ന്യൂഡൽഹി: കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് ക്ഷേത്രങ്ങളായ ആറ്റുകാൽ ദേവീക്ഷേത്രം, ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം, കൊറ്റൻകുളങ്ങര ദേവീക്ഷേത്രം എന്നിവിടങ്ങളിലെ ആചാരങ്ങളിൽ ലിംഗവിവേചനം ഇല്ലെന്ന് കേന്ദ്ര സർക്കാർ. ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എഴുതിനൽകിയ വാദത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി ഈ ക്ഷേത്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ജുഡീഷ്യൽ പരിശോധനാ പരിധിക്ക് പുറത്താണെന്നും കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി. കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറിയ വാദത്തിന്റെ പകർപ്പ് മാതൃഭൂമി ഓൺലൈനിന് ലഭിച്ചു.

To advertise here,

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ദിവസം പുരുഷന്മാർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ട്. ഇത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമാണ്. ഈ നിയന്ത്രണത്തെ ലിംഗ വിവേചനമായി കരുതാനാകില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന നാരീപൂജ ദിവസം പുരുഷ പൂജാരിമാർ സ്ത്രീകളുടെ കാൽ കഴുകി പൂജിക്കും. ആ ദിവസം സ്ത്രീകൾക്ക് മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനമെന്നും സോളിസിസ്റ്റർ ജനറൽ സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനെയും ലിംഗ വിവേചനമായി കാണാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ചവറ കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രത്തിലെ ചമയവിളക്ക് ദിവസം പുരുഷന്മാർ അംഗന വേഷത്തിൽ ചമയ വിളക്കേന്തുന്ന ആചാരവും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രത്തിലെ ചമയവിളക്ക്, കാക്കവിളക്ക് എന്നിവയിലെ നിയന്ത്രണങ്ങൾ ക്ഷേത്രാചാരങ്ങളുടെ ഭാഗമാണെന്നാണ് കേന്ദ്രത്തിന്റെ വാദം. കന്യാകുമാരിയിലെ ഭഗവതി ക്ഷേത്രം, അസമിലെ കാമാഖ്യ ക്ഷേത്രം, പുഷ്കറിലെ ബ്രഹ്മക്ഷേത്രം തുടങ്ങി ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ ആചാരങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ സംബന്ധിച്ചും സുപ്രീം കോടതിയിൽ എഴുതിനൽകിയ വാദത്തിൽ വിശദീകരിച്ചിട്ടുണ്ട്.

ശബരിമലയിലെ യുവതീപ്രവേശന വിലക്കിനെ ന്യായീകരിച്ച് നൽകിയ വാദങ്ങളിലാണ് ഇക്കാര്യം സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഹിന്ദുമതം സ്ത്രീകളെ തുല്യരായി കണക്കാക്കുക മാത്രമല്ല, സ്ത്രീകളെ പുരുഷന്മാരേക്കാൾ വളരെ ഉയർന്ന തലത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും സോളിസിറ്റർ ജനറൽ സുപ്രീം കോടതിക്ക് കൈമാറിയ വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേവതകളെ ആരാധിക്കുക മാത്രമല്ല, പുരുഷന്മാർ അവരുടെ കാൽക്കൽ തൊട്ട് വന്ദിക്കുന്ന ഏക മതം ഹിന്ദുമതമാണെന്നും കേന്ദ്രം വാദിക്കുന്നു.