കാസർകോട്: സംസ്ഥാനത്ത് പുതുതായി രൂപവത്കരിച്ച വയോജനക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്ന വിഷയങ്ങളായി. വകുപ്പ് രൂപവത്കരിച്ച് മേയ് 19-ന് തന്നെ ഉത്തരവായിരുന്നെങ്കിലും വിഷയങ്ങൾ സർക്കാർ നിശ്ചയിച്ചിരുന്നില്ല. വയോജനക്ഷേമവുമായി ബന്ധപ്പെട്ട ആറ് വിഷയങ്ങളാണ് പ്രധാനമായും കൈകാര്യം ചെയ്യുക.

To advertise here,

അനുവദിച്ചിട്ടുള്ളവിഷയങ്ങൾ

വയോജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഭരണനിർവഹണം, നയങ്ങൾ നടപ്പാക്കൽ, കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കൽ, വയോജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ നടപ്പാക്കൽ, മുതിർന്ന പൗരന്മാരുടെ കമ്മിഷൻ, വൃദ്ധസദനങ്ങൾ എന്നിവയാണ് വിഷയങ്ങൾ.

നിലവിൽ വയോജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാമൂഹികനീതി വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. പുതിയ വകുപ്പ് വന്നതോടെ ഭരണനിർവഹണത്തിന് കൃത്യമായ ഉദ്യോഗസ്ഥ ശൃംഖലയും ഭരണസംവിധാനവും ഒരുക്കേണ്ടതുണ്ട്. വയോജനക്ഷേമ വകുപ്പിനായി പ്രത്യേക സെക്രട്ടറിയെ നിയമിക്കുകയോ അല്ലെങ്കിൽ മറ്റൊരു സീനിയർ സെക്രട്ടറിക്ക് അധിക ചുമതല നൽകുകയോ വേണ്ടിവരും. ഫയലുകൾ കൈകാര്യംചെയ്യാൻ അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, സെക്ഷൻ ഓഫിസർമാർ, അസിസ്റ്റന്റുമാർ എന്നിവരടങ്ങുന്ന പ്രത്യേക വിങ് സെക്രട്ടേറിയറ്റിലും സജ്ജമാക്കണം.

വകുപ്പിന്റെ പദ്ധതികൾ താഴെത്തട്ടിൽ നടപ്പാക്കാൻ ഡയറക്ടറെയോ കമ്മിഷണറെയോ നിയമിക്കണം. വയോജനക്ഷേമ കാര്യങ്ങൾ നിലവിൽ കൈകാര്യം ചെയ്തിരുന്ന സാമൂഹികനീതിവകുപ്പിൽനിന്ന്‌ ഈ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പുതിയ വകുപ്പിലേക്ക് മാറ്റുകയാകും ആദ്യഘട്ടത്തിൽ ചെയ്യുക. ജില്ലാ വയോജനക്ഷേമ ഓഫീസുകൾ പോലുള്ള സംവിധാനങ്ങളും അതിനുകീഴിൽ ഫീൽഡ് ജീവനക്കാരെയും നിയമിക്കണം. സർക്കാരിന്റെ 'റൂൾസ് ഓഫ് ബിസിനസ്‌' പരിഷ്കരിച്ച്, പുതിയ വകുപ്പിന്റെ അധികാരപരിധികൾ, ഉത്തരവാദിത്വങ്ങൾ, കൈകാര്യം ചെയ്യേണ്ട നിയമങ്ങൾ എന്നിവ കൃത്യമായി വിജ്ഞാപനം ചെയ്യും. വകുപ്പിന് സ്വന്തമായി ഫണ്ട് കൈകാര്യം ചെയ്യാൻ പുതിയൊരു 'ബജറ്റ് ഹെഡ്' അനുവദിക്കും. ഓഫീസുകൾക്കുള്ള കെട്ടിടം, കംപ്യൂട്ടറുകൾ, മറ്റ് സാങ്കേതിക സൗകര്യങ്ങൾ എന്നിവയും ഘട്ടംഘട്ടമായി ഒരുക്കും.

വയോജനക്ഷേമ വകുപ്പ് രൂപവത്കരിച്ചെങ്കിലും മന്ത്രിമാർക്കാർക്കും ചുമതല നല്കിയിട്ടില്ല. ഗതാഗതമന്ത്രി സി.പി.ജോണിന് ചുമതല നൽകുമെന്നാണ് സൂചന.