സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഉദ്ഘാടനത്തിന് മുൻപേ കൂറ്റൻ ജലസംഭരണി തകർന്നുവീണു. ഗെയ്പാഗ്ല ജലവിതരണ പദ്ധതിയുടെ ഭാഗമായി 21 കോടി രൂപ ചെലവഴിച്ച് നിർമിച്ച ജലസംഭരണിയാണ് 'കപ്പാസിറ്റി ടെസ്റ്റി'നിടെ നിലംപൊത്തിയത്. സംഭവം വിവാദമായതോടെ പോലീസ് കേസെടുത്തു. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥനും അടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

To advertise here,

33 ഗ്രാമങ്ങളിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് തഡ്‌കേശ്വർ ഗ്രാമത്തിൽ 15 മീറ്റർ ഉയരത്തിലുള്ള ജലസംഭരണി നിർമിച്ചത്. തിങ്കളാഴ്ച എൻജിനീയർമാർ ജലസംഭരണിയുടെ ശേഷി പരിശോധന നടത്തി. ഒൻപതുലക്ഷത്തോളം ലിറ്റർ വെള്ളമാണ് ഈ സമയം ജലസംഭരണിയിലുണ്ടായിരുന്നത്. എന്നാൽ, പരിശോധനയ്ക്ക് ജലസംഭരണി ചോരുകയും പിന്നാലെ തകർന്ന് വീഴുകയുമായിരുന്നു. സംഭവത്തിൽ മൂന്ന് തൊഴിലാളികൾക്കും പരിക്കേറ്റു.

21 കോടി മുടക്കി നിർമിച്ച ജലസംഭരണി തകർന്നതോടെ വൻ പ്രതിഷേധമാണുയർന്നത്. ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചതിനാലാണ് ജലസംഭരണി നിലംപൊത്തിയതെന്നാണ് പ്രധാന ആക്ഷേപം. സംസ്ഥാന സർക്കാരിനെതിരേ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.

പ്രതിഷേധം ശക്തമായതോടെ ഐജി പ്രംവീർ സിങ്, എസ്പി രാജേഷ് ഗദിയ എന്നിവരുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഏഴുസംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. തുടർന്നാണ് കരാറുകാരടക്കം ഏഴുപേരെ അറസ്റ്റ് ചെയ്തത്.

ജയന്തി സൂപ്പർ കൺസ്ട്രക്ഷൻ കോൺട്രാക്ടർ ബാബുഭായ് അംബാലാൽ പട്ടേൽ(61), പാർട്ണർ ജാസ്മിൻഭായ് ബാബുഭായ് പട്ടേൽ(32), സൈറ്റ് എൻജിനീയർ ദവാൽഭായ് റത്തിലാൽ പട്ടേൽ(35), മാനേജ്‌മെന്റ് പാർട്ണർ ജയന്തിഭായ് അംബാലാൽ പട്ടേൽ(61), മാർസ് പ്ലാനിങ് ആൻഡ് എൻജിനീയറിങ് പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റ് ബാബുഭായ് മണിലാൽ പട്ടേൽ(63), സൈറ്റ് സൂപ്പർവൈസർ ജിഗർഭായ് പ്രജാപതി(34), ജലവിതരണ വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനീയർ അങ്കിതാഭായ് ഗരാസിയ(42), എന്നിവരാണ് അറസ്റ്റിലായത്. ജലവിതരണ വകുപ്പിലെ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എൻജിനീയർ ജയ് സോമാഭായ് ചൗധരിയും കേസിൽ പ്രതിയാണ്. ഇദ്ദേഹം ഒളിവിലാണ്. സംഭവവുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്.