തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുടെ ഉത്തരം മൂല്യനിർണയം ചെയ്യാതെ വിട്ടതിലുള്ള അന്വേഷണം സംസ്ഥാന പോലീസ് ഏറ്റെടുത്തേക്കും. വിജിലൻസിനെ അന്വേഷണച്ചുമതല ഏൽപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചന. നിയമോപദേശം തേടാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. ഭരണഘടനാ സ്ഥാപനമായ പി.എസ്.സി.യുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കുന്നതിന് നിയമ തടസ്സമുണ്ടോ എന്നതിലാണ് ഉപദേശം തേടുന്നത്.
പി.എസ്.സി.യുടെ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. ചെയർമാന് കീഴിലുള്ള ഉദ്യോഗസ്ഥയ്ക്കാണ് ഇപ്പോൾ അന്വേഷണച്ചുമതല. അന്വേഷണം അട്ടിമറിക്കാനാണിതെന്നാണ് വിമർശം. ഈ സാഹചര്യത്തിലാണ് അന്വേഷണം ഏറ്റെടുക്കാൻ സർക്കാർ ആലോചിക്കുന്നത്.
ഇക്കാര്യത്തിൽ അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കും.
ആസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയിൽ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ വിട്ടിരുന്നു. ഇതിൽ രണ്ടു തസ്തികകളുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് രണ്ടു പേർക്ക് നിയമനം നൽകി. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതിയെത്തിയപ്പോഴാണ് പിഴവ് പി.എസ്.സി. സമ്മതിച്ചത്. മൂന്ന് തസ്തികകൾക്കായി ഇരുനൂറിലേറെപ്പേർ പരീക്ഷയെഴുതിയിരുന്നു. അവരുടെയെല്ലാം ഉത്തരക്കടലാസ് പുനർമൂല്യനിർണയം നടത്തി റാങ്ക്പട്ടിക പരിഷ്‌കരിക്കുമെന്നും പി.എസ്.സി. അറിയിച്ചു. അതിനുള്ള നടപടികളൊന്നുമായിട്ടില്ല.
പി.എസ്.സി.യെക്കുറിച്ച് ഒട്ടേറേ പരാതികളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ലഭിക്കുന്നത്. ഫിഷറീസ് വകുപ്പിലെ എക്‌സ്റ്റെൻഷൻ ഓഫീസർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, ഡിവൈ.എസ്.പി. (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്), ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്.), സർവകലാശാല പി.ആർ.ഒ. തസ്തികകളിലെ തിരഞ്ഞെടുപ്പ് നടപടികളെക്കുറിച്ചാണ് പരാതികൾ കൂടുതലും. ഇവയെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് വകുപ്പുമന്ത്രിമാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരാതികളും വിജിലൻസ് അന്വേഷണത്തിന് കൈമാറാനാണ് ആലോചന.
Content Highlights: Government considering Vigilance probe into PSC Planning Board exam evaluation failures., Legal advice sought on investigating constitutional body PSC., PSC admitted to evaluation errors in exams where 10 answer sheets were skipped., Multiple complaints regarding KAS, DySP, and other PSC recruitment processes reported., Cabinet decision expected soon regarding independent investigation.
Published: 05 Jul 2026, 06:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented