കൊച്ചി: വിദ്യാർഥികൾക്ക് ആവശ്യമായ പഠനസൗകര്യങ്ങളും തൊഴിലവസരങ്ങളും കേരളത്തിൽതന്നെ ഒരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോകം മാറുന്നതിനനുസരിച്ച് മാറാൻ കേരളത്തെ സജ്ജമാക്കുമെന്നും അതിൽനിന്ന് സർക്കാർ പിന്നാക്കം പോകില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പാർലമെന്റ് മണ്ഡലത്തിൽനിന്ന് ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി ഹൈബി ഈഡൻ എം.പി. നടപ്പാക്കുന്ന 'എം.പി. അവാർഡ് 2026' ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

To advertise here,

'നിങ്ങളെല്ലാം മാതാപിതാക്കളോടൊപ്പം നാട്ടിലുണ്ടാകണം. നിങ്ങൾ നാട്ടിൽ പഠിക്കണം. ഇവിടെത്തന്നെ ജോലി ചെയ്യണം. അതിനുള്ള അവസരങ്ങളുണ്ടാകണം. അത് ഒരുക്കിത്തരേണ്ടത് ഞങ്ങളുടെ ജോലിയാണ്. ഞങ്ങളത് ചെയ്തിരിക്കും. നിങ്ങൾക്ക് വേണ്ടിയൊരു പുതിയ ലോകം കേരളത്തിലുണ്ടാകും. വരാനിരിക്കുന്ന തലമുറയെ സജ്ജരാക്കിയില്ലെങ്കിൽ കേരളമുണ്ടാകില്ലെന്ന തിരിച്ചറിവ് കേരളത്തിനുണ്ടാകണം'- അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു.

കേരളത്തിലെ യുവാക്കൾ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് കുടിയേറുകയാണ്. നിർമിതബുദ്ധി ലോകത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. പല ജോലികളും ഇല്ലാതാകുന്നു. തൊഴിൽ നഷ്ടപ്പെടുന്നു. ഈ മാറ്റങ്ങളെ മുൻകൂട്ടി കണ്ട് പുതിയ തൊഴിൽസാധ്യതകൾ കണ്ടെത്താനായി 'ഗ്ലോബൽ ജോബ് വാച്ച് ടവർ' കേരളത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ആഗോളതലത്തിലെ തൊഴിൽമാറ്റങ്ങൾ നിരീക്ഷിച്ച് അതിനനുസരിച്ച് നമ്മുടെ സർവകലാശാലകളിലെ പാഠ്യപദ്ധതികൾ പരിഷ്‌കരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പഠിച്ചിറങ്ങുന്നവർക്ക് ജോലി ഉറപ്പാക്കാൻ കോർപ്പറേറ്റുകളുമായും അന്താരാഷ്ട്ര വ്യവസായസ്ഥാപനങ്ങളുമായും വിദ്യാഭ്യാസമേഖലയെ ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ച 2100 കുട്ടികളാണ് അവാർഡ് ഏറ്റുവാങ്ങാനെത്തിയത്. ഹൈബി ഈഡൻ അധ്യക്ഷനായി. നടി മഞ്ജു വാരിയർ മുഖ്യാതിഥിയായിരുന്നു. ഉമാ തോമസ് എം.എൽ.എ., മേയർ വി.കെ. മിനിമോൾ, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ്, രാജഗിരി കോളേജ് പ്രിൻസിപ്പൽ ഫാ. ജയ്‌സൺ പോൾ മുളേരിക്കൽ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.