറ്റും വീടുകളുടെ ഉള്ളിലേക്ക് കയറിക്കഴിഞ്ഞിരുന്നു. മിക്ക വീടുകളിലും ചെളി കോരിക്കളയുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. വെള്ളം ഒഴുക്കി വിടാനായി പല വീടുകളിലും മോട്ടോര്‍ ഉപയോഗിക്കേണ്ടി വന്നു. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലും കാറുകളിലും ചെളിയും വെള്ളവും കയറി സ്റ്റാര്‍ട്ട് ചെയ്യാനാകാത്ത നിലയിലാണുള്ളത്. ബൈക്കുകളും മറ്റും വെള്ളത്തിന്റെ ശക്തിയില്‍ മറിഞ്ഞുവീണ് ചെളിയില്‍ പുതഞ്ഞ നിലയിലാണുള്ളത്. 

To advertise here,

തൃപ്പൂണിത്തുറ, പേട്ട മേഖലകളിലും നഗരത്തിലെ ചില ഭാഗങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെടുമെന്നാണ് വിവരം. ജലവിതരണം പഴയ സ്ഥിതിയിലാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വിസ്താരമേറിയ ടാങ്കിന്റെ ഒരു ഭാഗത്തെ പാളികളാണ് അടര്‍ന്നുമാറിയത്. പ്രദേശത്തെ നഗരകുടുംബാരോഗ്യ കേന്ദ്രത്തിലെ മുഴുവന്‍ സാധനങ്ങളും വെള്ളം കയറി നശിച്ച അവസ്ഥയാണുള്ളത്. ആരോഗ്യകേന്ദ്രത്തിലെ പിപി കിറ്റുകളുള്‍പ്പെടെയുള്ള സാധനങ്ങള്‍ ഒഴുകിപ്പോയി.

“രണ്ട് മണിയ്ക്ക് ശബ്ദം കേട്ടാണ് ഉണര്‍ന്നത്. നോക്കുമ്പോള്‍ വെള്ളം ഒഴുകുന്നതാണ് കണ്ടത്. അപ്പോള്‍ തന്നെ വേഷം മാറി വിവരമറിയിക്കാന്‍ വാട്ടര്‍ അതോറിറ്റിയില്‍ എത്തി. ആ സമയത്ത് അവിടെ മുറ്റത്ത് മാത്രമേ വെള്ളമെത്തിയിരുന്നുള്ളൂ. വെള്ളം എവിടെനിന്നെത്തിയെന്നുള്ള പരിശോധനയിലായിരുന്നു അവര്‍. ആ സമയത്ത് ഞങ്ങളുടെ മതിലൊക്കെ പൊളിഞ്ഞുവീണിരുന്നു. അപ്പോള്‍ത്തന്നെ അവര്‍ അവിടെയുള്ള വലിയൊരു വാല്‍വ് അടച്ചു. അതോടെ ജലമൊഴുക്കിന് കുറവ് വന്നു”- പ്രദേശവാസിയായ ടോണിയുടെ വാക്കുകള്‍.

“രാത്രി രണ്ടുമണിയ്ക്ക് വെള്ളത്തിന്റെ ശബ്ദം കേട്ടു. കട്ടില്‍ മുങ്ങുന്നത്രയും വെള്ളം വീട്ടിനുള്ളില്‍ കയറി. കിടക്കയൊക്കെ നനഞ്ഞു. അലമാരയുടെ രണ്ടാമത്തെ തട്ട് വരെ വെള്ളം കയറി. അലമാരയില്‍ വെച്ചിരുന്ന തുണികളെല്ലാം ചെളിവെള്ളത്തില്‍ നനഞ്ഞു. രാത്രിയില്‍ ബാത്‌റൂമില്‍ പോകാന്‍ എണീറ്റതാണ്. വെള്ളത്തിലായിരുന്നു കാല്‍ വെച്ചത്. പിന്നീട് ശക്തിയില്‍ വെള്ളം വരികയായിരുന്നു. എന്താണ് പറ്റിയതെന്നറിയില്ല. മഴയും ഉണ്ടായിരുന്നില്ല. വാതിലിന് മുന്നിലെ നെറ്റ് തള്ളിത്തുറക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എങ്ങനെയൊക്കെയോ നെറ്റ് തള്ളിത്തുറന്ന് വീടിന് മുകളില്‍ കയറിയിരുന്നു. എല്ലാവരേയും വിളിച്ചു. എവിയെയാ പൊട്ടിയതെന്നറിയില്ല. ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല. കുറുക്കുപോലെയാണ് ചെളി വന്നുകയറിയത്. വണ്ടിയിലൊക്കെ ചെളി കയറി. അഞ്ചുമണി മുതല്‍ വീട് വൃത്തിയാക്കാന്‍ തുടങ്ങിയതാണ്”- മാതൃഭൂമി ന്യൂസിനോട് ഒരു ദമ്പതിമാര്‍ പ്രതികരിച്ചതിങ്ങനെ.

 “കുട്ടികള്‍ നിലത്താണ് കിടന്നിരുന്നത്. അമ്മേ വെള്ളം കയറുന്നുവെന്ന് പറഞ്ഞ് മക്കളാണ് വിളിച്ചത്. വെള്ളം എവിടെ നിന്നാണ് വരുന്നതെന്നറിയില്ലല്ലോ. മഴ പെയ്യുന്നുണ്ടായിരുന്നില്ല. പെട്ടെന്നാണ് വെള്ളം അകത്തോട്ട് കയറി വന്നത്. വെള്ളം കണ്ട് എണീറ്റ് പുറത്തേക്ക് വരുമ്പോഴേക്കും മുട്ടോളം വെള്ളമായിക്കഴിഞ്ഞിരുന്നു. പുറത്തിരുന്ന ബക്കറ്റുകളും ചെരിപ്പുകളും ഒഴുകിപ്പോയി. വാഷിങ് മെഷീനൊക്കെ ഇപ്പോഴും വെള്ളത്തിലാണ്. ചെളിയും മണ്ണുമൊക്കെ വീട്ടിലേക്ക് കയറി. കുടിവെള്ളത്തിന്റെ ടാങ്കില്‍ ചെളിവെള്ളം ഇറങ്ങി. മുറ്റത്തും വീടിനുള്ളിലും ചെളി കയറി. കുറേ വൃത്തിയാക്കി. ബാക്കി മോട്ടോര്‍വെച്ച് കളയാനുള്ള ശ്രമത്തിലാണ്. കൗണ്‍സിലര്‍ വിളിച്ചു പറഞ്ഞപ്പോഴാണ് അറിഞ്ഞത്” - ഒരു വീട്ടമ്മയുടെ പ്രതികരണം.