കോട്ടയം: പൊതുപ്രവൃത്തികൾക്ക് ടാറിന്റെ വിപണിനിരക്ക് അനുവദിക്കാൻ ചീഫ് എൻജിനിയറിങ് കമ്മിറ്റിയുടെ ശുപാർശ. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ടാറിന്റെവില കൂടിയത് റോഡ് പ്രവൃത്തികളെ സ്തംഭനത്തിലാക്കിയിരുന്നു. കരാറുകാർ ജോലികൾ ഏറ്റെടുത്തിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് നടപടി. ശുപാർശയിൽ ധനവകുപ്പാണ് തീരുമാനമെടുക്കേണ്ടത്.

To advertise here,

ദേശീയപാത അതോറിറ്റിയിലെ പ്രവൃത്തികൾക്ക്, ടാറിന്റെ വിലവ്യത്യാസത്തിന് ആനുപാതികമായ തുക നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. പല സംസ്ഥാനങ്ങളും ഇതിന്റെ ചുവടുപിടിച്ച് സമാനതീരുമാനം എടുത്തു. തിരഞ്ഞെടുപ്പ് കാലമായതിനാൽ കേരളത്തിൽ തീരുമാനം നീണ്ടു.

ഒരു കിലോഗ്രാം ടാറിന് സർക്കാർ നിരക്ക് 48 രൂപയാണ്. വിപണിവില 100 രൂപയും. സമീപകാലത്ത് മൂന്ന് തവണയായി ടാറിന്റെ വില കൂടി.

കേരളത്തിന്റെ പ്ലാൻ ഫണ്ടിന്റെ നല്ലൊരുപങ്ക് റോഡ് പണിക്കാണ് വിനിയോഗിക്കുന്നത്. ജലജീവൻമിഷനുവേണ്ടി 37,427 കിലോമീറ്റർ റോഡാണ് വശം പൊളിച്ചിട്ടത്. ഇതിൽ 20,000 കിലോമീറ്ററോളം ദൂരത്ത് ഇനിയും നന്നാക്കിയിട്ടില്ല. അടുത്ത തീർഥാടനകാലത്തേക്ക് നവീകരണം വേണ്ട മൂന്ന് ജില്ലകളിലെ 800 കിലോമീറ്റർ വരുന്ന ശബരിമലപാതകളും ഇപ്പോൾ ടെൻഡർ നൽകി ജോലി തുടങ്ങേണ്ടതുണ്ട്.

18 മാസത്തിൽ അധികം പൂർത്തീകരണ കാലാവധിയുള്ള റോഡുകൾക്ക് സാധനങ്ങളുടെ വിലവ്യതിയാന വ്യവസ്ഥ ബാധകമായതിനാൽ അത്തരം ജോലികളിലെ നഷ്ടം കരാറുകാർക്ക് കിട്ടും. എന്നാൽ, അതിൽ താഴെയുള്ള ജോലികൾക്ക് വ്യവസ്ഥ ബാധകമല്ല. ഭൂരിഭാഗം ജോലികളും ഇൗ വിഭാഗത്തിൽവരുന്നതാണ്. കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിയെ കണ്ട് ഈപ്രശ്നം അറിയിച്ചിരുന്നു. ഇതിനും വിപണിനിരക്ക് നൽകുന്നത് പരിഗണനയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.