
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം വൈകുന്നു. കമ്മിഷണറായിരുന്ന എ.ഷാജഹാൻ മാർച്ച് 30-ന് വിരമിച്ചെങ്കിലും പകരം നിയമിച്ച കമ്മിഷണർക്ക് ചുമതലയേൽക്കാനായില്ല. രണ്ടര മാസമായി കമ്മിഷണറുടെ കസേരയിൽ ആളില്ലാത്തതിനാൽ സ്ഥലംമാറ്റത്തർക്കവുമുണ്ട്.
മാർച്ചിൽത്തന്നെ കമ്മിഷണറായി നിയമസെക്രട്ടറി കെ.ജി.സനൽകുമാറിനെ കഴിഞ്ഞ സർക്കാർ നിയമിച്ചിരുന്നു. ജുഡീഷ്യൽ സർവീസിലായിരുന്ന അദ്ദേഹത്തെ നിയമിക്കുന്നതിൽ ഹൈക്കോടതിയുടെ അനുമതി തേടിയില്ലെന്ന പരാതിവന്നു. ഇതോടെ നിയമനത്തിന് ഗവർണർ അനുമതി നൽകാഞ്ഞതിനാലാണ് ചുമതലയേൽക്കാൻ കഴിയാതെപോയത്.
യു.ഡി.എഫ്. സർക്കാർ അധികാരമേറ്റിട്ടും കമ്മിഷണർ ആരെന്നതിൽ തീരുമാനമായതുമില്ല. തദ്ദേശസ്ഥാപന വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ്, അതിന് വോട്ടർപട്ടിക പുതുക്കൽ, കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ വരവ്-ചെലവ് കണക്ക് നൽകാത്തവർക്ക് അയോഗ്യത തുടങ്ങിയ കാര്യങ്ങളിൽ കമ്മിഷൻ തീരുമാനം എടുക്കാനുമുണ്ട്.
കഴിഞ്ഞ കമ്മിഷണർ നിയമിച്ച പബ്ലിക് റിലേഷൻസ് ഓഫീസറെ സ്ഥലംമാറ്റിയും പുതിയ ആളെ നിയമിച്ചും സർക്കാർ ഉത്തരവിറക്കിയിരുന്നു. സർക്കാർ നൽകുന്ന പാനലിൽനിന്ന് കമ്മിഷണറുടെ അനുമതിയോടെ മാത്രമേ പി.ആർ.ഒ. ഉൾപ്പെടെയുള്ളവരുടെ നിയമനവും സ്ഥലംമാറ്റവും പാടുള്ളൂ എന്നാണ് വ്യവസ്ഥ.
അതുകൊണ്ടുതന്നെ കമ്മിഷണർ ഓഫീസിലെ നിലവിലെ മാറ്റങ്ങളും നിയമനങ്ങളും നടപ്പാക്കാനാകില്ല. എന്നാൽ സ്ഥാനക്കയറ്റം കിട്ടുന്നവരുടെ തത്തുല്യ തസ്തിക കമ്മിഷനിൽ ഇല്ലെങ്കിൽ അവർക്ക് മാറിപ്പോകാൻ തടസ്സവുമില്ല. കമ്മിഷണറുടെ നിയമനാധികാരി ഗവർണറായതിനാൽ ചുമതല മറ്റാർക്കെങ്കിലും നൽകാനാവില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊഴികെയുള്ള ദൈനംദിന കാര്യങ്ങൾ നടത്താനേ സെക്രട്ടറിക്ക് അധികാരമുള്ളൂ. അതേസമയം ഡോ.രത്തൻ യു. കേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായതോടെ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ ചുമതലയുള്ള മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ.എ. കൗശിഗനെ സർക്കാർ നിയമിച്ചിരുന്നു. അദ്ദേഹം അടുത്തിടെ ചുമതലയേൽക്കുകയും ചെയ്തു.
Content Highlights: State Election Commissioner position vacant since March 30th., Appointment of KG Sanalkumar stalled due to lack of High Court approval., Administrative transfers within the commission are currently legally contested., Election Commission's daily operations are limited to non-election matters., Dr. A. Kaushigan appointed as Chief Electoral Officer for assembly and Lok Sabha polls.
Published: 15 Jun 2026, 07:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented