തിരുവനന്തപുരം: ആസൂത്രണ ബോർഡിൽ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രസ്ട്രക്ചർ ഡിവിഷൻ) നിയമനത്തിനുള്ള പരീക്ഷയുടെ മൂല്യനിർണയത്തിൽ പി.എസ്.സി.ക്ക് പിഴവ്. ചില ചോദ്യങ്ങൾക്ക് ഉദ്യോഗാർഥികൾ രേഖപ്പെടുത്തിയ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ ഉപേക്ഷിച്ചു. പത്ത് ഉത്തരങ്ങൾ വരെ ഇങ്ങനെ ഉപേക്ഷിച്ചിട്ടുണ്ട്. പരീക്ഷയെഴുതിയവർ ഫീസടച്ച് ഉത്തരക്കടലാസിന്റെ പകർപ്പെടുത്തപ്പോഴാണ് ക്രമക്കേട് ശ്രദ്ധയിൽവന്നത്.
ആലപ്പുഴ മുഹമ്മ സ്വദേശിയായ ഉദ്യോഗാർഥി ഒന്നാംപേപ്പറിൽ ഒമ്പതുമുതൽ 18 വരെയുള്ള ചോദ്യങ്ങൾക്കു നൽകിയ ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയിട്ടില്ല. ആകെയുള്ള നൂറു മാർക്കിൽ 58-ഉം ഈ പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കുള്ളതാണ്. ബാക്കിയുള്ള ഉത്തരങ്ങളുടെ മാർക്ക് മാത്രമാണ് ഇദ്ദേഹത്തിന് അനുവദിച്ചത്. ഇതിനെതിരേ ഉദ്യോഗാർഥി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറിതലത്തിൽ ഉയർന്ന നിലയിലുള്ള തസ്തികയ്ക്ക് 2022-ലാണ് വിജ്ഞാപനം വന്നത്. 1,23,700-1,66,800 ആണ് ശമ്പളസ്കെയിൽ. 2023 ജൂലായിൽ പരീക്ഷ നടത്തി. വിവരണാത്മകരീതിയിൽ രണ്ട് പേപ്പറാണ് പരീക്ഷയ്ക്കുള്ളത്.
2025 ഫെബ്രുവരിയിൽ ചുരുക്കപ്പട്ടികയും അതിൽ ഉൾപ്പെട്ടവർക്ക് അഭിമുഖം നടത്തി ആ വർഷം മേയ് 31-ന് റാങ്ക്പട്ടികയും പ്രസിദ്ധീകരിച്ചു. ഒരൊഴിവാണുണ്ടായിരുന്നത്. അതിലേക്ക് 2025 ജൂൺ 23-ന് ഒന്നാംറാങ്കുകാരന് നിയമനശുപാർശയും അയച്ചു. മൂല്യനിർണയത്തിൽ പരാതിയുള്ളവർ ഉത്തരക്കടലാസിന്റെ പകർപ്പിന് അപ്പോൾത്തന്നെ അപേക്ഷ നൽകിയെങ്കിലും ഒരു വർഷത്തോളമെടുത്താണ് പി.എസ്.സി. അതു നൽകിയത്. ശരിയായ രീതിയിൽ മൂല്യനിർണയംനടത്തി റാങ്ക്പട്ടിക പുനഃക്രമീകരിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
Content Highlights: Kerala PSC failed to evaluate multiple answers in the Industry and Infrastructure division exam., Candidates discovered the error after obtaining copies of their answer sheets via RTI., One candidate lost marks for 10 questions worth 58 points out of 100., The exam was held in 2023, with the rank list published in May 2025., Aggrieved candidates have approached the Kerala Administrative Tribunal for re-evaluation.
Published: 29 Jun 2026, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented