തിരുവനന്തപുരം: കേരളത്തിൽ ഒറ്റവർഷത്തിൽ രൂപംകൊണ്ടത് 1240 സ്റ്റാർട്ടപ്പുകൾ. ഇതോടെ സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം 7700 കടന്നു. എല്ലാ ജില്ലകളിലും സ്റ്റാർട്ടപ്പുകളുണ്ട്. എറണാകുളത്താണ് കൂടുതൽ, 1896. സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്യാത്ത കമ്പനികൾകൂടിയാകുമ്പോൾ എണ്ണം പതിനായിരം കടക്കും.

To advertise here,

രജിസ്റ്റർ ചെയ്ത കമ്പനികളിൽമാത്രം 77,000-ൽ അധികം ജീവനക്കാരുണ്ട്. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളാണ് കേരളത്തിലും കൂടുതൽ. മൊത്തം സ്റ്റാർട്ടപ്പുകളുടെ 33 ശതമാനത്തോളംവരും ഇത്. വിദ്യാഭ്യാസമേഖല, ആരോഗ്യമേഖല എന്നിവയുമായി ബന്ധപ്പെട്ടാണ് 20 ശതമാനത്തോളം. സ്ത്രീകൾ നേതൃത്വം നൽകുന്നവ എണ്ണൂറോളവും വരും. സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാക്കുന്ന ഫണ്ടും മറ്റു സഹായങ്ങളും എണ്ണംകൂടാൻ സഹായകരമാകുന്നുണ്ട്.

7500 കോടിയുടെ ഫണ്ട് ഇതുവരെ സ്റ്റാർട്ടപ്പുകൾക്കായി ലഭ്യമാക്കാനായിട്ടുണ്ട്. കഴിഞ്ഞവർഷംമാത്രം 400 കോടിരൂപയുടെ ഫണ്ടിങ് ലഭ്യമായി. ആദ്യഘട്ട സഹായധനം എന്ന നിലയിൽ സ്റ്റാർട്ടപ്പ് മിഷൻതന്നെ 18.4 കോടി നൽകിയിട്ടുണ്ട്. കൂടാതെ, സർക്കാർ വകുപ്പുകൾക്കായി ഉത്പന്നങ്ങൾ സ്റ്റാർട്ടപ്പുകളിൽനിന്ന് വാങ്ങുന്നതിനായി ഇളവുകളുള്ളതിനാൽ ഇത്തരത്തിലുള്ള 92 ഇടപാടുകളും നടന്നിട്ടുണ്ടെന്ന് സ്റ്റാർട്ടപ്പ് മിഷൻ അധികൃതർ പറഞ്ഞു. സ്റ്റാർട്ടപ്പ് സ്ഥലസൗകര്യം 10 ലക്ഷം ചതുരശ്രയടിയിൽനിന്ന് 11.2 ലക്ഷമായി.

51 ഇനവേഷൻ ആൻഡ്‌ ഓൺട്രപ്രനേർഷിപ്പ് ഡിവലപ്‌മെന്റ് സെന്ററുകളും( ഐഇഡിസി) എട്ട് മിനി ഫാബ്രിക്കേഷൻ ലാബുകളും എറണാകുളത്തുണ്ട്. തിരുവനന്തപുരത്ത് 471, കോഴിക്കോട്ട് 507, കാസർകോട്ട് 63, ഇടുക്കിയിൽ 75, വയനാട്ടിൽ 70 എന്നിങ്ങനെ സ്റ്റാർട്ടപ്പ് കമ്പനികളുണ്ട്.