തിരുവനന്തപുരം: രാജ്യത്ത് ധാന്യോത്പാദനം ആവശ്യത്തിലധികമായതിനാൽ, നെല്ലുസംഭരണത്തിനായി കേരളം നൽകുന്ന പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ. പകരം പയറുവർഗങ്ങൾ, എണ്ണക്കുരു, ചെറുധാന്യം എന്നിവയ്ക്കു പ്രാധാന്യം നൽകാനാണ് കേന്ദ്ര ധനമന്ത്രാലയത്തിലെ ചെലവുകാര്യ സെക്രട്ടറി വി. വുവൽനാം സംസ്ഥാന ചീഫ് സെക്രട്ടറി എ. ജയതിലകിനയച്ച കത്തിലെ നിർദേശം. തീരുമാനം നടപ്പാക്കിയാൽ സംസ്ഥാനത്തെ നെൽക്കർഷകർക്ക് കിലോഗ്രാമിന് ആറുരൂപയിലേറെ കുറയും. ഇതു പ്രതിസന്ധി സൃഷ്ടിക്കും.

To advertise here,

കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച അധിക പ്രോത്സാഹന ബോണസ്, വിത്തിടലും ഉത്പാദനവുമൊക്കെ വൻതോതിൽ വർധിക്കാനിടയാക്കും. നെല്ലും ഗോതമ്പുമൊക്കെ ഉത്പാദിപ്പിക്കാൻ മറ്റു വിളകളെക്കാൾ വെള്ളവും വളവുംവേണം. അതിനാൽ, അവയുടെ അനുപാതരഹിത ഉത്പാദനം ഭൂഗർഭജലശോഷണത്തിനും മണ്ണിന്റെ പോഷകക്കുറവിനും ജൈവവൈവിധ്യ നഷ്ടത്തിനും വഴിവെക്കും. പൊതുജനാരോഗ്യത്തിനും കാലാവസ്ഥാപ്രതിരോധത്തിനുമൊക്കെ ഇതു ഗുരുതരഭീഷണിയാകും.

ആവശ്യത്തെക്കാളേറെ നെല്ലും ഗോതമ്പും പൊതുവിതരണത്തിന് ലഭ്യമാണ്. അതേസമയം, പയറുവർഗങ്ങളുടെയും എണ്ണക്കുരുവിന്റെയും ഉത്പാദനം കുറവായതിനാൽ വൻതോതിൽ അവ ഇറക്കുമതി ചെയ്യേണ്ടിവരുന്നെന്ന് കേന്ദ്രം കത്തിൽ ചൂണ്ടിക്കാട്ടി.

അധിക ബോണസ് 6.31 രൂപ

നെല്ലുസംഭരണത്തിന് കേന്ദ്രം നൽകുന്നത് 23.69 രൂപയാണ്. 6.31 രൂപയാണ് കേരളം നൽകുന്ന അധിക പ്രോത്സാഹന ബോണസ്. 5.20 രൂപയായിരുന്ന ഇത് ഒക്ടോബറിലെ മന്ത്രിസഭായോഗത്തിലാണ് കൂട്ടിയത്.

കേന്ദ്രതീരുമാനം പിൻവലിക്കണം -എൽ.ഡി.എഫ്.

അധിക പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്ന കേന്ദ്രസർക്കാരിന്റെ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു.